അടിമാലി : വീടിന് സമീപത്തെ കുളത്തില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് അഞ്ചര വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങും എത്തിയില്ല. ഉന്നതരുടെ ഇടപെടലിനൊടുവില്‍ പോലീസിന്റെ അന്വേഷണം പ്രഹസനമായി മാറി. 2010 മാര്‍ച്ച് 17നാണ് അടിമാലി മന്നാംകാല അ മ്പാട്ട് സാബുവിന്റെ ഭാര്യ തുഷാരയെ കമ്പിളികണ്ടത്തുള്ള കുടുംബവീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാല് വഴുതി വീണ് മരിച്ചെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഇതില്‍ മുങ്ങിമരണമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ പോലീസ് അന്വേഷണത്തില്‍ വന്നതോടെ അന്വേഷണം അട്ടിമറിക്കുകയാണെന്ന് കാട്ടി ബന്ധുക്കള്‍ മേലുദ്ധ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. ആര്‍ഡിഒയ്ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ഉത്തരവായി. 2010 ജൂണില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൂഴ്ത്തുന്നതിനുള്ള ശ്രമം നടന്നു. മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടതിനെത്തുടര്‍ന്ന് നടത്തിയ ആന്തരികാവയവ സാമ്പിള്‍ പരിശോധനയില്‍ കാര്‍ബോഫൂറാന്‍ എന്ന വിഷപദാര്‍ത്ഥമാണ് മരണകാരണം എന്നു കണ്ടെത്തിയിരുന്നു. വീണ്ടും പുനരന്വേഷണത്തിന് ഉത്തരവായെങ്കിലും രേഖകള്‍ യഥാസമയം ലഭിക്കുന്നില്ലെന്നതായിരുന്നു ആക്ഷേപം. ഇതിനിടെ മരണസ്ഥലം സംബന്ധിച്ചും മനഃപൂര്‍വ്വം അവ്യക്തത ഉണ്ടാക്കുവാനുള്ള ശ്രമവും നടന്നു. 2010 ഏപ്രില്‍ 4ന് വെള്ളത്തൂവല്‍ സബ് ഇന്‍സ്പെക്ടര്‍ നല്കിയ കത്തില്‍ മരണം നടന്നത് അടിമാലി താലൂക്ക് ആശുപത്രിയില്‍ വച്ചാണെന്നും, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അന്നത്തെ സിഐ നല്കിയ വിവരാവകാശ രേഖയില്‍ മരണം കമ്പിളികണ്ടത്ത് വച്ചാണെന്നും റിപ്പോര്‍ട്ടുകള്‍ നല്കി പ്രതിസന്ധിയുണ്ടാക്കി.വെള്ളത്തൂവല്‍ എസ്ഐ നല്കിയ കത്തില്‍ വിലാസം വച്ചിട്ടുള്ളത് ശാന്തമ്പാറ പോലീസ് സ്റ്റേഷന് എന്നുമാണ്. ഇതില്‍നിന്നുതന്നെ അന്വേഷണത്തില്‍ ആസൂത്രിതമായി ഗുരുതരമായ വീഴ്ച േപാലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. തുഷാരയുടെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ ആദ്യ ഘട്ടം മുതല്‍ ഉന്നത രാഷ്ട്രീയ സ്വാധീനത്തിന്റെ പേരില്‍ അന്വേഷണം അട്ടിമറിച്ചുകൊണ്ടിരിക്കുകയാണെന്ന ബന്ധുക്കളുടെ ആരോപണം ശരിവയ്ക്കുന്നതാണ് ഈ സംഭവങ്ങള്‍. ഹൈക്കോടതി ഇടപെട്ടതിനെത്തുടര്‍ന്ന് ജില്ലാ പോലീസ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നാളുകള്‍ കഴിഞ്ഞിട്ടും രേഖകള്‍ ഇതുവരെ ഹാജരാക്കാന്‍ വേണ്ട നടപടികള്‍ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനിടെ തുഷാര മനസിക രോഗത്തിന് അടിമയായിരുന്നുവെന്നും റിപ്പോര്‍ട്ട് പോലീസ് രേഖയില്‍ ഉള്ളതായും ബന്ധുക്കള്‍ ആരോപിക്കുന്നു. വിവാഹശേഷം 7 വര്‍ഷം പൂര്‍ത്തിയാകാത്ത സ്ത്രീകള്‍ മരിച്ചാല്‍ പോലീസ് സര്‍ജ്ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന നിയമവും പാലിക്കപ്പെട്ടില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ 17ന് തുഷാര മരിച്ചിട്ട് അഞ്ചര വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ദുരൂഹത നീക്കി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കാത്ത നിസ്സഹായാവസ്ഥയിലാണ് സാബുവും കുടുംബവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: