കൊല്ലം: ദേവസ്വംബോര്‍ഡിന്റെ മേജര്‍ ക്ഷേത്രമായ ആനന്ദവല്ലീശ്വരം ക്ഷേത്രത്തിലെ നാലു ശതാബ്ദങ്ങളുടെ പഴക്കമുള്ള ശ്രീകൃഷ്ണന്റെ പഞ്ചലോഹ വിഗ്രഹം കവര്‍ന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പോലീസ് അന്വേഷണം ഇഴയുന്നു. വിഗ്രഹമോഷ്ടാക്കളെന്ന് കരുതുന്ന രണ്ട് യുവാക്കളുടെ വിവരം ശേഖരിക്കാന്‍ അന്വേഷണസംഘത്തിന് കഴിയാത്തതും മറ്റു തുമ്പുകളൊന്നും ലഭിക്കാത്തതും കേസ് തെളിയിക്കാനാകുമോ എന്ന സംശയം ഉയര്‍ത്തുന്നു. ഇതിനിടയില്‍ എഡിജിപി ജി.പത്മകുമാര്‍ അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥരും മന്ത്രി ഷിബുബേബിജോണും എംപി എന്‍.കെ.പ്രേമചന്ദ്രനും പി.കെ.ഗുരുദാസനുമെല്ലാം ക്ഷേത്രത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയതാണ്. വിഗ്രഹത്തിന്റെ രേഖാചിത്രം മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയും വിമാനത്താവളങ്ങളില്‍ നല്‍കിയും അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പോകുന്നത് തടയാന്‍ നടപടിയെടുത്തതായാണ് പോലീസിന്റെ അവകാശവാദം. കുപ്രസിദ്ധരായ വിഗ്രഹമോഷ്ടാക്കളെയും വാങ്ങലും വില്‍പ്പനയും നടത്തുന്ന ഏജന്റുമാരെയും ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിന് ശേഷം ക്ഷേത്രക്കുളം വറ്റിച്ച് തെളിവു ശേഖരിക്കാന്‍ നടത്തിയ ശ്രമവും പരിഹാസ്യമായി മാറിയിരുന്നു.
കഴിഞ്ഞ രണ്ടിന് രാവിലെ നിര്‍മ്മാല്യം കഴിഞ്ഞ് ക്ഷേത്രത്തിലെ മേല്‍ശാന്തി പ്രസാദം നല്കി മടങ്ങവേയാണ് ക്ഷേത്ര കോമ്പൗണ്ടിലെ ബാലാലായത്തില് പ്രതിഷ്ഠിച്ചിരുന്ന ശ്രീകൃഷ്ണ വിഗ്രഹം കാണാനില്ലെന്ന് ഭക്തര്‍ ശ്രദ്ധയില്‍പ്പെടുത്തിയത്. പുലര്‍ച്ചേ 5.40വരെ വിഗ്രഹത്തില്‍ ആരാധന നടത്തിയവരുണ്ട്. പൊടുന്നനെയാണ് വിഗ്രഹം കാണാതായത്. ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവെയായിരുന്നു മോഷണം. വിഗ്രഹത്തിന്റെ മൂല്യം അന്താരാഷ്ട്ര വിപണിയില്‍ അഞ്ച് കോടി വരെ വിലമതിക്കുമെന്നാണ് പുരാവസ്തുവിദഗ്ദര് നല്കുന്ന സൂചന. നാനൂറ് വര്‍ഷം പഴക്കമുള്ള മഹാവിഷ്ണു, ശ്രീകൃഷ്ണന്, ഭൂമിദേവി പ്രതിഷ്ഠകളുടെ ശ്രീകോവിലിന്റെ നിര്‍മ്മാണവും നടക്കുന്നതിനാലാണ് വിഗ്രഹങ്ങള്‍ ബാലാലയത്തിലേക്ക് മാറ്റിയത്.
കേരളത്തില്‍ വിലപിടിപ്പുള്ള വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളില്‍ സുരക്ഷയുടെ ഭാഗമായി സിസിടിവി ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആനന്ദവല്ലീശ്വരത്ത് ഇത്തരത്തില്‍ സംവിധാനമില്ലാത്തതാണ് തെളിവുപോലും ലഭിക്കാതാക്കിയതെന്ന് ആക്ഷേപമുണ്ട്. ഹിന്ദുസംഘടനകളുടെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും തുടര്‍ദിവസങ്ങളില്‍ നടന്നിരുന്നു. ക്ഷേത്രത്തിന്റെ സമ്പത്ത് കാത്തുസൂക്ഷിക്കാന്‍ സുരക്ഷാഭാഗമായി ഉടന്‍ കാമറ സ്ഥാപിക്കണമെന്നും മോഷ്ടാക്കളെ പിടികൂടി വിഗ്രഹം വീണ്ടെടുക്കണമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: