തിരുവനന്തപുരം: അവയവദാനത്തില്‍ മുഴുവന്‍ വിദ്യാര്‍ഥി സമൂഹത്തിനും മാതൃകയായി തിരുവനന്തപുരത്തെ ഒരു പെണ്‍പള്ളിക്കൂടം. മണക്കാട് കാര്‍ത്തികതിരുനാള്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനികളാണ് അവയവദാന സമ്മതപത്രം നല്കി വിദ്യാര്‍ഥിസമൂഹത്തിന് മാതൃകയായത്. മസ്തിഷ്കമരണം സംഭവിച്ച അഡ്വ നീലകണ്ഠശര്‍മയുടെയും മൂന്നുവയസുകാരി അഞ്ജനയുടെയും അവയവങ്ങള്‍ നിരവധിപേര്‍ക്ക് പുതിജീവനേകിയതില് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ സ്കൂളിലെ 562 വിദ്യര്‍ഥിനികള്‍ അവയവദാനസമ്മതപത്രം സമര്‍പ്പിച്ചത്. സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് സമ്മതപത്രം ഐഎംഎക്ക് കൈമാറിയത്. ഇന്നലെ ഉച്ചയ്ക്ക് സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് രാജുകുമാര്‍ സമ്മതപത്രം ഐഎംഎയുടെ അവയവദാനവിഭാഗം കണ്‍വീനര്‍ ഡോ വാസുദേവന്‍നായര്‍ക്ക് കൈമാറി.
അവയവ മാറ്റത്തിന് ദൂരം പ്രശ്നമല്ലെന്ന് ഈയിടെ നടന്ന സംഭവങ്ങള്‍ തെളിയിച്ചതായി ഡോ വാസുദേവന്‍നായര്‍ പറഞ്ഞു.
വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കിയാല്‍ ഇനിയും പലരുടെയും ജീവന് രക്ഷിക്കാനാകും. ഐഎംഎക്ക് ബോധവത്കരണ ശക്തിമാത്രമാകാനേ കഴിയൂ. സമൂഹം പ്രത്യേകിച്ചും യുവജനങ്ങള്‍ ബോധവത്കരണത്തിന് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വൃക്കദാനം ചെയ്ത ഒരു രക്ഷാകര്‍ത്താവ് ബിന്ദുവിനെ ആദരിച്ചു. വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ ജോട്ടില ജോയ്സ്, കുര്യാത്തി വാര്‍ഡ്കൗണ്‍സിലര്‍ മോഹനന്‍നായര്‍, ഹയര്സെക്കന്ഡറിസ്കൂള് പ്രിന്‍സിപ്പാള്‍ സതീഷ് ചന്ദ്രന്, ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് രാജശേഖരന്‍നായര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ.ജി. ഇന്ദു എന്നിവര്‍ സംസാരിച്ചു. ഡോ വാസുദേവന്‍നായര്‍ കുട്ടികള്‍ക്ക് അവയവദാനം സംബന്ധിച്ച ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: