ഹരിപ്പാട്: കുരുന്നു മനസ്സുകളിലെ ശാസ്ത്ര ഭാവനയ്ക്ക് ചിറകുമുളച്ചപ്പോള്‍, വൈവിധ്യമാര്‍ന്ന ശാസ്ത്ര സാങ്കേതിക പ്രവണതകള്‍ക്ക് അരങ്ങൊരുങ്ങി
ഹരിപ്പാട് ഗേള്‍സ്, ബോയ്സ് സ്ക്കൂളുകളില്‍ നടന്ന ശാസ്ത്രപ്രദര്‍ശനം ഇന്‍സ്പെയര്‍-15 നൂതന കണ്ടുപിടുത്തങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന സങ്കീര്‍ണ്ണതകളെ ലഘൂകരിക്കാനുള്ള തത്വങ്ങള്‍ വരച്ചുകാട്ടുന്നവയായിരുന്നു. റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കി കേടായി കിടക്കുന്ന വാഹനത്തെ ഉയര്‍ത്തി നിര്‍ത്തി അതിനടിയിലൂടെ മറ്റ് വാഹനങ്ങളെ കടത്തി വിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ ട്രാഫിക് സംവിധാനം സുഗമമാക്കാനുള്ള യന്ത്രസംവിധാനങ്ങളുമായാണ് ആലപ്പുഴ എസ്ഡിവി ബോയ്സ് ഹൈസ്ക്കൂളിലെ എം.പി. അര്ജുന് ലാല്‍ എത്തിയത്.
റോഡുകളില്‍ ഇലക്ട്രോമാഗ്നറ്റ് ഫീല്‍ഡ് സ്ഥാപിച്ചുകൊണ്ട് വാഹനങ്ങളുടെ വേഗത ഓട്ടോമാറ്റിക് ആയി കുറച്ച് അപകടം ഒഴിവാക്കാമെന്ന് തുറവൂര്‍ വളമംഗലം എസ്സി എച്ച്എസ്എസ് സ്ക്കൂളിലെ ആര്. വിനായക് പറയുന്നു. റോഡുകളിലെ മുന്നറിയിപ്പുകളെ അവഗണിച്ച് വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കുന്നത് തടയുന്നതാണ് വിനായകിന്റെ കണ്ടുപിടുത്തം. കുറഞ്ഞ ചെലവില്‍ എല്ലാ വീടുകളിലും എയര്‍കണ്ടീഷണര്‍ സ്ഥാപിക്കാമെന്നാണ് ആലപ്പുഴ എസ്ഡിവി ഗേള്‍സ് സ്ക്കൂളിലെ ഫിയോണ പറയുന്നത്. ഒരു ഫാന്‍ വാങ്ങുന്ന ചെലവ് മാത്രമെ ഇതിനുള്ളു.
പഞ്ചായത്തുകളിലെ ഓരോ വാര്‍ഡിലും ഓരോ പ്ലാസ്റ്റിക് സംസ്ക്കാരണ ശാല സ്ഥാപിച്ച് കേരളം മാലിന്യവിമുക്തമാക്കാമെന്ന തോട്ടപ്പള്ളി നാലുചിറ ഗേള്‍സ് ഹൈസ്ക്കൂളിലെ യു. രമ്യ പറയുന്നു. മാഗ്ലെവ് ട്രെയിനിന്റെ മോഡലുമായാണ് പറവൂര്‍ എച്ച്എസിലെ ഹര്‍ഷ എത്തിയത്. റെയില്‍വേ പാളത്തിലും ട്രെയിനിന്റെ അടിയിലുമായി മാഗ്നറ്റ് ഘടിപ്പിച്ചുകൊണ്ട് മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാമെന്നാണ് ഹര്‍ഷ പറയുന്നത്.
സൗരോര്‍ജ്ജം ഉപയോഗിച്ചു ബോട്ട് ഓടിക്കാമെന്നാണ് കാവാലത്തുനിന്നും വന്ന സോമരാജിന്റെ കണ്ടുപിടുത്തം. ബോട്ടുകളില്‍ സ്റ്റോറേജ് സെല്‍ സ്ഥാപിച്ചാല്‍ രാത്രികാലങ്ങളിലും അവ ഓടിക്കാമെന്ന് സോമരാജ് പറയുന്നു. ഗ്രാമീണ തോടുകള്‍ക്ക് മുകളിലൂടെ പാലങ്ങള്‍ നിര്‍മ്മിച്ച് ജലഗതാഗതം തടസ്സപ്പെടാതിരിക്കാനുള്ള പോംവഴിയാണ് അധിന് നിര്‍ദ്ദേശിക്കുന്നത്. തലവടി ഹൈസ്ക്കൂളിലെ വിനയ മരുഭൂമിയെ എങ്ങനെ ആവാസ യോഗ്യമാക്കാമെന്ന് വെളിപ്പെടുത്തുന്നു.
ആഫ്രിക്കന്‍പോള, പായല്‍ ഉപയോഗിച്ചുള്ള ബയോഗ്യാസ് പ്ലാന്റ്, ലൈറ്റ് ഹൗസ്, ഇലക്ട്രോ മാഗ്നറ്റിക്ക് ക്രെയിന്‍, വികലാംഗര്‍ക്ക് ഓടിക്കാന്‍ പാകത്തില്‍ സെമി ഓട്ടോമാറ്റിക്ക് ക്ലച്ചുള്ള വാഹനം, സോളാര്‍ ബസ്സുകള്‍, വീടുകളില്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന വാര്‍ട്ടര്‍ ടാങ്കും ലൈറ്റുകളും, ഉണങ്ങിയ വസ്തുക്കളിലെ ജലാംശം കണ്ടുപിടിക്കുന്നതിനുള്ള ഉപകരണം തുടുങ്ങി നിരവധി കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശനത്തില്‍ കുട്ടികള്‍ ഒരുക്കിയിരുന്നു.
ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നായി 215 കുട്ടികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. കേന്ദ്രഗവണ്മെന്റ് ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഇന്‍സ്പെയര്‍ എക്സിബിഷന് സംഘടിപ്പിച്ചത്. പാലോട് ബോട്ടാണിക്കല്‍ ഗാര്ഡന് മേധാവി ഡോ. എ.എസ്. പ്രദീപ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദിരാമ്മ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: