പത്തനാപുരം: വനവിഭവമായ മൂട്ടിപ്പഴത്തിന് മലയോരവിപണിയില് വന്‍ഡിമാന്റ്. ചവര്‍പ്പുള്ള മൂട്ടിപഴത്തിന് വിപണിയില്‍ മാധുര്യമേറുന്നത് അതിശയത്തോടെയാണ് പഴവിപണി ഉറ്റുനോക്കുന്നത്. പശ്ചിമഘട്ട മലനിരകളെ സമ്പുഷ്ടമാക്കുന്ന മൂട്ടിപഴം അടുത്തകാലത്താണ് വിപണിയിലെത്തുന്നത്. കേരളത്തിലെ വനമേഖലയില്‍ അപൂര്‍വമായി കാണപ്പെടുന്ന പഴവര്‍ഗമാണ് മൂട്ടിപഴം. മൂട്ടിപുളി, മൂട്ടികായ്പന്‍, കുന്തപഴം എന്നീ പേരുകളിലാണ് പ്രാദേശികമായി ഇതറിയപ്പെടുന്നത്. വേനല്‍കാലത്ത് പൂവിടുന്ന മൂട്ടിമരം കാലവര്‍ഷത്തോടെയാണ് കായ്ക്കുന്നത്.
മരത്തിന്റെ തായ്തടിയില്‍ മാത്രമാണ് കായ്കള്‍ ഉണ്ടാകുക. ജൂണ്‍-ജൂലൈ മാസത്തിലാണ് ഫലം പാകമാകുന്നത്. പശ്ചിമഘട്ടത്തിലെ തനത് സ്പീഷ്യസില്‍പെട്ട ഫലവൃക്ഷമാണ് മൂട്ടിമരം. ബക്കൗറിയ കോറിട്ടിലെന്‍സിസ് എന്ന ശാസ്ത്രീയനാമത്തിലാണ് ഈ ഫലം അറിയപ്പെടുന്നത്.
ഒരു കാലത്ത് ആദിവാസികള്‍ മാത്രം ഉപയോഗിച്ചിരുന്ന ഫലം സാധാരണക്കാര്‍ക്ക് ലഭിച്ചു തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല. കട്ടിയുള്ള പുറംതൊലിയും അകത്ത് വിത്തോട് കൂടിയ ഫലവുമാണുള്ളത്. വിത്തിനു ചുറ്റുമുള്ള മാംസളമായ ഭാഗമാണ് പ്രധാനമായും ഭക്ഷിക്കുന്നത്. ഇതിന്റെ തോട് അച്ചാര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നു. പഴം അധികവും മരത്തിന്റെ ചുവട്ടിലാണ് ഉണ്ടാകുന്നത്. ഇതിലാണത്രെ മൂട്ടിപഴം എന്ന പേര് ലഭിച്ചത്. മലയണ്ണാന്, കരടി എന്നിവയുടെ ഇഷ്ടവിഭവമാണ് മൂട്ടിപഴം. വിപണിയില്‍ 100 മുതല്‍ 150 വരെയാണ് വില. ജലാംശം കൂടുതല്‍ ഉള്ളതിനാല്‍ വിറ്റാമിന്‍, പ്രോട്ടീന്‍ എന്നിവ ഫലങ്ങളില്‍ വളരെയധികമുണ്ട്. ദക്ഷിണേന്ത്യയിലെ നിത്യഹരിതവനങ്ങളില്‍ മാത്രമാണ് മൂട്ടിമരം ഉണ്ടാകാറുള്ളത്. മൂട്ടിപഴത്തിന് ആവശ്യക്കാര്‍ എറെയാണെന്ന് വ്യാപാരികള്‍ പറയുന്നു. വനവിഭവത്തിന്റെ രുചി തേടി മറ്റ് ജില്ലകളില്‍ നിന്നു വരെ ആളുകള്‍ കിഴക്കന്‍ മേഖലയിലേക്ക് എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: