കൊച്ചി: ലോകത്തെ മുന്‍നിര വിനോദസഞ്ചാര നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ ആദ്യനഗരമായി കൊച്ചി ഇടം നേടി. ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ടൂറിസം സിറ്റീസ് ഫെഡറേഷന് (ഡബ്ല്യൂടിസിഎഫ്) കൗണ്‍സിലിലാണ് കൊച്ചിക്ക് അംഗത്വം ലഭിച്ചത്.
സംസ്ഥാന വിനോദ സഞ്ചാരവകുപ്പ് കൊച്ചിയുടെ ഡബ്ല്യുടിസിഎഫ് അംഗത്വത്തിന് അംഗീകാരം നല്കിയ രേഖകള്‍ മേയര്‍ ടോണി ചമ്മിണി ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലേ യുചെങ്ങിന് കൈമാറി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ടൂറിസം സെക്രട്ടറി ജി. കമലവര്‍ദ്ധന റാവു, ഡയറക്ടര്‍ പി.ഐ. ഷെയ്ക് പരീത്, ഐടിവ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്, മുന്‍ സെക്രട്ടറി ടി. ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
ആയോധനകല, ക്യുസീന്, സര്‍പ്പരൂപങ്ങള്‍, ഡ്രാഗണ്‍ ബോട്ട് മത്സരം എന്നിവയില്‍ സമാനതകളുള്ള കേരളവും ചൈനയും തമ്മില്‍ സാംസ്കാരിക, കായിക, വിനോദസഞ്ചാര മേഖലകളില്‍ സഹകരണത്തിനുള്ള സാധ്യതകള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് ചൈനീസ് സ്ഥാനപതി പറഞ്ഞു. കൂടുതല്‍ ചൈനീസ് വിനോദസഞ്ചാരികളെ കേരളത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണയേകാമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇരുരാജ്യങ്ങളിലേയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഗമം സംഘടിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിനോദസഞ്ചാരമേഖലയില്‍ എന്റര്ടെയ്ന്മെന്റ് സിറ്റി, ഓഷനേറിയം ഉള്‍പ്പെടെയുള്ള പ്രോജക്ടുകളില്‍ നിക്ഷേപം നടത്തുന്നതിന് ചൈനയ്ക്ക് താല്പര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ചൈനയില്‍ നിന്ന് കേരളത്തിലേയ്ക്ക് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്ന കേരളത്തിന്റെ അഭ്യര്‍ത്ഥനയോട് അനുകൂല പ്രതികരണം നടത്തി.
ലോകത്തിലെ വിവിധ ടൂറിസം നഗരങ്ങളുടേയും സ്ഥാപനങ്ങളുടേയും കൂട്ടായ്മയാണ് ലാഭരഹിത സര്‍ക്കാരേതിര സംഘടനയായ ഡബ്യുടിസിഎഫ്. വിനോദസഞ്ചാര നഗരങ്ങളെ ലക്ഷ്യമിട്ട് 2012 സെപ്തംബര്‍ 15 നാണ് പ്രഥമ അന്താരാഷ്ട്ര വിനോദസഞ്ചാര സ്ഥാപനമായ ഡബ്യുടിസിഎഫ് പ്രവര്‍ത്തനമാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: