കൊട്ടാരക്കര: മഹാഗണപതിക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി ഗണോശോത്സവ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ആഘോഷ കമ്മറ്റി‘ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
18ന് രാവിലെ 5.30 ന് തന്ത്രി തരണനല്ലൂര്‍ എന്‍.പി.പരമേശ്വരന്നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ 1008 നാളീകേരത്തിന്റെ മഹാഗണപതി ഹോമത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. നവീകരിച്ച ഹോമകുണ്ഡത്തിന്റെ സമര്‍പ്പണവും തന്ത്രി നിര്‍വ്വഹിക്കും. 8.30ന് ഗജപൂജയും ആനയൂട്ടും നടക്കും. ബോര്‍ഡ് മെമ്പര്‍ സുഭാഷ് വാസു ഭദ്രദീപം തെളിയിക്കും. 9ന് പയ്യന്നൂര്‍ ശ്രീധരന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ശനിദോഷ നിവാരണപൂജ. സ്വാമിനി സര്വ്വമയീദേവി ഭദ്രദീപം തെളിയിക്കും. 11 ന് നടക്കുന്ന മാതൃസമ്മേളനം മങ്ങാട് ശാന്താനാന്ദാശ്രമത്തിലെ സ്വാമിനി ജ്ഞാനാഭനിഷ്ഠ ഉദ്ഘാടനം ചെയ്യും. മാതൃ സമിതി ജില്ലാപ്രസിഡന്റ് യശോദ അദ്ധ്യക്ഷയായിരിക്കും. പ്രൊഫ: വി.ടി.രമ, ഡോ: കെ.വത്സലാമ്മ, കെ.കെ.വിജയമ്മ എന്നിവര്‍ സംസാരിക്കും. വൈകിട്ട് 5.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഐഎംഎ മുന്‍ സംസ്ഥാനപ്രസിഡന്റ് ജെ. രാജഗോപാല്‍ അദ്ധ്യക്ഷനായിരിക്കും. സ്വാമി അയ്യപ്പദാസ് മുഖ്യപ്രഭാഷണം നടത്തും. സമ്മാനവിതരണം ബോര്‍ഡ് കമ്മീഷണര്‍ സി.പി.രാമരാജപ്രസാദ് നിര്‍വഹിക്കും. ആര്.ദിവാകരന്, ജി.മുരളീകൃഷ്ണന്, വി.ടി.ഗോപകുമാര്‍ എന്നിവര്‍ സംസാരിക്കും. സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് രേണുരാജിനെ സമ്മേളനത്തില്‍ അനുമോദിക്കും. രാത്രി 7.30ന് ആര്.രമ്യയുടെ സംഗീതാരാധന നടക്കും. 7.35ന് വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന മഹാഗണപതിയുടെ എഴുന്നള്ളത്തും വിളക്കും. ഈ ദിവസം മാത്രമാണ് ക്ഷേത്രത്തില്‍ നിന്നും മോദകം വഴിപാട് ഭക്തര്‍ക്ക് ലഭിക്കുന്നത്. അന്നേ ദിവസം രാവിലെ 8ന് പതുതായി പണികഴിപ്പിച്ച രസീത് കൗണ്ടറിന്റേയും, നാളികേര കൂടിന്റേയും ഉദ്ഘാടനം ബോര്‍ഡംഗങ്ങളായ സുഭാഷ് വാസു, പി.കെ.കുമാരന് എന്നിവര്‍ നിര്‍വ്വഹിക്കും. കേരളാക്ഷേത്രസംരക്ഷണസമിതിയും ക്ഷേത്രഉപദേശസമിതിയും സംയുക്തമായാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഭക്തജനങ്ങള്‍ക്ക് ഹോമദ്രവ്യങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചതായും സ്വാഗതസംഘം പ്രസിഡന്റ് ഡോ:രാജഗോപാല്‍, ജനറല്‍ കണ്‍വീനര്‍ ആര്.ദിവാകരന്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ആര്.മോഹനന്, ട്രഷറര്‍ എം.കൃഷ്ണമണി, ഡോ.ശ്രീഗംഗ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: