678. സന്തമസാപഹാ – സന്തമസം- കൂരിരുട്ട്. അഗ്നി ജ്വാലാരൂപത്തില്‍ സ്വാഹാദേവി ചുറ്റുമുള്ള ഇരുട്ടിനെ നശിപ്പിക്കുന്നു.
സന്തമസം എന്ന പദത്തിന് അജ്ഞാനം എന്നും അര്‍ത്ഥമുണ്ട്. ഭക്തരുടെ മനസ്സിലെ അജ്ഞാനം നശിപ്പിച്ച് ജ്ഞാനപ്രകാശം പ്രസരിപ്പിക്കുന്നതിനാലും ദേവി സന്തമസപഹയാണ്.
ശ്ലോകം. 144. ശക്തിഃ ക്രിയാ കാലദാത്രീ പരിപാകകരീ ധ്രുവാ
ഗതിഃ സംസാരരൂപാ ച ഘോരാ സംസാരതാരിണീ
679. ശക്തി – ശക്തിയായവള്‍. ശക്തി എന്ന പദത്തിന് ഊര്‍ജ്ജം, ബലം പ്രവര്‍ത്തിക്കാനുള്ള കഴിവ്, പാടവം, അധികാരം, വിഭവശേഷി, സൈന്യം, പ്രതാപം എന്നിങ്ങനെ പല അര്‍ത്ഥങ്ങള്‍. മൊത്തത്തില്‍ പ്രവര്‍ത്തിക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള കഴിവ് എന്നു സംഗ്രഹിക്കാം. ആ കഴിവിന്റെ അധിഷ്ഠാന ശക്തികളെന്നനിലയ്‌ക്ക് പ്രകൃതി, മായ, മഹാലക്ഷ്മി, മഹാഗണപതി എന്നീ അര്‍ത്ഥങ്ങളും ഈ പദത്തിനുണ്ടായി.
ഈ പ്രപഞ്ചത്തില്‍ നിരവധി വസ്തുക്കളും ജീവികളും പ്രതിഭാസങ്ങളുമുണ്ട്. അവയ്‌ക്കെല്ലാം പലതരത്തിലുള്ള പ്രവര്‍ത്തനമുണ്ട്. വസ്തുക്കളെ വസ്തുക്കളാക്കി നിലനിറുത്തുന്ന ശക്തിവിശേഷം ഇല്ലാതായാല്‍ ആ വസ്തുക്കളും ഇല്ലാതാകും. ജീവികളുടെയും പ്രതിഭാസങ്ങളുടെയും കഥ ഇതുതന്നെ. ശിവനില്‍നിന്നു ശക്തി വേര്‍പെട്ടാല്‍ ശിവന്‍ ശവമാകും. ശവത്തെ ശവമാക്കി നിലനിറുത്തുന്ന ശക്തി വേറിട്ടാല്‍ ശവവും ഇല്ലാതാകും. ജീവിയില്‍ നിന്നു ശക്തി വേറിട്ടാല്‍ ജഡമാകും. ജഡവും ഇല്ലാതാകും. ഇരുട്ടിനെ ഇരുട്ടായും വെളിച്ചത്തെ വെളിച്ചമായും കാറ്റിനെ കാറ്റായും ചലനത്തെ ചലനമായും സ്ഥിതിയെ സ്ഥിതയായും നിലനിറുത്തുന്ന സര്‍വാധാരമായ ഉണ്മയാണ് ശക്തി. ആ ശക്തി ദേവിയാണ്. എല്ലാത്തിനും പര ആയതുകൊണ്ടു ദേവി പരാശക്തിയാണ്.
680. ക്രിയാ – പ്രവര്‍ത്തനം. ശക്തിയുടെ പ്രവൃത്തിയാണ് ക്രിയ എന്നുപറയാം. ഈ പ്രപഞ്ചത്തിലുള്ള എല്ലാത്തിനും അതതിന്റെ ക്രിയ അനുഷ്ഠിക്കേണ്ടതുണ്ട്. നിഷ്‌ക്രിയമായി ഒന്നും തന്നെയില്ല. ജീവിയും ജഡവുമായ എല്ലാത്തിന്റെയും ക്രിയകളുടെ ആകത്തുകയാണ് പ്രപഞ്ചപ്രവര്‍ത്തനം. പ്രപഞ്ചത്തില്‍നിന്നു ക്രിയാംശം നീക്കിയാല്‍ പ്രപഞ്ചം ഇല്ലാതാകും. ഘനീഭൂതമായ ക്രിയയാണു പ്രപഞ്ചം എന്നുപറയാം. പ്രപഞ്ച ചേതനയും ശരീരവുമായി രൂപംപൂണ്ട ക്രിയയാണു ദേവി എന്നുപറയാം.
(തുടരും)
















