പറവൂര്‍: പാണക്കാട് ശിഹാബ് തങ്ങള്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റിനുവേണ്ടി പറവൂര്‍ താലൂക്കിലെ കോട്ടുവള്ളിപഞ്ചായത്തിലെ ഏഴാം വാര്‍ഡ് ആനച്ചാല്‍ ഭാഗത്താണ് 12 ഏക്കറോളം വരുന്ന പൊക്കാളി കൃഷിപ്പാടം നികത്താന്‍ ശ്രമം തുടങ്ങിയിരിക്കുന്നത്. ഇത് കരഭൂമിയാണ് എന്ന് സ്ഥാപിക്കാന്‍ കോട്ടുവള്ളി വില്ലേജ് ഓഫീസിനെ സമീപിച്ചിരിക്കുകയാണ് ട്രസ്റ്റ് അധികൃതര്‍.
11/1എ/എ3, 11/1ബി/2, 11/1ഇ/1, 11/1ഇ/3, 11/1സി/1, 11/1ഡി/1, 11/1ജി/2 എന്നീ സര്‍വേ നമ്പറില്‍പ്പെട്ട 12 ഏക്കര്‍ പൊക്കാളിപ്പാടവും തണ്ണീര്‍ത്തടവും ആണ് തങ്ങള്‍ ട്രസ്റ്റ് വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഇതിനോട് ചേര്‍ന്നുള്ള മറ്റു സ്ഥലങ്ങളും വാങ്ങാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഈ പന്ത്രണ്ട് ഏക്കറിലുള്ള പൊക്കാളി കൃഷിപ്പാടവും തണ്ണീര്‍ത്തടം, ചെറിയ തോടുകളും നികത്താനുള്ള ശ്രമം ആരംഭിച്ചതോടെ പരിസരവാസികള്‍ കോട്ടുവള്ളി പഞ്ചായത്ത് ഓഫീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
ഇതിനിടെ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് രംഗത്ത് വന്നെങ്കിലും പ്രമുഖനായ കോണ്‍ഗ്രസ് എംഎല്‍എ ഇയാളെ പിന്തിരിപ്പിച്ചതായാണ് വിവരം.
കോട്ടുവള്ളി പഞ്ചായത്തിലെ അവശേഷിക്കുന്ന തണ്ണീര്‍ത്തടവും കൃഷി ഭൂമിയുമാണ് ആനച്ചാലിലേത്. ഇതുകൂടി നികത്തപ്പെട്ടാല്‍ കോട്ടുവള്ളി പഞ്ചായത്ത് മരുഭൂമിയായി മാറും. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഈ സ്ഥലത്തിനോട് ചേര്‍ന്ന് അഞ്ചേക്കര്‍ തണ്ണീര്‍ത്തടം നികത്താനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞിരുന്നു. ഈ സ്ഥലത്തിനോട് ചേര്‍ന്ന് താമസിക്കുന്ന വരെ അവര്‍ ചോദിക്കുന്ന വിലകൊടുത്ത് ഒഴിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പ്രതിഷേധിക്കുന്നവരെ പണംകൊടുത്ത് പിന്തിരിപ്പിക്കാനുള്ള ശ്രമവുമുണ്ട്.
എന്നാല്‍ അവശേഷിക്കുന്ന പാടശേഖരവും തണ്ണീര്‍ത്തടവും നികത്താന്‍ അനുവദിക്കില്ലായെന്ന തീരുമാനത്തിലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: