തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് വിഷമയമുള്ള പച്ചക്കറി എത്തുന്നത് തടയാന്‍ ആരോഗ്യവകുപ്പിനു കീഴിലുള്ള ഭക്ഷ്യസുരക്ഷാവിഭാഗം വിപുലമായ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍. ഓപ്പറേഷന് ‘രുചി’യുടെ ഭാഗമായി ആഗസ്ത് ഒന്നു മുതല്‍ 30 വരെ പരിശോധന കര്‍ക്കശമാക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗ പ്രതിരോധത്തിനും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും രജിസ്ട്രേഷനും തയ്യാറാക്കുന്നതിനുമായി ആര്‍സിസി ഡയറക്ടര്‍ കണ്‍വീനറായി വിദഗ്ധ സമിതി രൂപീകരിക്കും.
എംസിസി ഡയറക്ടര്‍ ഡോ ബി. സതീശന്, ലേക്ഷോര് ആശുപത്രിയിലെ ഡോ. വി.പി. ഗംഗാധരന്, അമൃത മെഡിക്കല്‍കോളജിലെ ഡോ. പി. ഗംഗാധരന്, ആര്‍സിസിയിലെ ഡോ. ഏലിയാമ്മ മാത്യു, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. അജയകുമാര്‍, ഹെല്‍ത്ത് സര്‍വ്വീസസ് കണ്‍സള്‍ട്ടന്റ് ഡോ. ശ്യാംസുന്ദര്‍ എന്നിവര്‍ അംഗങ്ങളായ സമിതി ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി അറിയിച്ചു.
ഒന്നരലക്ഷത്തോളം ക്യാന്‍സര്‍ രോഗികള്‍ നിലവില്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. ഏകദേശം 50000 രോഗികളാണ് വര്‍ഷംതോറും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നത്. ആര്‍സിസിയില്‍ മാത്രം ഈവര്‍ഷം 15,940 പേര് രജിസ്റ്റര്‍ ചെയ്തു. പരമാവധി സൗജന്യ ചികിത്സ നല്‍കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്.
ജില്ലയില്‍ ഒരു ആശുപത്രിയെ കാന്‍സര്‍ ചികിത്സാകേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം. പുറമെ 69 ഇനം മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് ലിമിറ്റഡ് സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. ഇതിനായി പ്രതിവര്‍ഷം പത്തുകോടിയില്‍പ്പരം രൂപ ചെലവാകുന്നുണ്ടെന്നും ശിവകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: