കൊച്ചി: വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തിറക്കിയ, ഭാരത ഹോള്‍മാര്‍ക്കിംഗിന്റെ ‘ വികസനം-ഭാവി വളര്‍ച്ചയിലേക്ക് ഒരു നേര്‍രേഖ’ എന്ന പുതിയ റിപ്പോര്‍ട്ട് ഹോള്‍മാര്‍ക്കിംഗ് സംവിധാനം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇത് സ്വര്‍ണ്ണ-നാണ്യ പദ്ധതികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഭാരതത്തില്‍ നിലനില്‍ക്കുന്ന ഹോള്‍മാര്‍ക്കിംഗ് സമ്പ്രദായത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടില്‍ അന്താരാഷ്ട്രതലത്തിലെ മികച്ച ഹോള്‍മാര്‍ക്കിംഗ് രീതികളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഭാരത ഹോള്‍മാര്‍ക്കിംഗ് സംവിധാനത്തെ മികച്ചതാക്കാന്‍ സഹായിക്കുന്ന നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നു.
സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയില്‍ ഉപഭോക്താക്കളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഹോള്‍മാര്‍ക്കിംഗ് സംവിധാനത്തിന്റെ മികവ് വഴി സാധിക്കും. 2020 ആകുമ്പോഴേക്കും ഭാരതത്തില്‍ നിന്നുമുള്ള സ്വര്‍ണ്ണ കയറ്റുമതി 8 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്നും 40 ബില്യണായി മാറുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബിഐഎസ്) 2000 ത്തിലാണ് ഭാരതത്തില്‍ സ്വര്‍ണ്ണത്തിന്റെ ഹോള്‍മാര്‍ക്കിംഗ് നടപ്പാക്കുന്നത്. രാജ്യത്തെ സ്വര്‍ണ്ണാഭരണങ്ങളില്‍ 30 ശതമാനം മാത്രമെ ഹോള്‍മാര്‍ക്ക് ചെയ്തിട്ടുളളു. പരിശുദ്ധിയുടെ കാര്യത്തിലും കാരറ്റ് മൂല്യത്തിന്റെ കാര്യത്തിലും ശരാശരി 10 മുതല്‍ 15 ശതമാനം വരെ വ്യത്യാസമുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഭാരതത്തില്‍ മുഴുവന്‍ ബിഐഎസ് അംഗീകൃത ഹോള്‍മാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതിന്റെ കുറവും ചൂണ്ടികാട്ടുന്നു. ഏകീകൃത ഹോള്‍മാര്‍ക്കിംഗ് സൗകര്യം ഭാരത സര്‍ക്കാരിന്റെ സ്വര്‍ണ്ണ-നാണ്യ പദ്ധതിയുടെ വിജയത്തിന് വഴിയൊരുക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വര്‍ണ്ണ വിപണിയെ സംബന്ധിച്ച് സുതാര്യത, ഗുണമേന്മ, സ്ഥിരത എന്നിവ ഉപഭോക്താവിന്റെ വിശ്വാസം നേടാന്‍ ഹോള്‍മാര്‍ക്കിംഗ് അനിവാര്യമാണ്. ഹോള്മാര്ക്കിംഗിലൂടെ ഇതെല്ലാം നേടാനാവുമെന്നും സ്വര്‍ണ്ണ വ്യാപാര രംഗത്തിന്റെ വളര്‍ച്ചയ്ക്ക് ഇത് സഹായകമാകുമെന്നും റിപ്പോര്‍ട്ടിന്റെ പ്രകാശനവേളയില്‍ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ മാനേജിംഗ് ഡയറക്ടര്‍ പി. ആര്. സോമസുന്ദരം പറഞ്ഞു. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയെ ‘ജ്വല്ലര്‍ ടു ദ വേള്‍ഡ്’ എന്ന രീതിയില്‍ അവതരിപ്പിക്കാന്‍ ഹോള്‍മാര്‍ക്കിംഗ് അടിസ്ഥാനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: