കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് വിവിധ പദ്ധതികളിലൂടെ സബ്സിഡികള്‍ നല്‍കുന്നതിനും വിളവെടുപ്പാനന്തര പരിപാലനത്തിലൂടെ വിളകളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിന് ബോധവല്‍ക്കരണം നടത്തുന്നതിനും സ്പൈസസ് ബോര്‍ഡ് നടപടി തുടങ്ങി. ഭൂവികസനം, ജലസേചനം, യന്ത്രവല്‍ക്കരണം, പുനര്‍നടീല്‍, മണ്ണു സംരംക്ഷണം, ജൈവകൃഷി എന്നിവയ്ക്ക് ബോര്‍ഡ് ധനസഹായം നല്‍കും.
മികച്ച ജലസേചന, കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും സഹായം ലഭിക്കും. പ്രധാനമായും ചെറിയ ഏലത്തിന്റെ പ്രോത്സാഹനമാണ് ലക്ഷ്യമെങ്കിലും മറ്റു സുഗന്ധവ്യഞ്ജനങ്ങള്‍ക്കും സഹായം ലഭിക്കും.
കയറ്റുമതി ചെയ്യുന്ന ചെറിയ ഏലത്തിന്റെ ഉദ്പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സുഗന്ധവ്യഞ്ജനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥലങ്ങളിലെ വിളവെടുപ്പാനന്തര പരിപാലനത്തിനായുള്ള പന്ത്രണ്ടാം പദ്ധതിയുടെ ഭാഗമാണിത്തരം നടപടികളെന്ന് സ്പൈസസ് ബോര്‍ഡ് ചെയര്മാന് ഡോ. എ. ജയതിലക് പറഞ്ഞു. കൈവശമുള്ള കാര്‍ഷിക ഭൂമിയുടെ അളവിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം ലഭ്യമാക്കുന്നതെന്നും വിവിധ വ്യവസ്ഥകളോടുള്ള വ്യത്യസ്ത പദ്ധതികള്‍ക്കനുസൃതമായാണ് സബ്സിഡി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലേയും കേരളത്തിലേയും ചെറിയ ഏലം കര്‍ഷകര്‍ക്ക് പുനര്നടീലിനായി 70,000 രൂപവരെയും കര്‍ണാടകത്തിലെ കര്‍ഷകര്‍ക്ക് 50,000 രൂപ വരെയും ധനസഹായം ലഭിക്കും. മൂന്ന് തെക്കന്‍ സംസ്ഥാനങ്ങളിലെ ചെറിയ ഏലം കര്‍ഷകര്‍ക്ക് പമ്പ് സെറ്റ്, സ്പ്രിംഗഌ സെറ്റ്, ഭുഗുരുത്വ ജലസേചന സംവിധാനം തുടങ്ങിയ ജലസേചനത്തിനായുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് യഥാര്ത്ഥവിലയുടെ 25 ശതമാനവും ജലസംഭരണിക്കായി 50 ശതമാനവും മണ്ണു സംരക്ഷണത്തിനായി 25 ശതമാനവും ധനസഹായം ലഭിക്കും.
മഴവെള്ള സംഭരണത്തിനായുള്ള 200 ക്യുബിക് മീറ്റര്‍ ശേഷിയുള്ള ടാങ്കിന്റെ നിര്‍മാണ ചെലവിന്റെ 33.33 ശതമാനവും ബോര്‍ഡ് നല്‍കും. ഇതിന് 12,000 രൂപ വരെ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഏലം കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഒരു ലക്ഷം രൂപവരെ സബ്സിഡി ലഭിക്കും. മികച്ച കൃഷിക്കായി ഉപയോഗപ്പെടുത്താവുന്ന കിറ്റിനും തേനീച്ചക്കൂടിനുമായി 50 ശതമാനം സബ്സിഡി നല്‍കും.
കൃഷിഭൂമി യന്ത്രവല്‍ക്കരണ പദ്ധതിയിലൂടെ മൂന്ന് സംസ്ഥാനങ്ങളിലേയും ചെറിയ ഏലം കര്‍ഷകര്‍ക്ക് വിളസംരക്ഷണത്തിനും ഏലം പോളിഷിംഗ് ചെയ്യുന്നതിനടക്കമുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് 50 ശതമാനം സബ്സിഡി നല്‍കും.
കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ വിത്ത് വേര്‍തിരിക്കുന്നതിനും, മഞ്ഞള്‍ പാകപ്പെടുത്തിയെടുക്കുന്നതിനും മുളക് കര്‍ഷകര്‍ക്ക് ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്മെന്റ് കിറ്റ് വാങ്ങുന്നതിനും പുതിന ശുദ്ധീകരണ യുണിറ്റിനും അന്‍പതു ശതമാനം വരെ ധനസഹായം ലഭിക്കും. ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടകം, തമിഴ്നാട്, കേരളം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുമാണ് സ്പൈസസ് ബോര്‍ഡ് വിളവെടുപ്പാനന്തര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സഹായം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: