കൊച്ചി: ഭക്ഷ്യവസ്തുക്കളിലെ മായം തടയുന്നതിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷന് രുചിയുടെ ഭാഗമായി ജില്ലയില്‍ വ്യാപക പരിശോധന. കളമശ്ശേരി, കതൃക്കടവ്, ചോറ്റാനിക്കര, തമ്മനം, മുളന്തുരുത്തി തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. കതൃക്കടവില്‍ ഉത്തരേന്ത്യക്കാര്‍ നടത്തുന്ന മൂന്ന് ബേല്‍പൂരി സെന്ററുകള്‍ പൂട്ടിച്ചു.
ഏഴ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. ഏഴായിരം രൂപയോളം പിഴയീടാക്കിയിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് ഹോട്ടല്‍, ബേക്കറി, കള്ള്ഷാപ്പ് തുടങ്ങിയവയിലായിരുന്നു പരിശോധന.
ഭക്ഷ്യവസ്തുക്കളില്‍ അനുവദനീയമായതിലും കൂടുതല്‍ രാസവസ്തുക്കള്‍ ചേര്‍ക്കുക, ഹാനികരമായ വസ്തുക്കള്‍ ഉപയോഗിക്കുക തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യവും പരിശോധനയ്ക്ക് പിന്നിലുണ്ടെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ കെ.വി. ഷിബു പറഞ്ഞു. പരിശോധന നാല് ദിവസം കൂടി തുടരും. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ അബ്ദുള്‍ മജീദ്, ജോസഫ്, ജോസ്, സക്കീര്‍ ഹുസൈന്, രാധാകൃഷ്ണന്, ബൈജു ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: