കളമശ്ശേരി: രാമായണത്തെ കൂടുതലായി പുതുതലമുറയെ പഠിപ്പിക്കണമെന്ന് പ്രൊഫ. വി.ടി. രമ പറഞ്ഞു. തേവയ്ക്കല്‍ മുക്കോട്ടില്‍ ക്ഷേത്രത്തില്‍ നടന്നുവരുന്ന 5-ാമത് അഖിലഭാരത രാമായണസത്രത്തിന്റെ നാലാം ദിവസത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു മാതൃസമിതി സംസ്ഥാന അധ്യക്ഷ പ്രൊഫ. വി.ടി. രമ.
മന്വന്തരങ്ങളായി രാമായണസംസ്കാരം നിലനില്ക്കുന്നതുകൊണ്ടാണ് ഭാരതത്തിലെ സാംസ്കാരിക തലം സ്വഛന്ദമായി തുടര്‍ന്നുപോരുന്നത്. ആദിമഗ്രന്ഥമായ രാമായണത്തിന്റെ സ്വാധീന അന്തരീക്ഷം ഒട്ടനവധി മഹദ്ഗ്രന്ഥങ്ങള്ക്ക് കാരണമാകുകയും രാഷ്ട്രചേതനയെ സജീവമായി നിലനിര്‍ത്തി സാംസ്കാരിക പൈതൃകത്തെ പരിപോഷിപ്പിക്കുന്നതിന് കാരണഭൂതമാകുകയും ചെയ്തു. മാനവജീവിതത്തെ ദൈവീകോന്മുഖമാക്കുന്ന ഉദ്ബോധനം നിറഞ്ഞുനില്ക്കുന്ന അനുഭവ പാഠങ്ങളാണ് രാമായണത്തിലുടനീളം നമുക്ക് കാണാനാവുക. നേര്‍സാക്ഷ്യങ്ങളാണ് രാമായണത്തിലെ അനുഭവങ്ങള്‍. രാമായണാനുഭവങ്ങളിലൂടെ ജീവിതത്തെ ക്രമമായി ചിട്ടപ്പെടുത്തി ഭക്തി അഥവാ ജ്ഞാനവും വൈരാഗ്യവും സഹജസ്വഭാവമാക്കാം. രാമായണത്തിലധിഷ്ഠിതമായ ദിശാബോധം പുതുതലമുറക്കു പകര്ന്നുനല്കുന്നതില് അമ്മമാര്‍ക്കു പറ്റിയ അമാന്തം സ്ത്രീസമൂഹത്തിലെ ജീവിതദുരന്തങ്ങള്‍ക്ക് ഏറെ കാരണമായി. രാമായണത്തെ കൂടുതലായി അറിഞ്ഞു നമ്മുഴട പുതുതലമുറയെ പഠിപ്പിക്കണം. അവരില്‍ മൂല്യബോധവും ജ്ഞാനധര്മ്മാദികളോടുള്ള വിധേയത്വവും ഊട്ടിയുറപ്പിക്കാന്‍ അമ്മമാര്‍ ശ്രമിക്കണമെന്നും ടീച്ചര്‍ ഉദ്ബോധിപ്പിച്ചു. സത്രത്തിന്റെ സമാപനദിവസമായ നാളെ ഉച്ചകഴിഞ്ഞ് 2ന് സമാപനസമ്മേളനം കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. സിനിമാ സംവിധായകന് മേജര്‍ രവി വിശിഷ്ടാതിഥിയായ സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: