ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവം ഇന്ന് പുന്നമട കായലില്‍ അരങ്ങേറും, സുരക്ഷയ്ക്കായി രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു കഴിഞ്ഞു. പുന്നമടയെയും പരിസര പ്രദേശങ്ങളെയും 14 മേഖലകളായി തിരിച്ച്, 21 ഡിവൈഎസ്പിമാര്‍, 35 സിഐമാര്‍, 300 എസ്ഐമാര്‍ എന്നിവരുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.
പുന്നമടക്കായലില്‍ 40 ബോട്ടുകളിലായി പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. വള്ളംകളി ദിവസം നഗരം പൂര്‍ണമായും സിസി ടിവി ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും. മല്‍സര സമയത്തു മല്‍സരിക്കുന്ന വള്ളങ്ങള്‍ക്കു മാത്രമായിരിക്കും ട്രാക്കില്‍ പ്രവേശനം. മത്സര വള്ളങ്ങള്‍ക്കു മാത്രം പ്രവേശിക്കാന്‍ കഴിയുന്ന രീതിയില്‍ ഡോക്കുചിറയുടെ വടക്കുഭാഗത്തു ബാരിക്കേഡ് നിര്‍മിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലേതുപോലെ, നിയന്ത്രണമില്ലാതെ സ്വകാര്യബോട്ടുകളും വള്ളങ്ങളും മല്‍സര വേദിയിലേക്കു കടക്കുന്നതു തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. ട്രാക്കില്‍ അതിക്രമിച്ചു കയറുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.
കായലില്‍ ചാടി മല്‍സരം തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരെയും മല്‍സര വള്ളങ്ങള്‍ക്കുനേരേ കുപ്പി, കല്ല് എന്നിവ എറിയുന്നവരെയും ഉടന്‍ അറസ്റ്റ് ചെയ്തു നീക്കും. ജനത്തിരക്കേറുന്ന സമയത്തു പോക്കറ്റടി, മാലമോഷണം എന്നിവയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ഷാഡോ പോലീസ്, സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. വള്ളംകളിയുടെ നിയമാവലി അനുസരിക്കാത്ത വള്ളങ്ങളെയും തുഴ ച്ചില്ക്കാരെയും കണ്ടെത്തുന്നതിനു കായലോരത്തു പ്രത്യേകം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വള്ളംകളി കാണാനെത്തുന്നവര്‍ രാവിലെ 10നു മുന്‍പു സ്ഥലത്തെത്തണം. പ്രവേശന പാസില്ലാതെ ആരെയും പുന്നമട ഭാഗത്തേക്കു കടത്തിവിടില്ല. രാവിലെ എട്ടിനു ശേഷം സ്വകാര്യ ബോട്ടുകള്‍ മത്സര ട്രാക്കില്‍ പ്രവേശിക്കാന്‍ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: