തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് സുരക്ഷയ്ക്കായി നൂതന ആശയരൂപീകരണം ലക്ഷ്യമിട്ട് കേരളാ റോഡ് സേഫ്റ്റി അഥോറിറ്റിയും ഗതാഗതവകുപ്പും സംയുക്തമായി ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു.
ലോകബാങ്കിന്റെയും ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെയും ആക്സാ ഇന്‍ഷുറന്‍സിന്റെയും പങ്കാളിത്തത്തോടെ ഈ മാസം 22നും 23നും തിരുവനന്തപുരം ടെക്നോപാര്‍ക്കിലാണ് ഹാക്കത്തോണ്‍ നടത്തുന്നത്. 24 മുതല്‍ 36 വരെ മണിക്കൂര്‍ സമയം തുടര്‍ച്ചയായി ജോലിചെയ്ത് നൂതനമായ സോഫ്റ്റ്വെയര് പ്രോഗ്രാമുകളോ ആപ്ലിക്കേഷനുകളോ പുതിയ ഉത്പന്ന ആശയങ്ങളോ സൃഷ്ടിക്കുകയാണ് ഹാക്കത്തോണിലൂടെ ചെയ്യുന്നതെന്ന് ഗതാഗത റോഡ് സുരക്ഷാ കമ്മീഷണര്‍ ആര്. ശ്രീലേഖ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലോകത്താദ്യമായി ഇത്തരമൊരു ഹാക്കത്തോണ്‍ നടക്കുന്ന രാജ്യം ഇന്ത്യയാണെന്നും അതില്‍ തന്നെ ആദ്യം കേരളത്തിലാണെന്നും ആര്. ശ്രീലേഖ പറഞ്ഞു.
22ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹാക്കത്തോണ്‍ ഉദ്ഘാടനം ചെയ്യും. ഐ ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും. ഡെവലപ്പര്‍മാരും സംരംഭകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 150ല്‍പരം പ്രതിഭകള്‍ പങ്കെടുക്കും. റോഡ് സുരക്ഷയുടെ നാല് സുപ്രധാന മേഖലകളായ എഞ്ചിനീയറിംഗ്, എന്‍ഫോഴ്സ്മെന്റ്, എജ്യുക്കേഷന്‍, എമര്‍ജന്‍സി കെയര്‍ ആന്‍ഡ് പോസ്റ്റ് ക്രാഷ് മാനേജ്മെന്റ് എന്നിവയ്ക്ക് സഹായകമായ പ്രോഗ്രാമുകളും ആപ്ലിക്കേഷനുകളുമാണ് ഹാക്കത്തോണിലൂടെ സൃഷ്ടിക്കുക. സിലിക്കണ്‍വാലി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ആഗോള ഹാക്കത്തോണ്‍ ചാമ്പ്യന്മാരായ ഏഞ്ചല്‍ ഹാക്ക് ആണ് കേരളത്തിലെ പരിപാടി ആസൂത്രണം ചെയ്യുന്നത്.
പ്രാദേശിക ഏകോപനവും സൗകര്യങ്ങളും നിര്‍വഹിക്കുന്നത് ടെക്നോപാര്‍ക്കിലെ കമ്പനികളുടെ കൂട്ടായ്മയായ ജിടെക് ആണ്. ഹാര്ഡ്വെയര്, സോഫ്റ്റ്വെയര് മേഖലകളില്‍ വിജയിക്കുന്നവര്‍ക്ക് ഒന്നാം സമ്മാനമായി 1,90,000 രൂപ വീതവും രണ്ടാമതെത്തുന്നവര്‍ക്ക് 95,000 രൂപ വീതവും സമ്മാനമായി ലഭിക്കും. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: