ആലുവ: നിര്‍ദ്ധനരായ സ്ത്രീകളെ കബളിപ്പിച്ച തട്ടിപ്പ് നടത്തിയ തിരുവനന്തപുരം സ്വദേശി പിടിയില്‍. തിരുവനന്തപുരം വല്ലങ്കോട് കല്ലിയൂര്‍ വില്ലേജ് ഉണ്ണി നിവാസില്‍ ഗിരിജാ രാജന് (45)ആണ് പേരാമംഗലം പോലീസിന്റെ പിടിയിലായത്. തൃശൂര്‍ പേരാമംഗലത്തും പ്രതി സമാനമായ തട്ടിപ്പ് നടത്തിയിരുന്നു. ആലുവയില്‍ തട്ടിപ്പിനിരയായ വൃദ്ധ തൃശൂരിലെ ജയിലിലെത്തി പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ആലുവ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. എടത്തല മലേപ്പിള്ളി സ്വദേശിനി ഐഷാബി (70)യാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആശുപത്രികളിലും ബസ് സ്റ്റാന്റുകളിലും തനിച്ച് നില്ക്കുന്ന വൃദ്ധരായ സ്ത്രീകളെ സമീപിച്ച് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കി തരാമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. സഹായത്തിന് അപേക്ഷയോടൊപ്പം ഫോട്ടോ വേണമെന്ന് ധരിപ്പിച്ച് സ്റ്റുഡിയോയില്‍ എത്തിക്കും. ഫോട്ടോയില്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായാല്‍ അപേക്ഷ നിരസിക്കുമെന്ന് പറഞ്ഞ് ആഭരണങ്ങള്‍ ഊരിവാങ്ങിയ ശേഷം മുങ്ങുകയോ മുക്കുപണ്ടം പകരമായി നല്‍കുകയോ ചെയ്യും. ഇത്തരത്തില്‍ നിരവധി കേസുകള്‍ തൃശൂര്‍, കൊച്ചി സിറ്റി, തിരുവനന്തപുരം ജില്ലകളിലായി ഇവര്‍ക്കെതിരെയുണ്ട്.
ആലുവ പമ്പ് കവലയില്‍ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കാമെന്ന വ്യാജേനയാണ് ഇവര്‍ ഐഷാബിയുമായി കൂടിയത്. ഇതിനിടയില്‍ വീട്ടുവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ പ്രതി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് മുനിസിപ്പല്‍ ഓഫീസിന് മുമ്പിലെത്തിച്ചു. അപേക്ഷ തന്റെ കൈവശമുണ്ടെന്നും സ്റ്റാമ്പ് ആവശ്യമാണെന്നും തെറ്റ്ദ്ധരിപ്പിച്ച് ഐഷാബിയെ സ്റ്റാമ്പ് വാങ്ങാന്‍ വിട്ടു. തിരികെ മുനിസിപ്പാലിറ്റിയില്‍ എത്തുമ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടാല്‍ സഹായം ലഭിക്കില്ലെന്ന് പറഞ്ഞ് ആറ് പവന് തൂക്കമുള്ള സ്വര്‍ണമാല ഇതിനിടെ കൈക്കലാക്കിയിരുന്നു. ഐഷാബി സ്റ്റാമ്പുമായെത്തിയപ്പോള് പ്രതിയെ കാണാതായപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. ഇതേതുടര്‍ന്ന് ആലുവ പോലീസില്‍ നല്കിയ പരാതിയില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പി.എ. ഫൈസലിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പേരാമംഗലത്ത് പിടിയിലായത്. കബളിപ്പിക്കല്‍ കേസില്‍ ജയിലിലായിരുന്ന പ്രതി അടുത്തിയെടാണ് പുറത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: