കൊച്ചി: 5-ാമത് അഖിലഭാരത രാമായണസത്രത്തിന് തേവയ്ക്കല്‍ മുക്കോട്ടില്‍ ക്ഷേത്രസന്നിധിയില്‍ സൂര്യകാലടി സൂര്യന് ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ അഷ്ടദ്രവ്യ ഗണപതിഹോമത്തോടെ തുടക്കമായി. ക്ഷേത്രസന്നിധിയില്‍ തടിച്ചുകൂടിയ ഭക്തജനങ്ങളുടെ മന്ത്രോച്ചാരണഘോഷണത്തിലൂടെ നെയ്നിറച്ച 1008 കൊട്ട നാളികേരവും താമരമൊട്ടുകളും അഷ്ടദ്രവ്യങ്ങളും ഹോമിച്ച മഹാഗണപതിഹോമത്തിന് ശേഷം ക്ഷേത്രം മേല്‍ശാന്തി സനോജ് നമ്പൂതിരി കൊടിയേറ്റി. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്വാമി അയ്യപ്പദാസ് അധ്യക്ഷതവഹിച്ചു. സമ്മേളനം എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന് ഉദ്ഘാടനം ചെയ്തു.
കലുഷിതമായ ഈ കാലഘട്ടത്തില്‍ ഹൈന്ദവ സാംസ്കാരികസങ്കേതങ്ങള് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും ക്ഷേത്രങ്ങളിലും മറ്റും ഭക്തര്‍ തിരക്കുകൂട്ടി വന്നെത്തുന്നുണ്ടെന്നും ഇത് നവോത്ഥാന കാലത്തെ അനുസ്മരിപ്പിക്കുന്നുണ്ടെന്നും ഹൈന്ദവ ഐക്യത്തിന് വേണ്ടിയുള്ള പ്രയത്നങ്ങളില്‍ എസ്എന്‍ഡിപി യോഗം മുഖ്യപങ്ക് വഹിക്കുമെന്നും എം.എന്‍. സോമന് പറഞ്ഞു. ഉദ്ഘാടന യോഗത്തില്‍ വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ സംബന്ധിച്ചു. പി.ഇ.ബി. മേനോന്, കെ.വി.മദനന്, ആചാര്യ എം.കെ. കുഞ്ഞോല്‍ മാസ്റ്റര്‍ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. സത്രം അധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് സത്രസന്ദേശം നല്കി. അഖിലഭാരത രാമായണം സത്രസമിതി ഏര്‍പ്പെടുത്തിയ മാനവരത്ന പുരസ്കാരം ഭൗമശാസ്ത്രജ്ഞനായ ഡോ. ടി.പി. ശശികുമാറിന് സമര്‍പ്പിച്ചു.
ഉച്ചക്ക് രണ്ടു മണിക്ക് നടന്ന പ്രഭാഷണസഭയില്‍ കെ.പി. രമേഷ് സംസാരിച്ചു. സത്രത്തില്‍ എല്ലാ ദിവസവും രാവിലെ 5.30 ന് ഗണപതിഹോമം, സഹസ്രനാമജപം, ഗ്രന്ഥപൂജ, 7 മുതല്‍ രാമായണപാരായണം, രാവിലെ 11 ന് ഉച്ചക്ക് 12.30 ന്, വൈകിട്ട് 5 ന്, 7 ന് എന്നീ സമയങ്ങളില്‍ പ്രഭാഷണവും ഉച്ചക്ക് 1.15 ന് അന്നദാനവും വൈകിട്ട് 6.30 ന് ദീപാരാധനയും ഉണ്ടായിരിക്കും.
സത്രത്തിന്റെ സമാപനദിവസമായ 9 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 ന് സമാപനസമ്മേളനം കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. സംവിധായകന് മേജര്‍ രവി വിശിഷ്ടാതിഥിയായിരിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: