കൊല്ലം: പുരോഗമനത്തിന്റെയും ആധുനികതയുടെയും പേരില്‍ ജീവിതമൂല്യങ്ങളെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നതായി ഭാരതീയവിചാരകേന്ദ്രം ഓര്‍ഗനൈസിംഗ് സെക്രട്ടറി ക.ഭ.സുരേന്ദ്രന്.
കൊല്ലം ടിഎം വര്‍ഗീസ് ഹാളില്‍ സാപ്താഹിക് ശാഖയുടെ ഗുരുപൂജ മഹോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. താലിപൊട്ടിച്ചെറിയല്‍ സമരം, ചുംബനസമരം എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. ലോകത്തിന് തന്നെ പാതിവ്രത്യത്തിന്റെ ശക്തി തെളിയിച്ചുകൊടുത്ത നാടാണിത്. സീതയും സാവിത്രിയുമെല്ലാം ഉത്തമമാതൃകകളാണ്. ഈ സങ്കല്‍പ്പങ്ങളെ ഇല്ലാതാക്കി അരാചകത്വം വളര്‍ത്തുന്നതാണ് ഇത്തരം സമരങ്ങള്‍. ചുംബനസമരമെന്നത് സ്വതന്ത്ര്യസമരമായി അവതരിപ്പിക്കുകയാണ്. വിദ്യാഭ്യാസം നേടിവരാണ് ഇക്കൂട്ടത്തിലുള്ളതെന്നതാണ് മറ്റൊരു വസ്തുത. മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യനുള്ള സംവേദനമെന്ന കഴിവുപോലും രാക്ഷസീയതയിലേക്ക് വഴിമാറുകയാണ് ഇതിലൂടെ. പ്രകൃതിക്ക് വിരുദ്ധമായി നീങ്ങുന്നത് വികൃതിയാണ്. മനുഷ്യനെ അധപതിപ്പിച്ച് മൃഗങ്ങളെക്കാള്‍ താഴെ ജീവിക്കാനാകുമെന്നതിന് തെളിവായിരിക്കുകയാണ് ഇത്തരം സമരമുറകള്‍. അപകടത്തില്‍പെട്ട് രക്തം വാര്‍ന്ന് റോഡില്‍ കിടക്കുന്നവരെ ആശുപത്രിയിലെത്തിക്കാതെ അവരുടെ ദൈന്യത മൊബൈലില്‍ ചിത്രീകരിക്കുന്ന നവസമൂഹം രാക്ഷസീയതയുടെ തെളിവാണ്. മൃഗങ്ങള്‍ പോലും ഇത്തരം പ്രവൃത്തി കാണിക്കില്ല. വിദ്യാഭ്യാസത്തിന്റെ പരാജയമാണത്. ആധുനികവിദ്യാഭ്യാസം മനുഷ്യനെ മനുഷ്യനാക്കിമാറ്റാന്‍ പര്യാപ്തമല്ല. വിജ്ഞാനത്തിന്റെയും ബുദ്ധിയുടെയും വികാസം മാത്രമല്ല മാനുഷികതയുടെ മൂല്യങ്ങള്‍ കൂടി പകര്‍ന്നു നല്‍കുന്നതാണ് ശരിയായ വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രപരമായ വിഡ്ഡിത്തങ്ങളാണ് പുതിയ തലമുറയെ ആധുനിക വിദ്യാഭ്യാസപദ്ധതിയിലൂടെ പഠിപ്പിക്കുന്നത്. സ്വതന്ത്ര്യസമരം 1857ല്‍ തുടങ്ങി എന്നത് ശുദ്ധ അസംബന്ധമാണ്. ബ്രിട്ടീഷുകാര്‍ ‘രണം തുടങ്ങി അഞ്ചു വര്‍ഷത്തിനുള്ളില്‍ അതായത് 1762ല്‍ ആദ്യത്തെ സ്വതന്ത്ര്യസമരം അരങ്ങേറിയിരുന്നു. ഇതുപോലെ തന്നെ അസംബന്ധമാണ് കമ്യൂണിസ്റ്റുകാരാണ് തൊഴില്‍സമരം ആരംഭിച്ചതെന്ന വാദം.
മഹാത്മാ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ തിരുവിതാംകൂറിലാണ് ആദ്യത്തെ തഴില്സമരം നടന്നത്. ഈ വസ്തുത എത്രപേര്‍ക്ക് വിദ്യാഭ്യാസത്തിലൂടെ അറിയാമെന്നത് പരിശോധിക്കണം. അശോകന്റെ കാലത്ത് 50 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ പരന്നുകിടന്ന സാമ്രാജ്യമായിരുന്ന ഭാരതത്തെ ബ്രിട്ടന് എന്ന ചെറുരാജ്യം എങ്ങനെയാണ് അടിമയാക്കിയതെന്ന് ചിന്തിച്ചാല്‍ നമ്മുടെ അറിവില്ലായ്മയാണ് കാരണമെന്ന് മനസിലാകും. സംസ്കാരത്തിന്റെ വീണ്ടെടുപ്പാണ് സമാജത്തിന് ഇന്നാവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ.എന്‍.പ്രതാപ്കുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: