ശിവാ കൈലാസ്
വിളപ്പില്‍ശാല: വിധവകളും രോഗികളും വൃദ്ധരുമടക്കം നൂറുകണക്കിനു അഗതികള്‍ വിളപ്പില്‍ പഞ്ചായത്തില്‍ ക്ഷേമപെന്ഷന് കിട്ടാതെ നരകയാതന അനുഭവിക്കുന്നു. സര്‍ക്കാര്‍ സമ്പൂര്‍ണ പെന്ഷന് പദ്ധതിയെ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റിയതോടെയാണ് വിളപ്പിലിലെ നൂറുകണക്കിനു ഗുണഭോക്താക്കള്‍ക്ക് പെന്ഷന് മുടങ്ങിയത്. വാര്‍ദ്ധക്യകാല പെന്ഷന് കിട്ടാതായിട്ട് പതിനൊന്നുമാസം കഴിഞ്ഞു. വിധവകള്‍, വികലാംഗര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയവരുടെയും അവസ്ഥയും വ്യത്യസ്തമല്ല.
കളക്ടറേറ്റില്‍ നിന്ന് അനുവദിക്കുന്ന പെന്ഷന് പഞ്ചായത്തുകള്‍, പോസ്റ്റോഫീസുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ വഴി വിതരണം ചെയ്യുകയായിരുന്നു പതിവ്. 2014-ല്‍ സര്‍ക്കാര്‍ ജില്ലയില്‍ ക്ഷേമപെന്‍ഷനുകളുടെ വിതരണം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാക്കി. നിലവില്‍ പെന്ഷന് വാങ്ങുന്നവരുടെയും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടവരുടെയും വിവരശേഖരണവും നടത്തി. വിളപ്പില്‍ പഞ്ചായത്തില്‍ ആദ്യഘട്ടത്തില്‍ നല്കിയ പലരുടെയും അപേക്ഷകള്‍ കളക്ടറേറ്റില്‍ നിരസിച്ചു. പഞ്ചായത്തംഗങ്ങള്‍ അവരവരുടെ വാര്‍ഡില്‍ ഓടിനടന്ന് ഗുണഭോക്താക്കളുടെ രേഖകള്‍ ശേഖരിച്ച് അയച്ചുകൊടുത്തെങ്കിലും ഫലമുണ്ടായില്ല.രണ്ടു മാസം മുന്‍പ് ഒരു മാസത്തെ കുടിശിക മിക്ക പഞ്ചായത്തുകളിലും വിതരണം ചെയ്തപ്പോഴും വിളപ്പിലിലെ ഒരുകൂട്ടം വൃദ്ധര്‍ പട്ടികയില്‍ നിന്നു പുറത്തായി. മരുന്നു വാങ്ങാനും നിത്യചെലവുകള്‍ക്കും നേരിയ ആശ്വാസമായി ലഭിച്ചുകൊണ്ടിരുന്ന പെന്ഷന് മുടങ്ങിയതോടെ പലരും പഞ്ചായത്തുപടിക്കല്‍ വന്ന് കണ്ണീരൊഴുക്കിയാണു മടങ്ങുന്നത്. വിളപ്പില്‍ പഞ്ചായത്തിലെ രണ്ടാംഘട്ട അപേക്ഷകരില്‍ പകുതിയിലേറെപ്പേരുടെയും രേഖകള്‍ അപൂര്‍ണമെന്ന് കളക്ടറേറ്റില്‍നിന്ന് അറിയിപ്പുവന്നിട്ടും പഞ്ചായത്ത് അധികൃതര്‍ മൗനം പാലിക്കുകയണ്.
ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ട് വഴി ലിങ്ക്ചെയ്ത പെന്ഷന് ഉപഭോക്താക്കള്‍ക്കും ഓണ്‍ലൈന്‍ വഴി പെന്ഷന് കിട്ടാതായതോടെ ഇനി എന്തുചെയ്യണമെന്നറിയാതെ വിലപിക്കുകയാണ്. ഓണത്തോടനുബന്ധിച്ച് മൂന്ന് മാസത്തെ കുടിശിക നല്കാന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. എന്നാല്‍ വിളപ്പിലിലെ 120 വാര്‍ദ്ധക്യ പെന്‍ഷന്‍കാര്‍ക്കും ആയിരത്തോളം പുതിയ അപേക്ഷകര്‍ക്കും ഈ ആനുകൂല്യം കിട്ടുമെന്നുറപ്പില്ല. 60 വയസു കഴിഞ്ഞ ആയിരങ്ങള്‍ പെന്ഷന് കിട്ടാതെ കണ്ണീരൊഴുക്കുമ്പോള്‍ സമ്പൂര്‍ണ പെന്ഷന് പദ്ധതി നടപ്പിലാക്കിയെന്ന് മേനി പറയുകയാണു സര്‍ക്കാര്‍. പെന്ഷന് എന്നു കിട്ടുമെന്നറിയാന്‍ പഞ്ചായത്തിലെത്തുന്ന പാവങ്ങളെ ജീവനക്കാര്‍ പരിഹസിച്ച് തിരിച്ചയയ്ക്കുന്നതായും ആക്ഷേപമുണ്ട്.
നൂലിയോട്, വിളപ്പില്‍ശാല, പേയാട്, കാവിന്‍പുറം വാര്‍ഡുകളിലെ അറുപതോളം ക്ഷേമപെന്ഷകാര് മുഖ്യമന്ത്രിക്ക് പരാതിനല്‍കുവാന്‍ ഇന്നലെ മുതല്‍ ഒപ്പുശേഖരണം തുടങ്ങിയിട്ടുണ്ട്. പെന്ഷന് കിട്ടിയിട്ട് കൊടുക്കാമെന്നു പറഞ്ഞ് പലരില്‍നിന്നും കടം വാങ്ങി ചെലവുകഴിച്ചവര് കടക്കാരെ ഭയന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ്. 600 മുതല്‍1000 രൂപവരെ മാത്രം ക്ഷേമപെന്ഷന് നല്കുന്ന അഗതികള്ക്കുപോലും കൃത്യമായി പെന്ഷന് നല്‍കാതെ വലയ്ക്കുകയാണു സര്‍ക്കാര്‍. ഓണ്‍ലൈനില്‍ കുടുങ്ങി കിടക്കുന്ന പെന്ഷന് കുടിശിക കിട്ടിയില്ലെങ്കില്‍ ഇക്കുറിയും ഓണത്തിനു കണ്ണീര് കുടിക്കാനാവും ഇവരുടെ വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: