ചട ചട ചട അടിയുംകൊണ്ട്
ടക ടക ടക താളവുമായി
പോകുന്നുണ്ടൊരു കാളവണ്ടി
കാലം മാറി… കഥ മാറി… കടകടാ… കുടുകുടു. ഒരുകാലത്ത് കേരളത്തിലെ തെരുവോരങ്ങളില്‍ ഗ്രാമനഗര ഭേദമന്യേ കേട്ടുകൊണ്ടിരുന്ന ശബ്ദം. ഇന്നവ ഏറെക്കുറെ ഇല്ലാതായെന്നു പറയാം. എന്നാല്‍ നാമാവശേഷമായെന്നു പറയാനും വയ്യ.
കാളവണ്ടി- ഒരു യുഗത്തിന്റേയും പ്രൗഢിയുടേയും അന്തസ്സിന്റേയും ആഭിജാത്യത്തിന്റേയും പ്രതീകമായിരുന്ന വാഹനം. കാറും ലോറിയും ജീപ്പും നിരത്തുകളില്‍ സജീവമാവുന്ന കാലഘട്ടത്തിനുമുമ്പ് തെരുവോരങ്ങള്‍ കയ്യടക്കിയിരുന്ന വാഹനം.
വീടുകള്‍ക്കു മുമ്പില്‍ ഇന്ന് വിവിധ തരത്തിലുള്ള കാറുകളും, ഇരുചക്ര വാഹനങ്ങളും അന്തസ്സിന്റെ പ്രതീകമായി നിര്‍ത്തുന്നതുപോലെ ഒരുകാലത്ത് കാളവണ്ടിയ്ക്കായിരുന്നു ഈ സ്ഥാനം. എന്നാല്‍ കാലചക്രത്തിന്റെ തിരിച്ചില്‍ അതിവേഗത്തിലായിരുന്നു. മനുഷ്യന് വേഗത്തിനു പുറകേ പായാന്‍ തുടങ്ങി. ആര്‍ക്കും ഒന്നിനും സമയമില്ല. എത്രയും വേഗം നിശ്ചിത സ്ഥാനത്ത് എത്തിച്ചേരുക. അതിനുവേണ്ടി വേഗതയെ അവന് ആശ്രയിച്ചു. സ്വാഭാവികമായി കാളവണ്ടിയുടെ സ്ഥാനം മറ്റുവാഹനങ്ങള്‍ കയ്യടക്കി. ചെറുനഗരങ്ങളെ കൂട്ടിയോജിപ്പിച്ച് വിമാനത്താവളങ്ങള്‍ വരെ നിര്‍മിക്കുന്ന കാലമാണിപ്പോള്‍.
ഗ്രാമങ്ങളില്‍ നിന്നുള്ള കാര്‍ഷിക വിളകള്‍ അന്നത്തെ ചെറുനഗരങ്ങളിലേക്കെത്തിക്കുകയും അവിടെ നിന്നും പലചരക്കു സാധനങ്ങളും മറ്റും തിരിച്ചെത്തിക്കുകയുമായിരുന്നു കാളവണ്ടിയുടെ പ്രധാന ജോലി. കൊയ്ത്തുകഴിഞ്ഞ് പാടങ്ങളില്‍ നിന്നും കറ്റകളും വയ്ക്കോലും വീടുകളിലേക്കും പിന്നീട് മെതിച്ച് നെല്ലാക്കി എത്തേണ്ടയിടങ്ങളില്‍ എത്തിയ്ക്കുകയും ചെയ്തിരുന്നു. വന്മരത്തടികള് പോലും കാളവണ്ടികളിലാണ് കൊണ്ടുപോയിരുന്നത്. ഭാരവും വഹിച്ച് കുന്നുകള്‍ കയറുന്നത് അതിദയനീയം തന്നെയായിരുന്നു. മറ്റു യന്ത്രവാഹനങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ കാളവണ്ടിയുടെ മഹിമ ഏറെയായിരുന്നു. അതില്‍ യാത്ര ചെയ്യുന്നതു തന്നെ അന്തസ്സിന്റെ പ്രതീകമായിരുന്നു.
ഒരുകാലത്ത് പുതിയ സിനിമകള്‍ റിലീസാകുന്ന ദിവസം അതിന്റെ പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നതും കാളവണ്ടികളാണ്. പോസ്റ്ററുകള്‍ ഇരുവശത്തും ഒട്ടിച്ച് മുന്നില്‍ ചെണ്ട കൊട്ടിയായിരുന്നു പ്രചാരണം. ഒപ്പം നോട്ടീസ് വിതരണവും.
എന്തിനധികം ഒരുകാലത്ത് വിവാഹം തുടങ്ങിയ മംഗളാവസരങ്ങളില്‍ കാളവണ്ടിക്കുള്ള സ്ഥാനം ഏറെ പ്രാധാന്യം ഉള്ളതായിരുന്നു. വധൂവരന്മാരെ നടത്തിക്കൊണ്ടുപോകുന്നതായിരുന്നു മുന്‍കാലങ്ങളിലെങ്കില്‍ കാളവണ്ടി വന്നതോടെ അവരെ യഥാസ്ഥാനങ്ങളില്‍ എത്തിക്കേണ്ട ചുമതല ഇവര്‍ കയ്യടക്കി. അലങ്കരിച്ച കാളവണ്ടികളിലായിരുന്നു യാത്ര.
കുട്ടികളുടെ അവധിക്കാലങ്ങളിലും കാളവണ്ടിയില്‍ യാത്രചെയ്യുന്നതിന് ഏറെ തത്രപ്പാടായിരുന്നു. കാളവണ്ടിക്കാരനറിയാതെ അവയില്‍ കയറിപ്പറ്റുന്നതിന് കുട്ടികള്‍ക്കിടയില്‍ മത്സരം തന്നെയായിരുന്നു. അതെല്ലാം ഓര്‍മ്മകളിലേക്ക് മാറി. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് കാളവണ്ടി എന്തെന്ന് ചിത്രങ്ങളിലുടെ വേണം മനസ്സിലാക്കാന്‍.
പല പ്രദേശങ്ങളിലും ആളുകള്‍ അറിയപ്പെട്ടിരുന്നതുതന്നെ അവരുടെ പേരിനോടൊപ്പം വണ്ടിക്കാരന് എന്നുചേര്ത്താകും. വണ്ടിക്കാരന് ചന്ദ്രന്, വണ്ടിക്കാരന് സ്വാമിനാഥന്, വണ്ടിക്കാരന് കിട്ട, വണ്ടിയുള്ള മുഹമ്മദ്, മുസ്തഫ, അബു… എന്നിങ്ങനെ പോകും അത്.
കാളവണ്ടികളില്‍ കൊണ്ടുപോകാന്‍ പറ്റാത്ത സാധനങ്ങളൊന്നും ഇല്ലെന്നു തന്നെ പറയാം. നിത്യോപയോഗ വസ്തുക്കള്‍ മുതല്‍ മരങ്ങള്‍ വരെ അവയില്‍ പെടും. വിശ്രമമെന്തെന്ന് അറിയാതെ അതുംവഹിച്ച് അങ്ങനെ നടക്കും. അതൊരു നടത്തം തന്നെ. കാണേണ്ട കാഴ്ച. വണ്ടിക്കാരന്റെ സ്വഭാവത്തിനനുസരിച്ചിരിക്കും ഇവയോടുള്ള പെരുമാറ്റവും.
വളരെ പുലര്‍ച്ചെ തന്നെ ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് സാധനങ്ങളുമായി യാത്രയാകും. തിരിച്ച് വൈകുന്നേരമാകുമ്പോഴേക്കും കടകളിലേക്കുള്ള പലചരക്കുസാധനങ്ങളുമായി തിരിച്ചെത്തും. ഈയാത്രയ്ക്കിടയില് അവയ്ക്കുചില വിശ്രമകേന്ദ്രങ്ങളുമുണ്ട്. അതേതെന്നും എവിടെയെന്നും കാളകള്‍ക്ക് കൃത്യമായി അറിയാം. കാളവണ്ടിക്കാരന് ഉറങ്ങിയാലും സ്ഥാനതെത്തുമ്പോള് അവ തന്നെ നില്ക്കും.
പണ്ടുകാലത്ത് മൃഗങ്ങളുടെ ദാഹശമനത്തിനായി വഴിയോരങ്ങളില്‍ കരിങ്കല്‍ വെട്ടിയുണ്ടാക്കിയ കല്ത്തൊട്ടികള് ധാരാളമായുണ്ടായിരുന്നു. ചരിത്രത്തിന്റെ അവശേഷിപ്പുകളായി ചിലഭാഗങ്ങളില്‍ ഇന്നും കാണാം.
പതിനായിരം മുതല്‍ ലക്ഷംവരെ വിലപിടിപ്പുള്ള കാളകളുണ്ട്. ഇവയെ തീറ്റിപ്പോറ്റുകയെന്നതു തന്നെ ഏറെ പാടുള്ളതാണ്. എന്നാല്‍ കാളവണ്ടിക്കാരന് അതൊന്നും അന്നത്തെകാലത്ത് പ്രശ്നമായിരുന്നില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ ആഢ്യത്വത്തിന്റെ പ്രതീകമായിരുന്നല്ലോ…
തമിഴ്നാട്, കര്‍ണ്ണാടകം തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഒന്നാന്തരം കാളകളെ വരെ മോഹവിലകൊടുത്ത് കൊണ്ടുവരുമായിരുന്നു. അവയെ വണ്ടിയില്‍ കെട്ടി കൊണ്ടുപോകുന്നതു തന്നെ രസകരമാണ്. ചിലര്‍ ഇതിന് അലങ്കാരങ്ങളും ചാര്‍ത്തും. വീടുകളില്‍ കാള വണ്ടികള്‍ക്കായി, ഇന്നത്തെ കാറുകള്‍ക്കുള്ളതുപോലെ പ്രത്യേക ഷെഡ്ഡുകള്‍ ഉണ്ടായിരുന്നു. ഇന്നും അപൂര്‍വ്വം ചിലയിടങ്ങളില്‍ അവ കാണാം. കാളവണ്ടികള്‍ ഇല്ലാതാവുന്നതുപോലെ കാളച്ചന്തകളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
കാളകളുടെ കാലുകളില്‍ ഇരുമ്പുകൊണ്ടുണ്ടാക്കിയ ആണികള്‍ തറച്ചുകയറ്റുമായിരുന്നു. ഇതിനെ ലാടം എന്നാണ് പറയുക. കാളകളെ വഴിയോരങ്ങളില്‍ കിടത്തി അവയുടെ കാലുകള്‍ ബന്ധിച്ചാണ് ലാടം തറച്ചു കയറ്റുന്നത്. എന്നുവെച്ചാല്‍ മനുഷ്യന് ചെരുപ്പ് ഉപയോഗിക്കുന്നതുപോലെ. ലാടം തേയുമ്പോള്‍ അവയെ മാറ്റുകയും ചെയ്യും. ഒരു പ്രത്യേക രീതിയിലാണ് കാളകളെ ഒറ്റയടിക്ക് കിടത്തുക. ഇതിന്റെ ശബ്ദം ഒരു പ്രത്യേകത തന്നെയാണ്. ഈ ജോലി ചെയ്യുന്നതിന് പ്രത്യേകം ആളുകളും ഉണ്ടായിരുന്നു.
പക്ഷെ പുതിയ പുതിയ വാഹനങ്ങള്‍ നിരത്തുകള്‍ കയ്യടക്കിയതോടെ കാളവണ്ടികളും വലിഞ്ഞുതുടങ്ങി. പഴയതുപോലെ അവയെ തീറ്റിപ്പോറ്റാന്‍ കഴിയാറില്ലെന്നാണ് കാളവണ്ടിക്കാര് പറയുന്നത്. മാത്രമല്ല അന്നത്തെ കാളകളെ മറ്റുപല ജോലികള്‍ക്കും ഉപയോഗിച്ചിരുന്നു. കാളപൂട്ടു മത്സരങ്ങളും, കാളവണ്ടിയോട്ട മത്സരങ്ങളും നാനാഭാഗത്തും ഉണ്ടായിരുന്നു.
അതുപോലെ കാര്‍ഷികാവശ്യങ്ങള്‍ക്കായി കാളത്തേയ്ക്കിനും കന്നുപൂട്ടിനും ഉപയോഗിച്ചിരുന്നു. അതിനാല്‍ വര്‍ഷത്തില്‍ അവയ്ക്ക് വിശ്രമം എന്തെന്നറിയാത്ത പണിയായിരുന്നു. എന്തുവിലകൊടുത്ത് കാളയെ വാങ്ങിച്ചിരുന്നോ തിരിച്ച് അതില്‍ നിന്നുള്ള പ്രതിഫലവും കിട്ടിയിരുന്നു. പത്തും ഇരുപതും അംഗങ്ങളുള്ള കുടുംബങ്ങളുടെ ചിലവ് മുഴുവന്‍ നിര്‍വ്വഹിച്ചിരുന്നത് രണ്ടോ മൂന്നോ കാളകളില്‍ നിന്നായിരുന്നു. അത് അഭിമാനത്തോടെ പറയാന്‍ കര്‍ഷകര്‍ക്കും ഏറെ ചാരിതാര്‍ത്ഥ്യം ഉണ്ടായിരുന്നു.
പലയിടത്തും കണികാണാന്പാലും കാളവണ്ടി കിട്ടാനില്ലാത്ത അവസ്ഥ സംജാതമായിരിക്കുകയാണ്. അതേസമയം കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കാളവണ്ടികളുടെ രൂപത്തിലും ഭാവത്തിലും വ്യതിയാനം വരുത്തി ഉപയോഗിക്കുന്നുമുണ്ട്. പണ്ട് ചക്രങ്ങളില്‍ ജാക്കറ്റായി ഉപയോഗിച്ചിരുന്ന ഇരുമ്പിനു പകരം ഇന്ന് ടയര്‍ ആ സ്ഥാനം കയ്യടക്കി. നേരത്തെ റോഡുകളുടെ തകര്‍ച്ചയ്ക്ക് ഒരു പരിധിവരെ ഇതായിരുന്നു കാരണമെന്നാണ് കുറ്റപ്പെടുത്തിയിരുന്നത്. ഇതിനു പരിഹാരമായാണ് റബ്ബര്‍ ചക്രം ഉപയോഗിക്കാന്‍ തുടങ്ങിയത്.
എന്നാല്‍ ഇന്നും മുസ്ലിം സമുദായക്കാരുടെ നേര്ച്ചകളില് കാളവണ്ടികള്‍ക്ക് മുഖ്യസ്ഥാനമുണ്ട്. തമിഴ്നാട്ടില്‍ നിന്നും പ്രത്യേകം ക്ഷണിച്ചു ഇവയെക്കൊണ്ടു വരാറുണ്ട്.
ഇന്ന് റോഡുകളില്‍ എവിടേയും ആധുനിക രീതിയിലുള്ള വിളക്കുകള്‍ പ്രകാശം തെളിയിച്ചിരുന്നെങ്കില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഗ്രാമങ്ങളില്‍ തെരുവുവിളക്കുകള്‍ പേരിനുപോലും ഉണ്ടായിരുന്നില്ല. അതിനാല്‍ രാത്രികാലങ്ങളില്‍ കാളവണ്ടികളില്‍ ഉപയോഗിച്ചിരുന്ന റാന്തലാണ് സിഗ്നലായിരുന്നത് എന്നു പറയാം. റാന്തല്‍ വെളിച്ചം കണ്ടാല്‍ കാളവണ്ടി പോകുന്നെന്ന് നിശ്ചയം.
കാളവണ്ടികളെക്കുറിച്ച് കഥകളും, നോവലുകളും കവിതകളും നിറഞ്ഞിരുന്ന ഒരു കാലഘട്ടവും ഉണ്ടായിരുന്നു.
”നട നട കാളെ ഇടം വലം ആടി
കുടമണിതുള്ളി നട നടോ നട
നട നട കാളെ ഇടം വലം ആടി
കുടമണിതുള്ളി നട നടോ നട
നമുക്കുമുന്നിലെ വഴിയും നീളുന്നു
നമുക്കൊരുപോലെ വയസ്സുമേറുന്നു
കടകടാചക്രം മുരണ്ടുരുണ്ടു പോം
പഴയൊരീ വണ്ടി വലിച്ചുമുന്നോട്ട്
നടനട കാളെ അറുതിയറ്റൊരീ
നടവഴയില്‍ വീണടിയുവോളവും
നടനട കാളെ പഴയകാലത്തെ
നടയഴകോടെ നട നട നട”- ഒരു കാളവണ്ടിക്കാരന്റെ പാട്ട് എന്ന കവിതയിലൂടെ ഒഎന്‍വി കുറുപ്പ് വരച്ചിടുന്നത് കാളവണ്ടിക്കാരന്റെ മനസ്സാണ്. ഒരു കാലത്ത് കാളവണ്ടിക്കും തനിക്കും കിട്ടിക്കൊണ്ടിരുന്ന പദവിയും പിന്നീട് ആര്‍ക്കും വേണ്ടാതെ, പ്രൗഢിക്ക് മങ്ങലേറ്റതിന്റെ വേദനയും നിഴലിക്കുന്നു, ഈ കവിതയില്‍.
”തോളത്തു കനം തൂങ്ങും വണ്ടിതന്‍ തണ്ടും പേറി
ക്കാളകള്‍ മന്ദം മന്ദം ഇഴഞ്ഞു നീങ്ങീടുന്നു
മറ്റൊരു വണ്ടിക്കാള മാനുഷാകാരം പൂണ്ടി-
ട്ടറ്റത്തു വണ്ടിത്തണ്ടിലിരിപ്പൂ കൂനിക്കൂടി”-കവി പി.ഭാസ്കരന്റെ ഈ വരികളില്‍ നിറയുന്നത് ഭാരവും പേറി നടക്കാന്‍ വിധിക്കപ്പെട്ട കാളയുടെയും ഒപ്പം കാളവണ്ടിക്കാരന്റെയും ദയനീയാവസ്ഥയാണ്.
അതുപോലെതന്നെ ചലച്ചിത്രങ്ങളും എണ്ണിയാലൊടുങ്ങാത്തവ. വണ്ടിക്കാരന് പൊന്നുച്ചാമിയെന്ന കഥാപാത്രത്തെ കേന്ദ്രബിന്ദുവാക്കികൊണ്ടുള്ള സിനിമയും അതില്‍പെടും.
കാളകളെ തീറ്റിപ്പോറ്റുന്നതും വണ്ടികളുടെ അറ്റകുറ്റപ്പണിക്കും മറ്റും ചെലവ് കൂടിയത് വണ്ടിക്കാരെ ഏറെ തളര്‍ത്തി. അതുപോലെ തന്നെ അന്നത്തെയത്ര ജോലികള്‍ ഇല്ലെന്നതും അവരെ പിന്നോട്ടടിപ്പിച്ചു. അതോടൊപ്പം മികച്ച രീതിയില്‍ വണ്ടികള്‍ രൂപകല്‍പ്പന ചെയ്യുന്നവരുടെയെണ്ണവും കുറഞ്ഞുവരികയാണ്. അറ്റകുറ്റപ്പണികള്‍ ചെയ്തുവരുന്നവരുടെ എണ്ണവും കുറഞ്ഞുവന്നു. മാത്രമല്ല പുതുതലമുറക്കാര് ഈ രംഗത്തേയ്ക്ക് കടന്നുവരുന്നത് നന്നേകുറഞ്ഞതാണ് ഇതിനു പ്രധാന കാരണമെന്ന് പാലക്കാട് കിണാവല്ലൂര്‍ സ്വദേശി സ്വാമിനാഥന് പറഞ്ഞു.
കാളവണ്ടിയുഗം ഏതാണ്ട് അവസാനിച്ചുവെന്നുതന്നെ പറയാം. മനുഷ്യനും പ്രകൃതിയും തമ്മില്‍ ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്നതുപോലെ ഇവരണ്ടുമായും അടുത്തിടപഴകിയ മൃഗമാണ് കാളകള്‍. നോക്കിയാല്‍ കാണാത്തത്ര ദൂരത്തില്‍ പരന്നുകിടക്കുന്ന വിശാലമായ വയലുകള്‍, തിന്നുതീര്‍ക്കാന്‍ പറ്റാത്തത്ര പുല്‍ക്കൂട്ടം ഇതെല്ലാം ഓര്‍മ്മയായി. വയലുകള്‍ ശോഷിച്ചു. പുല്ലുകള്‍ കിട്ടാതായി. ഏക്കര്‍ കണക്കിന് സ്ഥലത്ത് പരന്നു കിടന്ന വീടുകള്‍ ഇന്ന് രണ്ടും മൂന്നും സെന്റുകളിലൊതുങ്ങി. വീടിന്റെ ഹരിതാഭ ഭംഗി നിലനിര്‍ത്തിയിരുന്ന പച്ചപ്പുകള്‍ വളപ്പിനുള്ളില്‍ അനുവദിക്കില്ലെന്ന ദൃഢപ്രതിജ്ഞയുമായി ഉടമകള്‍. വീടുകള്‍ക്കുള്ളില്‍ മാത്രമല്ല പ്രതാപത്തിന്റെ പ്രതീകം വിളിച്ചോതുന്നതിന് മുറ്റങ്ങള്‍ പോലും ടൈല്‍സിലേക്ക് വഴിമാറി. പിന്നെന്തു പുല്ല്? പിന്നെന്ത് കാള?
”വയസ്സായല്ലയോ നമുക്കുമൊരുപാടുവയസ്സായ്
നമ്മുടെ പഴയ വണ്ടിയ്ക്കും
കവലയിലിപ്പോള്‍ പുതിയയന്ത്രത്തിന്
ശകടങ്ങള്‍ വായുഭഗവാനെപ്പോലെ
സകലദിക്കിലും ഞൊടിയിലെത്തുമ്പോള്
ഒരു കോളും കാത്തു കിടക്കും നമ്മെ
ദുഃശ്ശകുനം കാണും പോല്‍ പലരും നോക്കുന്നു”…
ഒഎന്‍വിയുടെ ഈ വരികള്‍ ശരിയാണെന്ന് കാലം തെളിയിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: