നിരണം: പൊതുമേഖലാ സ്ഥാപനമായ പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് കൊണ്ടുവന്ന ഒരു ലോഡ് സ്പിരിറ്റ് കാണാതായി. ഇത് 20,000 ലിറ്റര്‍ വരും. ഇതിന്റെ വിപണി വിലയാകട്ടെ ഏകദേശം 40 ലക്ഷം രുപ വരും. കാണാതായ സ്പിരിറ്റ് ഓണ വിപണി ലക്ഷ്യമാക്കി മറിച്ച് വിറ്റതാകാന് സാധ്യതയുണ്ട്.
മഹാരാഷ്ട്രയില്‍ നിന്നും ട്രാവന്‍കൂര്‍ കെമിക്കല്‍സിലേക്ക് കൊണ്ടുവരേണ്ട ഒരു ലക്ഷം ലിറ്റര്‍ സ്പിരിറ്റില്‍ 80,000 ലിറ്റര്‍ മാത്രമാണ് കമ്പനിയില്‍ എത്തിയത്. കമ്പനിയിലേക്ക് സ്പിരിറ്റ് എത്തിക്കുന്നതിനും വേണ്ടി നല്കിയ പെര്‍മിറ്റുകളില്‍ ഒന്നു കളവ് പോയതായി കരാറുകാരന് വെളിപ്പെടുത്തിയിരിക്കുന്നത് ദുരൂഹത സൃഷ്ടിക്കുന്നു. ഒരു ലക്ഷം ലിറ്റര്‍ സ്പിരിറ്റ് വാങ്ങാന്‍ തിരുവനന്തപുരം എക്സൈസ് കമ്മീഷണര്‍ പെര്‍മിറ്റും എന്‍ഒസിയും നല്‍കിയിരുന്നു.
കൊച്ചിന് അഞ്ജനട്രേഡേഴ്സിനാണ് പെര്‍മിറ്റ് നല്‍കിയത്.ജൂലൈ മാസം അവസാസത്തോടെ നാലുലോഡുകളിലായി 80,000 ലിറ്റര്‍ സ്പിരിറ്റ് കമ്പനിയില്‍ എത്തിച്ചു. ബാക്കി 20,000 ലിറ്റര്‍ എത്തിക്കാനുള്ള പെര്‍മിറ്റ് കളവ് പോയതായി കരാറുകാരന് കമ്പനിയെ അറിയിച്ചു.ഈ 20,000 ലിറ്റര്‍ വ്യാജ മദ്യവില്‍പ്പനക്കായി മറിച്ചുവിറ്റതാണെന്നു സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: