കൊച്ചി: തെരുവ്നായ വിമുക്ത കേരളം എന്ന ലക്ഷ്യവുമായി സന്മനസ്സുള്ളവരുടെ കൂട്ടായ്മയില്‍ രൂപീകരിച്ച ഡോഗ് വെല്‍ഫെയര്‍ കമ്മിറ്റി (ഡിഡബ്ല്യുസി) എന്ന ജനകീയ സംഘടനയുടെ ആദ്യ തെരുവുനായ സംരക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിര്‍വഹിക്കും. പെരുമ്പാവൂര്‍ കൂവപ്പടി പഞ്ചായത്തിലെ എളംമ്പകപ്പിള്ളിയില് ഒന്നര ഏക്കര്‍ വാടകയ്ക്കെടുത്ത സ്ഥലത്താണ് സംഘടന തെരുവ് നായകള്‍ക്കായി സംരക്ഷണകേന്ദ്രം ആരംഭിക്കുന്നത്. ഉദ്ഘാടന യോഗത്തില്‍ സംഘടനയുടെ മുഖ്യരക്ഷാധികാരി ജസ്റ്റിസ് എം.ആര്.ഹരിഹരന് നായര്‍ മുഖ്യപ്രഭാഷണം നടത്തും.
ആദ്യ യൂണിറ്റില്‍ നൂറോളം നായ്ക്കളെ സംരക്ഷിക്കുവാനാണ് തീരുമാനം. ഇതിനായി ആധുനിക രീതിയിലുള്ള ഷെല്‍ട്ടര്‍ സ്ഥാപിക്കും. സംരക്ഷിക്കപ്പെടുന്ന നായ്ക്കളുടെ ഭക്ഷണം, രോഗചികിത്സ, വന്ധീകരണം എന്നിവയ്ക്കുള്ള ചിലവും ഉത്തരവാദിത്വവും സംഘടനയുടെ നിയന്ത്രണത്തില്‍ നടത്തും. ജില്ലയില്‍ പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള നായ് സംരക്ഷണകേന്ദ്രങ്ങള്‍ തുടങ്ങാന്‍ സംഘടനക്ക് പദ്ധതിയുണ്ട്. ഇതിനായി വേണ്ടിവരുന്ന സ്ഥലം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും സൗജന്യമായോ ചെറിയ വാടകയ്ക്കോ സംഘടന ഏറ്റെടുക്കും.
സ്ഥലം കിട്ടുന്നതനുസരിച്ച് നായ്ഷെല്ട്ടറുകള് നിര്‍മ്മിക്കുന്നതിനുവേണ്ട സാമ്പത്തിക ചെലവ് സ്പോണ്‍സര്‍മാരുടെ സഹായത്തോടെയായിരിക്കും സംഘടന വഹിക്കുന്നത്. പദ്ധതിയുടെ വിജയത്തിനായി അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ സഹകരണം തേടുവാനും പദ്ധതിയുണ്ട്. ആക്രമണകാരികളായ തെരുവ് നായ്ക്കളെ ജീവനോടെ പിടികൂടി ഷെല്‍ട്ടറുകളില്‍ എത്തിക്കുന്നവര്‍ക്ക് പട്ടിയൊന്നിന് അഞ്ഞൂറ് രൂപ പാരിതോഷികം നല്‍കുമെന്ന് സംഘടന ചെയര്മാന് ജോസ് മാവേലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: