685. സംസാരരൂപാ – സംസാരബന്ധം രൂപമായവള്‍. ഞാനെന്നും എന്റേതെന്നുമുള്ള ബോധത്തിനു കാരണമായ ശരീരത്തോടു ജീവാത്മാവിനുള്ള ബന്ധം, അതില്‍നിന്നുണ്ടാകുന്ന വ്യക്തിത്വം, കൂടുംബബന്ധങ്ങള്‍, സാമൂഹികബന്ധങ്ങള്‍, ഈശ്വരസങ്കല്‍പങ്ങള്‍, അവയോടുള്ള ബന്ധം എന്നിങ്ങനെ വ്യക്തിയെ ലോകവുമായി ബന്ധിക്കുന്ന എല്ലാത്തിനെയും പൊതുവെ കുറിക്കുന്ന പദമാണ് സംസാരം. ലോകങ്ങളും ലൗകികബന്ധങ്ങളും അമ്മയുടെ ലീലയാണ്. അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ദേവി ചിലരെമാത്രമേ അനുവദിക്കാറുള്ളൂ. അങ്ങനെ ഒഴിഞ്ഞുനില്‍ക്കുന്നവരും സംസാരശൃംഖലയുടെ കണ്ണികളാണ്. ആ സംസാരം ദേവീരൂപമാണ്.
686. ഘോരാ – ഭയം ഉണ്ടാക്കുന്നവള്‍, ഭയങ്കരി, ഹനിക്കുന്നവള്‍, നശിപ്പിക്കുന്നവള്‍ എന്നും വ്യാഖ്യാനിക്കാം. സാധാരണയായി ലോകമാതാവ് സൗമ്യയാണ്. താന്‍ സൃഷ്ടിച്ചു രക്ഷിക്കുന്ന ലോകത്തിനും തന്റെ പ്രിയപ്പെട്ട ഭക്തര്‍ക്കും ആപത്തുണ്ടാകുമ്പോള്‍ അതിനു കാരണക്കാരയവരെ നശിപ്പിക്കാന്‍ ദേവി തീരുമാനിക്കും. അപ്പോള്‍ ദേവി ഘോരമായ രൂപവും പെരുമാറ്റവും സ്വീകരിക്കും.
687. സംസാരതാരിണീ – സംസാരസാഗരത്തെ തരണം ചെയ്യിക്കുന്നവള്‍. അത്യഗാധവും അതിവിശാലവുമായ സമുദ്രംപോലെയാണു മനുഷ്യജീവിതത്തിലെ അനുഭവങ്ങളും ബന്ധങ്ങളും. അതിശക്തമായ കാറ്റും തിരമാലകളും നക്രതിമിംഗലാദിജീവികളും അടിയൊഴുക്കുകളുമുള്ള സമുദ്രത്തെ തരണം ചെയ്യാന്‍ മനുഷ്യനു സ്വന്തം ശക്തികൊണ്ടു സാധിക്കുകയില്ല. നല്ല കപ്പലും സമര്‍ത്ഥനായ കപ്പിത്താനുമുണ്ടെങ്കില്‍ സമുദ്രം കടക്കാം. സമുദ്രംപോലെ അഗാധവും ദുസ്തരവുമാണ് സംസാരം. അതുകൊണ്ട് സംസാരത്തെ സാഗരമായി പറയാറുണ്ട്. ദാരിദ്ര്യം, അജ്ഞത, രോഗം, ശത്രുക്കള്‍, പ്രകൃതിക്ഷോഭം, ജനക്ഷോഭം തുടങ്ങി എത്രയെത്ര ക്ലേശങ്ങളാണ് ജീവിതത്തില്‍ വ്യക്തികളെ അക്രമിക്കാന്‍ ഇടയുള്ളത്. ദേവീകാരുണ്യമുള്ളവര്‍ക്ക് സംസാരസാഗര തരണം ആനന്ദകരമായ അനുഭവമായിരിക്കും. ഒരു ദുഃഖവും ക്ലേശവും അവരെ ശല്യപ്പെടുത്തുകയില്ല. സംസാരതാരിണിയായ അമ്മയെ ആശ്രയിക്കുകയോ വേണ്ടൂ.
(തുടരും)
















