കൊച്ചി: റോഡരികില്‍ രാത്രികാലങ്ങളില്‍ ഭക്ഷ്യമാലിന്യവും കക്കൂസ് മാലിന്യവും തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതിയോഗം തീരുമാനിച്ചു. മാലിന്യം റോഡരികില്‍ ഉപേക്ഷിക്കുന്നതു മൂലമാണു തെരുവു നായകളുടെ എണ്ണവും കൂടുന്നത്. ഇന്നലെ ചേര്‍ന്ന ജില്ല വികസന സമിതിയോഗത്തിലെ പ്രധാന വിഷയങ്ങള്‍ തെരുവു നായകളുടെ ശല്യവും മാലിന്യവുമായിരുന്നു.
രാത്രികാലങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നവരുടെ വാഹനം പിടിച്ചെടുത്ത് ഐപിസി 107 പ്രകാരം കേസ് എടുക്കാന്‍ ജില്ലാ കളക്ടര്‍ എം. ജി. രാജമാണിക്യം പോലീസിന് നിര്‍ദേശം നല്കി. ഇതിനൊപ്പം പൊതുജനാരോഗ്യ നിയമപ്രകാരവും നടപടിയെടുക്കണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്് ഈ വിഷയമെന്ന് യോഗം വിലയിരുത്തി.
യോഗത്തില്‍ എം എല്‍ എമാരായ ജോസ് തെറ്റയില്‍, ടി യു കുരുവിള എന്നിവരും പങ്കെടുത്തു. ജില്ല ആസൂത്രണ സമിതി സെക്രട്ടറി സാലി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ വകുപ്പു മേധാവികളും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
മാലിന്യം എവിടെ നിക്ഷേപിക്കണമെന്ന കാര്യത്തില്‍ സൗകര്യമുണ്ടാക്കിക്കൊടുക്കുന്നതിനോ ജനങ്ങളെ ബോധവത്കരിക്കുന്നതിനോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കായിട്ടില്ലെന്ന് ജില്ല കളക്ടര്‍ വ്യക്തമാക്കി. പശ്ചിമകൊച്ചിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ പൂട്ടുന്നതിനു കഴിഞ്ഞ വികസന സമിതി യോഗത്തില്‍ തീരുമാനമെടുത്തിരുന്നുവെങ്കിലും ഇനിയും നടപ്പിലാക്കിയിട്ടില്ലെന്നു കളക്ടര്‍ ചൂണ്ടിക്കാട്ടി.
ജില്ലയിലെ റോഡുകളുടെ സ്്ഥിതിയും യോഗത്തില്‍ ചര്‍ച്ചവിഷയമായി. ഇന്‍ഫോപാര്‍ക്കിന്റെ ദുരവസ്ഥയുടെ പേരില്‍ തനിക്കു വന്ന ഫേസ്ബുക്ക് കമന്റും ജില്ല കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. എന്നാല്‍ റോഡിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച് ടെന്‍ഡര്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കാത്തതു മൂലമാണു പണി വൈകുന്നതെന്നു പൊതുമരാമത്തുവകുപ്പ് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. അതേസമയം ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡ് പിന്നീട് ജലവിഭവ വകുപ്പ് കുത്തിപ്പൊളിക്കുന്ന പ്രവണതയെ ജില്ലാ കളക്ടര്‍ വിമര്‍ശിച്ചു. ഇരുകൂട്ടരും തമ്മില്‍ പരസ്പര ധാരണയോടെ പ്രവര്‍ത്തിച്ചു മാത്രമേ തീരുമാനമെടുക്കാവൂ എന്ന് അദ്ദേഹം നിര്‍ദേശിച്ചു.
മഞ്ഞുമ്മലിനു രാത്രി ആറുമണിക്കു ശേഷം സ്വകാര്യ ബസ് സര്‍വീസ് നടത്താന്‍ കൂട്ടാക്കുന്നില്ലെന്ന പരാതി പരിശോധിക്കാന്‍ ജില്ല കളക്ടര്‍ ആര്‍ടിഒയ്ക്ക് നിര്‍ദേശം നല്കി. വേണ്ടിവന്നാല്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണം. ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍ മേഖലകളിലും സമാന സ്ഥിതി വിശേഷമുണ്ടെന്നു യോഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു.
കാക്കനാട് വരെയുള്ള ബസുകള്‍ ഇന്‍ഫോപാര്‍ക്ക് വരെ നീട്ടുന്നതിന് സാധ്യതകള്‍ പരിശോധിച്ചുവരുകയാണെന്നു ആര് ടി ഒ അധികൃതര്‍ അറിയിച്ചു. പള്ളിക്കര വഴി പുതിയ ലോ ഫ്ളോര്‍ ബസ് സര്‍വീസ് ആരംഭിച്ചുകഴിഞ്ഞു. റോഡ് പൂര്‍ത്തിയാകാത്തതു ബസ് സര്‍വീസിന് തടസമായിട്ടുണ്ട്. വഴിയരുകില്‍ വില്‍ക്കുന്ന കുലുക്കി സര്‍ബത്തിന്റെ പരിശോധനയും വെളിച്ചെണ്ണയില്‍ മായം കലര്‍ത്തുന്നതിനെതിരെയും നടപടികള്‍ ശക്തമാക്കാന്‍ ഭക്ഷ്യ സുരക്ഷാവിഭാഗത്തിനു നിര്‍ദേശം നല്കി.
സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ഒലിമുകള്‍ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നലിന്റെ കാര്യത്തിലെ അപാകത പരിഹരിക്കുന്നതിനും ഈ റോഡ് ഒഴികെ വന്നുചേരുന്ന മറ്റു റോഡുകളില്‍ ഹമ്പ് നിര്‍മിക്കാന്‍ നടപടിയെടുക്കാനും വേണ്ടത്ര ട്രാഫിക് വാര്ഡന്മാരെ നിയോഗിക്കാനും തൃക്കാക്കര പോലീസ് അസി. കമ്മീഷണര്‍ ബിജോ അലക്സാണ്ടര്‍ക്ക് ജില്ല കളക്ടര്‍ നിര്‍ദേശം നല്കി. പതിനെട്ടു വയസിനു താഴെയുള്ളവര്‍ ബസുകള്‍ ഓടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിനെതിരെ നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും കര്‍ശന നടപടിയെടുക്കണം.
ജില്ലയില്‍ പ്രധാന റോഡുകളില്‍ സീബ്രാലൈനുകള്‍ വേണ്ടിടത്ത് അവ അടിയന്തരമായി വരയ്ക്കാന്‍ പോലീസിനോടു നിര്‍ദേശിച്ചു.
നടക്കാവ് ജംഗ്ഷനില്‍ ട്രാഫിക് സിംഗ്നൈല് ലൈറ്റിനുള്ള നിര്‍ദേശം തയാറാക്കി അതു നിര്‍മിക്കാന്‍ തയാറായി മുന്നോട്ടുവന്നിട്ടുളള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനു കൈമാറണം. കോട്ടയത്തെ കുമരകത്തു നിന്ന് കടുത്തുരുത്തി വഴി നെടുമ്പാശേരിക്കു സംസ്ഥാന പാത നിര്‍മിക്കണമെന്ന പ്രമേയം സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിക്കുന്നതിനു യോഗം അനുമതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: