ചെറുതോണി : ഇടുക്കി വികസന അതോറിറ്റിയുടെ റോക്ക് ഗാര്ഡന് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെപദ്ധതി ആരംഭിച്ചിട്ടില്ല. ചെറുതോണി- കട്ടപ്പന റൂട്ടിലാണ് അമ്പതേക്കറോളം പ്രദേശത്ത് കൂറ്റന്‍ പാറക്കൂട്ടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ചണ്ഡിഗഢിലാണ് ഇന്ത്യയില്‍ ഇത്തരം റോക്ക് പാര്‍ക്ക് ആദ്യമായി ഉണ്ടായത്. അതേ മാതൃകയില്‍ പാര്‍ക്ക് നിര്‍മ്മിക്കാനായിരുന്നു ലക്ഷ്യം. പ്രകൃതി ദൃശ്യങ്ങളേയും വന്യജീവി ജലാശയങ്ങളേയും ഇടുക്കി പഴയ സാംസ്കാരിക സവിശേഷതകളെയും കുറിച്ച് പഠിക്കാനും ആസ്വദിക്കാനും ഉതകുന്നതായിരുന്നു ഇത്. പ്രകൃതീശ്വരിയുടെ എല്ലാ മനോഹാരിതകളും ഒത്തു ചേര്‍ന്ന കുറവന്‍ മലയില്‍ ഇടുക്കി ഡാമിനോട് ചേര്‍ന്ന് വികസന അതോറിറ്റിയുടെ കൈവശമുള്ള അന്‍പത് ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചത്. പല വലിപ്പത്തിലും, രൂപത്തിലുമുള്ള പാറക്കെട്ടുങ്ങളും പ്രകൃതിദത്തമായ ധാരാളം ഗുഹകളുമുള്ള ഈ സ്ഥലം എന്തു കൊണ്ടും റോക്ക് ഗാര്ഡന് അനുയോജ്യം തന്നെയാണ്. ഈ പദ്ധതി നടപ്പിലാക്കിയാല്‍ നാടന്‍ പാട്ടുകളുടെ മാത്രം കേട്ടറിവുള്ള കുറവന്റേയും കുറത്തിയുടേയും കഥയും ഇടുക്കി ഡാമിന്റെ ചരിത്രവും റോക്ക് ഗാര്‍ഡനിലൂടെ പുതുതലമുറയ്ക്ക് കൂടുതല്‍ അടുത്തറിയുവാന്‍ കഴിയുമായിരുന്നു. വനവാസികളായിരുന്ന മന്നാന്‍, ഊരാളി വിഭാഗക്കാരുടെ പഴയ ജീവിത രീതികളും ആധുനിക സാമൂഹിക ജീവിതം വരെ ക്രമത്തില്‍ പാറകളില്‍ കൊത്തി രൂപപ്പെടുത്തുവാനും പദ്ധതി ലക്ഷ്യം വച്ചിരുന്നു. പദ്ധതിക്കായി 5 കോടി രൂപയോളം മുതല്‍ മുടക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: