ചെങ്ങന്നൂര്‍: നഗരമധ്യത്തിലെ ജൂവലറിയില്‍ മോഷണം. സ്വര്‍ണ്ണവും, പണവും ഉള്‍പ്പടെ മുക്കാല്‍ലക്ഷം രൂപയോളം മോഷ്ടാക്കള്‍ കവര്‍ന്നു. ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനിലെ പൂവത്തൂര്‍ ബില്‍ഡിംഗില്‍ സ്ഥിതിചെയ്യുന്ന പുലിയൂര് മാനസിയില്‍ മണിയപ്പന്റെ (മണി) ഉടമസ്ഥതയിലുള്ള തങ്കം ജൂവലറിയിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ മോഷണം നടന്നത്.
മോഷ്ടാക്കള്‍ ജൂവലറിയുടെ പിന്‍ഭാഗത്തെ ഭിത്തി തുരന്ന് അകത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും, ഉള്ളില്‍ കോണ്‍ക്രീറ്റായതിനാല്‍ നടന്നില്ല. പിന്നീട് മുകളിലെ ഓടുകള്‍ ഇളക്കിമാറ്റിയശേഷം താഴെയുള്ള ഗ്രില്ല് ഗ്യാസ് കട്ടര്‍ ഉപയോഗിച്ചും, പ്ലൈവുഡ് മച്ച് തകര്‍ത്തുമാണ് അകത്ത് കടന്നിരിക്കുന്നത്.
ലോക്കര്‍ തുറക്കാന്‍ മോഷ്ടാക്കള്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് ക്യാഷ് കൗണ്ടര്‍ കുത്തിത്തുറക്കുകയും, ഇതില്‍ സൂക്ഷിച്ചിരുന്ന മാലയും, വളയും ഉള്‍പ്പെടുന്ന മുപ്പത് ഗ്രാം പഴയസ്വര്‍ണ്ണാഭരണങ്ങളും, പതിനയ്യായിരം രൂപയും അപഹരിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രിയില്‍ സ്ഥാപനം അടച്ച് മടങ്ങിയ ഉടമ തിങ്കളാഴ്ച രാവിലെ തുറക്കാനെത്തുമ്പോഴാണ് മോഷണവിവരം അറിയുന്നത്. ചെങ്ങന്നൂര്‍ പോലീസില്‍ വിവരമറിയിക്കുകയും, എസ്ഐ: കെ.പി. ധനീഷിന്റെ നേതൃത്വത്തിലുളള പോലീസ് സംഘവും, ആലപ്പുഴയില്‍ നിന്നെത്തിയ ഡോഗ്സ്ക്വാഡും നടത്തിയ പരിശോധനയില്‍ ജൂവലറിയുടെ പിന്‍ഭാഗത്തെ പറമ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളില്‍ നിന്നും ഒഴിഞ്ഞ ഗ്യാസ് സിലണ്ടര്‍, ചാക്ക്, പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന തുണികള്‍, സ്ക്രൂഡ്രൈവര്‍, പ്ലയര്‍, മിനറല്‍ വാട്ടറിന്റെ കുപ്പികള്‍ എന്നിവയും കണ്ടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: