ടെലിവിഷനില്‍ ഇഷ്ടപ്പെട്ട പരിപാടിയിലേക്ക് കണ്ണുംനട്ടിരിക്കുന്നതിനിടയിലോ, ഇഷ്ട ഫുട്ബോള്‍ ടീമിന്റെ കളി ലൈവായി ആസ്വദിക്കുന്നതിനിടയിലോ, മിക്സിയില്‍ അന്നത്തെ കറിക്കുവേണ്ടുന്ന ചേരുവ അരയ്ക്കുന്നതിനിടയിലോ കറന്റൊന്നുപോയാല്‍ പിന്നെ അസ്വസ്ഥതയായി. അഞ്ചുമിനിട്ടു തികച്ച് ആ സ്ഥിതി തുടരുക അസഹ്യമാകും. പിന്നെ ഫോണ്‍ വിളിയായി, പരാതിയായി…
ഇത്തരത്തില്‍ വെളിച്ചവും കാറ്റും നിറഞ്ഞതാണ് രാജ്യത്തിന്റെ ഒരുവിഭാഗത്തിന്റെ സ്ഥിതിയെങ്കില്‍ മറുഭാഗത്ത് ഇരുട്ട് ജീവിതത്തിന്റെ ഭാഗമായി മാറിയവരുമുണ്ട്. പകല്‍ സൂര്യപ്രകാശത്തിന്റേയും രാത്രിയില്‍ ഒരിത്തിരി മെഴുകുതിരി വെട്ടത്തിന്റേയും സഹായത്താല്‍ ജീവിതം ഇരുട്ടിവെളുപ്പിക്കുവര്‍. രാജ്യത്ത് വൈദ്യുതി എത്തിയിട്ട് നൂറിലേറെ വര്‍ഷമായി. എങ്കിലും ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങളില്‍ പലതുമിന്ന് വൈദ്യുതി എത്താത്തിടങ്ങളുണ്ട്. വെള്ളവും വെളിച്ചവും വായുവും എല്ലാം എല്ലാമനുഷ്യര്‍ക്കും ഒരുപോലെ വേണ്ടുന്ന ഒന്നാണ്. രാജ്യത്ത് സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായി മാറി മാറി വന്ന സര്‍ക്കാരുകള്‍ പല പദ്ധതികളും ആവിഷ്കരിച്ചിട്ടുമുണ്ട്. ഒന്നും കൃത്യമായി നടന്നിട്ടില്ലെന്നു മാത്രം.
വൈദ്യുതിയെത്താത്ത ഗ്രാമങ്ങളെ വൈദ്യുതീകരിക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ദീനദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജന (ഡിഡിയുജിജെവൈ) പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത് വരുംനാളുകളില്‍ എല്ലാ ഗ്രാമങ്ങളിലും ‘വെളിച്ചം’ എത്തിക്കാനുള്ള ദൃഢപ്രതിജ്ഞയുമായാണ്. ഗ്രാമീണ വീടുകളിലെല്ലായിടത്തും, കൃഷി ആവശ്യത്തിനും വൈദ്യുതി എത്തിക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
രാജ്യത്തിന്റെ എല്ലാഭാഗത്തും 24 മണിക്കൂറും വൈദ്യുതി എന്ന ലക്ഷ്യം നിറവേറ്റുന്നതിന് ഗുജറാത്ത് സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് ഈ ദേശീയ പദ്ധതിക്കു മാതൃക. ഗ്രാമീണ മേഖലയില്‍ വന്‍ പരിവര്‍ത്തനത്തിനായിരിക്കും ഈ പദ്ധതി വഴിയൊരുക്കുക.
29 സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളും കണക്കിലെടുത്താല്‍ വൈദ്യുതിയില്ലാത്ത നിരവധി ഗ്രാമങ്ങളാണുള്ളത്. ഗ്രാമങ്ങളിലെ വൈദ്യുതീകരണം സംബന്ധിച്ച് 2015 മെയില്‍ കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഒമ്പതു സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളാണ് പൂര്‍ണമായും വൈദ്യുതവല്‍കരിച്ചിട്ടുള്ളത്. കേന്ദ്രഭരണപ്രദേശങ്ങളുടെ കാര്യമെടുത്താല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് ഒഴികെയുള്ള കേന്ദ്രഭരണപ്രദേശങ്ങള്‍ നൂറുശതമാനവും വൈദ്യുതവത്കരിച്ചിട്ടുണ്ട്.
മൊത്തം 19706 ഗ്രാമങ്ങളുണ്ട് 100 ശതമാനവും വൈദ്യുതീകരണം നടക്കാന്‍. സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. കേരളവും നൂറ് ശതമാനം വൈദ്യുതവത്കരണം നടന്നിട്ടുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍പ്പെടുന്നു. പക്ഷേ ഇപ്പോഴും വൈദ്യുതി എത്താത്ത വീടുകള്‍ കേരളത്തിലുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.
ഡിഡിയുജിജെവൈ ലക്ഷ്യങ്ങള്‍
കാര്‍ഷിക- കാര്‍ഷികേതര ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുത വിതരണ ഫീഡറുകള്‍ വെവ്വേറെ ആക്കി ഇരുവിഭാഗത്തിനും അര്‍ഹമായ വൈദ്യുതി ലഭ്യമാക്കുക.
ഗ്രാമപ്രദേശങ്ങളില്‍ എല്ലാത്തലത്തിലുമുള്ള മീറ്ററിങ് സംവിധാനം ഉള്‍പ്പടെയുള്ള പ്രസരണ-വിതരണ സംവിധാനം ശക്തിപ്പെടുത്തുക. ഇതിലൂടെ ഗ്രാമീണമേഖലയിലെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ സമയവും കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് ആവശ്യമായത്ര വൈദ്യുതിയും ലഭ്യമാകും.
പദ്ധതി നടപ്പാക്കുന്നതിന് ഏകദേശം 76,000 കോടി രൂപയുടെ മുടക്കുമുതല്‍ വേണ്ടിവരും. 63,000 കോടി രൂപ കേന്ദ്ര ഗ്രാന്റുണ്ട്. 14,680 കോടി രൂപയുടെ പദ്ധതിക്ക് ഇതിനകം അനുമതിയായി. പദ്ധതി പൂര്‍ണമായും നടപ്പാക്കുന്നതിന് 43,033 കോടി രൂപയുടെ നിക്ഷേപം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. പദ്ധതി കാലയളവില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ബജറ്റ് വിഹിതമായ 33,453 കോടി രൂപയും ഇതില്‍ ഉള്‍പ്പെടും. സ്വകാര്യ വൈദ്യുതിവിതരണ കമ്പനികള്‍ക്കും അതത് സംസ്ഥാനങ്ങളിലെ വൈദ്യുത ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും ഈ പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായത്തിന് അര്‍ഹതയുണ്ട്. മോഷണം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെയുള്ള വൈദ്യുതിച്ചോര്‍ച്ച പരമാവധി കുറച്ചും, എല്ലാത്തലങ്ങളിലും നൂറുശതമാനം മികവ് ഉറപ്പ് വരുത്തിയും വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന് പദ്ധതി പ്രത്യേക ശ്രദ്ധ നല്കുന്നു.
പദ്ധതി നടപ്പിലാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി റൂറല്‍ ഇലക്ട്രിഫീക്കേഷന്‍ കോര്‍പ്പറേഷനാണ്. വൈദ്യുത മന്ത്രാലയത്തിനും സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയ്ക്കും പദ്ധതി നടത്തിപ്പ് സംബന്ധിച്ച പുരോഗതി റിപ്പോര്‍ട്ട് മാസംതോറും നല്‍കേണ്ട ഉത്തരവാദിത്തം ഈ നോഡല്‍ ഏജന്‍സിക്കാണ്.
പദ്ധതി നടത്തിപ്പ് സംബന്ധിച്ച് വിലയിരുത്തുന്നതിന് രൂപീകരിച്ചിട്ടുള്ള മോണിട്ടറിങ് കമ്മറ്റിയുടെ അധ്യക്ഷന്‍ വൈദ്യുത മന്ത്രാലയം സെക്രട്ടറിയാണ്. ദീനദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി പദ്ധതി നടത്തിപ്പിനായി 75 ശതമാനം ഗ്രാന്റായി കേന്ദ്രസര്‍ക്കാര്‍ നല്‍കും. പ്രത്യേക വിഭാഗത്തില്‍പ്പെട്ട സംസ്ഥാനങ്ങള്‍ക്ക് ഇത് 90 ശതമാനം വരെയായിരിക്കും. സിക്കിം, ജമ്മു-കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ് പ്രത്യേക വിഭാഗത്തില്‍പ്പെടുന്നത്.
ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതിയുടെ ആവശ്യം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. വികസനമാണ് ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലാതാക്കാനുള്ള ഒറ്റമൂലിയെന്നാണ് ദീനദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടത്. അതിനാല്‍ത്തന്നെ വൈദ്യുതി വിതരണ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. നിലവില്‍ വൈദ്യുത വിതരണ കമ്പനികളുടെ സാമ്പത്തിക അടിത്തറ അത്ര ഭദ്രമല്ല എന്നാണ് വിലയിരുത്തല്‍. അതിനാല്‍ത്തന്നെ ഈ മേഖലയിലേക്കുള്ള നിക്ഷേപവും കുറവാണ്.
വിശ്വാസ്യതയും ഗുണനിലവാരവും ഉറപ്പുവരുത്തി വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുകയെന്നതാണ് അനിവാര്യം. സംസ്ഥാന ഗവണ്മെന്റുകളുടെയും വിതരണ കമ്പനികളുടെയും സഹകരണത്തോടെ 12,13 പഞ്ചവത്സര പദ്ധതികളിലായി ഡിഡിയുജിജെവൈ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
2019 ഓടെ ഗ്രാമീണമേഖലകളിലെ നൂറുശതമാനം വീടുകളിലും മുഴുവന്‍ സമയവും, മിതമായ വിലയ്ക്ക് ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കുകയെന്നതാണ് ദീനദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍കൊടുത്തുകൊണ്ടുള്ള ദീനദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജന പദ്ധതിയിലൂടെ കൂടുതല്‍ പ്രയോജനം നേടുക കാര്‍ഷിക മേഖലയാണ്. ആ മേഖലയുടെ പുരോഗതി കര്‍ഷകര്‍ക്കും അനുബന്ധമേഖലകള്‍ക്കും ഉണര്‍വേകും.
ഗ്രാമനഗര ഭേദമന്യേ എല്ലയിടത്തും വൈദ്യുതി എത്തുന്നതിലൂടെ വികസനത്തിലേക്കുള്ള ഒരു ചുവടുവയ്പ്പുകൂടിയാകും അത്. ഇരുട്ടിനെ ഭയന്ന് രാത്രികാലങ്ങളില്‍ വീടിന് വെളിയിലേക്കുപോലും ഇറങ്ങാത്തവര്‍ക്കും, മണ്ണെണ്ണ വിളക്കിന്റേയും മെഴുകുതിരി വെട്ടത്തിന്റേയും ചുവട്ടിലിരുന്ന് വിദ്യ നേടുന്നവര്‍ക്കും കൂടുതല്‍ പ്രകാശം നിറഞ്ഞ ജീവിതം സ്വപ്നം കണ്ടുതുടങ്ങാം. മെച്ചപ്പെട്ട ജീവിതസാഹചര്യത്തില്‍ ജീവിക്കുവാന്‍ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും അര്‍ഹതയുണ്ട്. ആ സാഹചര്യം ഒരുക്കിക്കൊടുക്കേണ്ടതാവട്ടെ ഇവിടുത്തെ ഭരണാധികാരികളുമാണ്.
പ്രയോജനങ്ങള്‍
- എല്ലാ ഗ്രാമങ്ങളേയും ഗൃഹങ്ങളേയും വൈദ്യുതീകരിക്കുക
- കാര്‍ഷികമേഖലയില്‍ നിന്നുള്ള ലാഭത്തില്‍ വര്‍ധന.
- ചെറുകിട, ഗാര്‍ഹിക ബിസിനസ് സംരംഭങ്ങളുടെ വളര്‍ച്ചയും പുതിയ തൊഴിലവസരങ്ങളിലേക്കുള്ള പാതതുറക്കലും.
- ആരോഗ്യം, വിദ്യാഭ്യാസം, ബാങ്കിങ് സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും.
- റേഡിയോ, ടെലിഫോണ്‍, ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കാം.
- സാമൂഹിക സുരക്ഷിതത്വം കൂടുതല്‍ ഉറപ്പുവരുത്താം.
- സ്കൂളുകളിലും പഞ്ചായത്തുകളിലും ആശുപത്രികളിലും പോലീസ് സ്റ്റേഷനുകളിലും വൈദ്യുതി ലഭ്യമാകും. ഇതുവഴി മെച്ചപ്പെട്ട സേവനവും ജനങ്ങള്‍ക്ക് നല്‍കാം.
- ഗ്രാമീണ മേഖലയില്‍ സമഗ്ര വികസനത്തിനുള്ള അവസരങ്ങള്‍ വര്‍ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: