കൊച്ചി: അര്‍ബുദബാധയെ തുടര്‍ന്ന് ശ്വാസകോശം നീക്കിയ രോഗിയുടെ ശ്വാസകോശനാളിക്ക് സംഭവിച്ച ദ്വാരം കിംസ് ആശുപത്രിയില്‍ കാര്‍ഡിയോ തോറാസിക്ക് സര്ജന് ഡോ. നാസര്‍ യൂസഫിന്റെ നേതൃത്വത്തില്‍ നടത്തിയ അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു.
രോഗിയുടെ നെഞ്ചിന്‍കൂടിന്റെ മുന്‍ഭാഗം തുറന്ന് ഹൃദയത്തിന്റെ പുറകുഭാഗത്തായി സ്ഥിതി ചെയ്യുന്ന ശ്വാസനാളിയുടെ സുഷിരം ഹൃദയത്തേയും പ്രധാന രക്തകുഴലുകളേയും വകഞ്ഞുമാറ്റിക്കൊണ്ട് തുന്നിച്ചേര്‍ത്ത ശസ്ത്രക്രിയ കേരളത്തില്‍ ആദ്യമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
സാധാരണഗതിയില്‍ ശ്വാസകോശനാളിക്കുണ്ടാകുന്ന തകരാറുകള്‍ വാരിയെല്ലുകള്‍ മുറിച്ചു മാറ്റി ശരീരത്തിന്റെ വശങ്ങളിലൂടെയുള്ള ശസ്ത്രക്രിയയിലൂടെയാണ് പരിഹരിക്കുന്നത്. എന്നാല്‍ കാന്‍സര്‍ ചികിത്സയുടെ ഭാഗമായി ഇടതുശ്വാസകോശം നീക്കുകയും ശ്വാസകോശ നാളിക്ക് സംഭവിച്ച സുഷിരം കാരണം ഈ ഭാഗത്ത് പഴുപ്പ് ബാധിക്കുകയും ചെയ്ത കൊല്ലം സ്വദേശിയായ സാജന്റെ കാര്യത്തില്‍ അത്തരത്തിലുള്ള ശസ്ത്രക്രിയ പ്രായോഗികമല്ലായിരുന്നു.
ശ്വാസകോശം നീക്കിയ ഡോക്ടര്‍ ഇക്കാരണങ്ങളാല്‍ ശസ്ത്രക്രിയക്ക് മടിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനില കൂടുതല്‍ വഷളായപ്പോള്‍ കൂടുതല്‍ ചികിത്സകള്‍ക്കു സാജനെ കൊച്ചിയിലെത്തിച്ചു. സാജന്റെ കാന്‍സര്‍ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയ ഡോ. വി.പി. ഗംഗാധരന് വിദഗ്ധ ചികിത്സക്കായി കിംസ് ആശുപത്രിയിലെ ഡോ. നാസര്‍ യൂസഫിന്റെ അടുത്തേക്ക് അയക്കുകയായിരുന്നു.
ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തുമ്പോള്‍ ഹൃദയകവചവും രക്തക്കുഴലുകളും വകഞ്ഞു മാറ്റിവേണം പുറകുഭാഗത്തായി സ്ഥിതി ചെയ്യുന്ന ശ്വാസകോശ നാളിയിലെത്താന്. ഇത്തരത്തില്‍ ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലുകളെ വകഞ്ഞുമാറ്റുമ്പോള്‍ ആ സമയത്ത് രക്തപ്രവാഹം നിലയ്ക്കുകയും ശരീരം നിശ്ചലമാവുകയും ചെയ്യും.
തുടര്‍ച്ചയായി മൂന്ന് മിനിറ്റോളം രക്തപ്രവാഹം നിലച്ചാല്‍ ഹൃദയഘാതം ഉണ്ടാകുകയും രോഗിക്ക് മരിക്കുകയും ചെയ്യും. ഈ വെല്ലുവിളി നേരിടാന്‍ രക്തപ്രവാഹം രണ്ട് മിനിറ്റോളം തടഞ്ഞ് ശ്വാസനാളിയുടെ തകരാറ് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഡോക്ടര്‍മാര്‍ ആരംഭിച്ചത്. ഇത്തരത്തില്‍ എട്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കിടയില്‍ അഞ്ചു മുതല്‍ എട്ടുമിനിറ്റുവരെയുള്ള ഇടവേളകളില്‍ 150 പ്രാവശ്യമാണ് രക്തപ്രവാഹം തടഞ്ഞത്. ഈ സമയത്ത് ശ്വാസകോശം, ലിവര്‍, വൃക്കകള്‍ എന്നവയിലേക്കുള്ള രക്തപ്രവാഹം പൂര്‍ണ്ണമായി നിലയ്ക്കുകയും ചെയ്തു.
ശസ്ത്രക്രിയക്കിടെ സംഭവിക്കാമായിരുന്ന വെല്ലുവിളികളായ അനിയന്ത്രിത രക്തസ്രാവം, ഓര്‍മ്മ നഷ്ടപ്പെടുക, ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നുപോവുക എന്നിവയെല്ലാം വിജയകരമായി അതിജീവിക്കുവാനും ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. രക്തസ്രാവത്തിനുള്ള സാധ്യത കണക്കിലെടുത്ത് ശസ്ത്രക്രിയ സമയത്ത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം കൃത്രിമമായി നിര്‍വഹിക്കുന്ന ഹാര്ട്ട്ലംങ്ങ് മെഷീന് സംവിധാനവും ഉപയോഗപ്പെടുത്തിയിരുന്നില്ല.
ദീര്‍ഘകാലമായി കാന്‍സര്‍ ചികിത്സ തുടരുന്ന സാജന് കീമോതെറാപ്പിയും തുടര്‍ന്ന് അര്‍ബുദം ശ്വാസകോശത്തിലേക്ക് വ്യാപിച്ചപ്പോള്‍ ഇടതുവശത്തെ ശ്വാസകോശവും നീക്കിയിരുന്നു. ശസ്ത്രക്രിയക്കു തൊട്ടു മുമ്പ് അര്‍ബുദം വിട്ടുമാറിയെന്ന സ്ഥിരീകരണവും ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് എത്തി. എന്നാല്‍ അവസാന കടമ്പ കടന്ന് ജീവന് തിരിച്ചു പിടിക്കാന്‍ ശ്വാസനാളിയുടെ തകരാറ് പരിഹരിക്കേണ്ടത് അത്യാവശ്യമായിരുന്നു.
ശ്വാസനാളിയുടെ തകരാറ് പരിഹരിച്ചതോടെ സാജന് സാധരാണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. കൊല്ലം സ്വദേശിയായ സാജന് 2012ല്‍ ആണ് അര്‍ബുദബാധ കണ്ടെത്തിയത്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കീമോതെറാപ്പിയും കോട്ടയത്ത് ശ്വാസകോശ നീക്കം ചെയ്യുവാനുള്ള ശസ്ത്രക്രിയക്കും വിധേയനായി. ശസ്ത്രക്രിയക്കുശേഷം ശക്തമായ ചുമ ആരംഭിക്കുകയും ആരോഗ്യനില മോശമാകുവാനും ആരംഭിച്ചു.
ശ്വാസകോശ നാളിക്കു സംഭവിച്ച ദ്വാരമാണ് രോഗ കാരണമെന്ന് തുടര്‍ന്ന് കണ്ടെത്തി. ചികിത്സ വിജയമായതോടെ കാന്‍സറിനെ തോല്പിച്ച സാജന് രണ്ടു മാസങ്ങള്‍ക്കകം തന്നെ സാധാരണഗതിയിലുള്ള ജോലികള്‍ എടുക്കുവാനും സാധിക്കും. ഡോ. നാസര്‍ യൂസഫിനൊപ്പം അനസ്തേഷ്യ വിഭാഗം മേധാവി ഡോ. രാജീവും, ഡോ. എബിന് ശ്വാസകോശ വിഭാഗം ഡോ. ഇന്ദിര കുമാരി, ഡോ. പര്‍മേസ് എ. ആര്, ഡോ. ഷൈന്‍ ഷുക്കൂര്‍ എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കുവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: