കൊച്ചി: വളരുന്ന കൊച്ചിയിലെ മാലിന്യം മുഴുവന്‍ സംസ്കരിക്കുന്നതിന് ബ്രഹ്മപുരത്ത് ഇപ്പോഴുള്ള പ്ലാന്റിന് കഴിയില്ലെന്നും വന്‍കിട പ്ലാന്റ് ആണ് ആവശ്യമെന്നും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സിംഗപ്പൂര്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലെ മാതൃകകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റിലെ സ്വീകരണത്തിനു ബ്രഹ്മപുരത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ പ്ലാന്റും ഡമ്പിംഗ് യാര്‍ഡും സന്ദര്‍ശിക്കവേയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
ഉറവിടത്തില്‍ തന്നെ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ കഴിയുമെങ്കില്‍ അതാണു നല്ലത്. വികേന്ദ്രീകൃതമായ ഒരു സംസ്കരണ രീതിയാണ് അവലംബിക്കേണ്ടത്. മാലിന്യം എങ്ങനെ വളമാക്കി മാറ്റാമെന്നു ആലോചിക്കണം. ആദ്യം ആളുകള്‍ക്ക് മാലിന്യം ഇടാന്‍ സൗകര്യമൊരുക്കണം. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കുകയാണ് ആദ്യം വേണ്ടത്. എല്ലാ ജില്ലകളിലും മാലിന്യ പ്ലാന്റുകള്‍ സ്ഥാപിച്ചെങ്കില്‍ മാത്രമെ കേരളം ഇന്നു നേരിടുന്ന പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയൂ. എന്തായാലും ബ്രഹ്മപുരത്ത് ഇന്നു നേരിടുന്ന പ്രശ്നങ്ങള്‍ മന്ത്രിസഭയുടെ മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വെവ്വേറെ സംസ്കരിക്കണം. ഇക്കാര്യത്തില്‍ വിദഗ്ധരുമായി ആലോചിച്ച് എന്തുവേണമെന്ന് തീരുമാനിക്കും. ഓരോ വീട്ടിലും മാലിന്യ ശേഖരണത്തിന് പ്രത്യേക സംവിധാനമുണ്ടാക്കണം. മാലിന്യം മൂലം തെരുവനായകളുടെ ശല്യം വര്‍ധിച്ചുവരുന്നതിനു തടയിടുന്നതിന്റെ ഭാഗമായി ബ്രഹ്മപുരത്ത് സ്ഥാപിച്ചിട്ടുള്ള എബിസി സെന്ററും അദ്ദേഹം സന്ദര്‍ശിച്ചു. മാലിന്യ പ്രശ്നം സംബന്ധിച്ച് പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങള്‍ അദ്ദേഹം കേട്ടറിഞ്ഞ് നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: