പറവൂര്‍: ദേശീയപാത 17-ല്‍ മൂത്തകുന്നം മുതല്‍ വരാപ്പുഴപാലം വരെ അപകടങ്ങള്‍ തുടര്ക്കഥയായിമാറുന്നു. അധികൃതരുടെ അനാസ്ഥയും മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ മാസം മാത്രം ദേശീയപാതയില്‍ പറവൂരിനടുത്ത് മൂന്നുപേരുടെ ജീവനുകള്‍ പൊലിഞ്ഞതോടെ വ്യാപക പ്രതിഷേധവുമായി പൊതുജനങ്ങള്‍ രംഗത്തിറങ്ങി. ഇതോടെ നിരവധി പ്രഖ്യാപനങ്ങളുമായ ദേശീയപാത അധികൃതരും ജനപ്രതിനിധികളും രംഗത്തുവന്നെങ്കിലും അതെല്ലാം പാഴ്വാക്കായി മാറി.
ശനിയാഴ്ച വീതികുറഞ്ഞ ചെറിയപ്പിള്ളി പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് തൃപ്രയാര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു. അന്നേ ദിവസംതന്നെ കൂനമ്മാവില്‍ ബൈക്കില്‍ സഞ്ചരിച്ച രണ്ട് യുവാക്കള്‍ അപകടത്തില്‍പ്പെട്ടു. ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വഴിക്കുളങ്ങരയില്‍ റോഡിനോടു ചേര്‍ന്നുള്ള കാനയില്‍ കണ്ടെയ്നര്‍ ലോറി വീണ് മണിക്കൂറുകളോളമാണ് ദേശീയപാതയില്‍ ഗതാഗതക്കുരുക്കുണ്ടായത്.
ദേശീയപാതാ വികസനത്തിനായി സ്ഥലമേറ്റെടുത്തിട്ട് 35 വര്‍ഷം കഴിഞ്ഞെങ്കിലും ഈ പ്രദേശങ്ങളില്‍ യാതൊരു പ്രവൃത്തിയും നടന്നിട്ടില്ല. കൊടുങ്ങല്ലൂരില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ ജനങ്ങളുടെ പ്രതിഷേധമുയര്‍ന്നു. ഇതോടെ ഉണര്‍ന്ന അധികൃതര്‍ ദേശീയപാതക്കായി ഏറ്റെടുത്ത സ്ഥലത്ത് റോഡ് നിര്‍മിച്ച് നല്‍കിയതോടെ പ്രദേശം അപകടരഹിത മേഖലയായി മാറുകകയായിരുന്നു.
ഇത്തരത്തില്‍ മൂത്തകുന്നം മുതല്‍ വരാപ്പുഴ വരെ ഏറ്റെടുത്ത സ്ഥലത്ത് റോഡ് നിര്‍മിച്ചാല്‍ മാത്രമേ റോഡപകടങ്ങള്‍ക്ക് അറുതിവരുത്താന്‍ സാധിക്കൂവെന്നാണ് നാട്ടുകാരുടെ വാദം. എന്നാല്‍ എന്ത് അപകടം നടന്നാലും എത്തിനോക്കി പോകുന്ന അധികൃതരുടെ അനാസ്ഥയാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കഴിഞ്ഞവര്‍ഷം നാലമ്പല ദര്‍ശനത്തിനുശേഷം ചോറ്റാനിക്കര ക്ഷേത്രദര്‍ശനവും കഴിഞ്ഞ് വരുമ്പോള്‍ ഭക്തര്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ്ബസ്സ് ചെറിയപ്പിള്ളി പാലത്തിന്റെ അപ്രോച്ച് റോഡില്‍നിന്നും ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. അപ്രോച്ച് റോഡുകള്‍ക്ക് ഇരുവശവും സംരക്ഷണഭിത്തി നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കാന്‍ ഇത്തരത്തില്‍ എ്രതപേരുടെ ജീവനുകള്‍ റോഡില്‍ ഇല്ലാതാകണമെന്ന ചോദ്യമുയര്‍ത്തുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: