തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനുള്ള സിനിമകളുടെ സ്ക്രീനിംഗ് അഞ്ചുദിവസം പിന്നിട്ടു. നിര്‍ണയസമിതി രൂപീകരണം മുതല്‍ വിവാദത്തിലായ ചലച്ചിത്രഅവാര്‍ഡ് ഇത്തവണ കോളിളക്കത്തിനു വഴിതെളിക്കുമെന്നാണ് സൂചന. താത്പര്യമുളളവര്‍ക്ക് അവാര്‍ഡ് സംഘടിപ്പിച്ചു കൊടുക്കാനായി അക്കാദമിയുടെ ഭരണസമിതിയില്‍ തന്നെയുള്ള ചിലരുടെ നീക്കം പുറത്തായിട്ടുണ്ട്. സംവിധായകരാണ് സാധാരണ അവാര്‍ഡ് നിര്‍ണയസമിതിയുടെ ചെയര്മാന് ആകുക. ഇത്തവണ അതിനു മാറ്റമുണ്ടായി.
തിരക്കഥാകൃത്ത് ജോണ്‍പോള്‍ ആണ് അധ്യക്ഷ സ്ഥാനത്ത്. 10 പേരടങ്ങുന്ന ജംബോ സമിതി രൂപീകരിച്ചു. ചെയര്‍മാനെയും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളെയും ഒക്കെ നോക്കുകുത്തിയാക്കി വഴിവിട്ട മാര്‍ഗത്തിലൂടെ അക്കാദമിയിലെത്തിയ വനിത അംഗത്തിന്റെ സ്വാധീനമാണ് നിയമനത്തിനു പിന്നില്‍. അംഗങ്ങളായ ചിലര്‍ രാജിവച്ചിരുന്നു. അക്കാദമിയില്‍ പുതിയ ‘ബീനാപോള്‍’ ആകാന്‍ ശ്രമിക്കുന്ന വനിത അംഗത്തിന് സിനിമയുമായി ബന്ധമൊന്നുമില്ല. ചില സംവിധായകരും നടന്മാരുമായുള്ള ബന്ധമാണ് എഫ്എം റേഡിയോയില്‍ ജോക്കിയായിരുന്ന ഇവരെ അക്കാദമിയില്‍ അംഗമാക്കിയത്. ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക താത്പര്യപ്രകാരമായിരുന്നു നിയമനം. അക്കാദമിക് പേരുദോഷം ഉണ്ടാക്കിയതിന് മൂന്നു തവണ പിരിച്ചുവിട്ടെങ്കിലും ‘ഉന്നത ബന്ധം’ ഉപയോഗിച്ച് തിരിച്ചെത്തി. ആ ‘ഉന്നത ബന്ധം’ പ്രയോഗിച്ച മറ്റ് അംഗങ്ങളെ വരുതിക്ക് നിര്‍ത്തി അക്കാദമിയുടെ ഭരണം തന്നെ ഇവരുടെ കൈകളിലാണ്.
തനിക്ക് ഇഷ്ടമുള്ളവര്‍ക്കേ ഇത്തവണ അവാര്‍ഡ് ലഭിക്കൂ എന്ന് പരസ്യമായി പറഞ്ഞ് അതിനായി ലോബിയിംഗ് നടത്തുന്ന ഇവരുടെ പ്രവൃത്തിയില്‍ അക്കാദമി ഭരണസമിതിയിലെയും അവാര്‍ഡ് നിര്‍ണയ സമിതിയിലെയും പലരും അസ്വസ്ഥരാണ്. എതിര്‍പ്പു പറഞ്ഞാല്‍ പുറത്താകുമെന്നതിനാല്‍ പുറത്തു പറയുന്നില്ലെന്നു മാത്രം. 64 സിനിമകളാണ് ഇത്തവണ മത്സരത്തിനുള്ളത്. 5 ദിവസം കൊണ്ട് 25 എണ്ണം ജൂറി വിലയിരുത്തിക്കഴിഞ്ഞു. ഇനി ഒരാഴ്ച കൂടി പ്രദര്‍ശനം നടത്തിയാലേ നിര്‍ണയം പൂര്‍ത്തിയാകൂ. മുഖ്യധാരാ സിനിമകള്‍ക്കാകും ഇത്തവണ അവാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: