അമ്മയുടെ നൃത്തച്ചുവടുകളെ ആരാധനയോടെ പിന്തുടര്‍ന്ന പെണ്‍കുട്ടി. നൃത്തത്തെ ജീവിതചര്യയുടെ ഭാഗമാക്കണമെന്ന് സ്വപ്നം കണ്ട് കലയുടെ സാധ്യതകള്‍ തേടി സ്കൂളുകളില്‍നിന്ന് സ്കൂളുകളിലേക്ക്. അമ്മ അനുഗ്രഹിച്ചു നല്കിയ ചിലങ്കയുമായി സ്കൂള്‍ വേദികളില്‍നിന്നും കലോത്സവവേദികളിലേക്ക്. നൃത്തവേദികളില്‍ അമ്മയുടെ പിന്തുടര്ച്ച ഉറപ്പിച്ച മകളെ ഭാഗ്യദേവത കാത്തിരിപ്പുണ്ടായിരുന്നു. സിനിമയുടെ വെള്ളിവെളിച്ചം ഒരിക്കല്‍പോലും സ്വപ്നം കാണാതിരുന്ന ആ പെണ്‍കുട്ടിയെ കാത്തിരുന്നത് മലയാളസിനിമയിലെ സൂപ്പര്‍താരത്തിന്റെ നായികാപദവിയാണ്.
ശ്രീബാല. കെ.മേനോന്റെ ലവ് 24×7ല്‍ ദിലീപിന്റെ നായികയായ നിഖില വിമല്‍ വളര്‍ന്നതും പഠിച്ചതുമെല്ലാം കണ്ണൂരിലെ തളിപ്പറമ്പിലാണ്. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഉദേ്യാഗസ്ഥനായ പവിത്രന്റെയും നര്‍ത്തകിയായ കലാമണ്ഡലം വിമലാദേവിയുടെയും രണ്ടാമത്തെ മകള്‍, എന്നും അമ്മയുടെ പാതയിലായിരുന്നു. സിനിമയും എഴുത്തും ഇഷ്ടപ്പെട്ടിരുന്ന ചേച്ചി അഖിലയ്ക്ക് പക്ഷേ നൃത്തത്തോട് കമ്പമുണ്ടായിരുന്നില്ല. അമ്മയുടെ സ്ഥാപനമായ ചിലങ്കയില്‍ നിന്നും ചിലങ്കയണിഞ്ഞ നിഖിലയുടെ മനസ്സില്‍ നൃത്തം നിറഞ്ഞുനിന്നു. കണ്ണൂര്‍ പുഷ്പഗിരി സ്കൂളിലും മുത്തേടത്ത് സ്കൂളിലും പഠിച്ച നിഖില തന്റെ കലാവാസനയ്ക്ക് കൂടുതല്‍ അംഗീകാരം കിട്ടുകയെന്ന ലക്ഷ്യത്തോടെയാണ് കോട്ടയം ഭരണങ്ങാനം സേക്രട്ട് ഹാര്‍ട്ട് സ്കൂളിലെത്തിയത്.
മോഹിനിയാട്ടത്തിലൂടെയും കേരളനടനത്തിലൂടെയും കുച്ചുപ്പുടിയിലൂടെയുമൊക്കെ സ്കൂള്വേദി കയ്യടക്കിയ കൊച്ചുമിടുക്കിയെ ‘അല്ഫോണ്സാമ്മ’ കാത്തിരിക്കുന്നുണ്ടായിരുന്നു. സ്കൂള്‍ സന്ദര്‍ശനത്തിനെത്തിയ ഷാലോം ടിവിയുടെ ഡയറക്ടര്‍ ഷാലോം ടിവി സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ച ‘അല്ഫോണ്സാമ്മ’ സീരിയലിലെ അല്‍ഫോണ്‍സാമ്മയെ നിഖിലയില്‍ കണ്ടെത്തി. അല്‍ഫോണ്‍സാമ്മയുടെ 16 വയസ്സു മുതല്‍ 32 വയസ്സുവരെയുള്ള ജീവിതവേഷം അന്ന് എട്ടുവയസ്സുകാരിയായ നിഖിലയക്ക് അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പകര്ന്നുനല്കി. അല്ഫോണ്സാമ്മയില്നിന്നും ഭാഗ്യം നിഖിലയെ ‘ഭാഗ്യദേവത’യിലെത്തിക്കുകയായിരുന്നു.
”കുടുംബസുഹൃത്തായ ജോജിയാണ് ‘ഭാഗ്യദേവത’യിലെ നായകന് ജയറാമിന്റെ അനുജത്തിയായി ഒരു കുട്ടിയെ ആവശ്യമുണ്ടെന്നും നീ സത്യന് അന്തിക്കാടിനെ പോയി കാണണം എന്നും പറയുന്നത്. ഒരുദിവസം ഉച്ചയ്ക്കാണ് വിളി വന്നത്. അന്ന് വൈകിട്ട് സ്കൂള്‍ വിട്ടശേഷം ബസ്സില്‍ എറണാകുളത്തെത്തി സത്യന് അങ്കിളിനെ കാണുകയായിരുന്നു. എന്നോട് സംസാരിച്ചിട്ട,് വന്നഭിനയിച്ചോളാന് പറഞ്ഞു. ഓഡിഷന് പോലുമുണ്ടായില്ല. അന്ന് എനിക്കത് അതിശയമായി തോന്നിയില്ല. ‘ഭാഗ്യദേവത’ കഴിഞ്ഞ് ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി ഓഫറുകള്‍ വന്നിരുന്നു. സിനിമ ലക്ഷ്യമായിരുന്നില്ല. പഠിത്തവും നൃത്തവുമായിരുന്നു മനസ്സില്‍. ഒമ്പതാം ക്ലാസില്‍ സംസ്ഥാന കലോല്‍സവത്തില്‍ കേരള നടനത്തിന് മൂന്നാമതെത്തി. കുച്ചുപ്പുടി, നാടോടിനൃത്തം എന്നിവയ്ക്ക് എ ഗ്രേഡും ലഭിച്ചു. പത്താംക്ലാസില്‍ കേരള നടനത്തില്‍ രണ്ടാംസ്ഥാനവും നാടോടി നൃത്തത്തില്‍ എ ഗ്രേഡും കിട്ടി.”
പത്താംക്ലാസ് കഴിഞ്ഞ് ഭരണങ്ങാനത്തുനിന്നും നിഖില വണ്ടികയറിയത് കണ്ണൂരിലേക്ക്. പ്ലസ്ടു പഠനത്തിന്റെ തിരക്ക്. പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്ക് ബോട്ടണിയെടുത്ത് തളിപ്പറമ്പ് സര് സെയ്ദ് കോളേജിലേക്ക്. വഴിമാറി നടന്ന സിനിമ വീണ്ടും നിഖിലയെ തേടിയെത്തി. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷിബു സുശീലനാണ് തമിഴ് സിനിമയിലേക്ക് നിഖിലയെ ക്ഷണിച്ചത്. മക്കാത്ത ആനന്ദ് നായകനായ ‘പഞ്ച് മിഠായി’, ബാലഗുരു നായകനായ ‘ഒന്‍പതു കുഴി സമ്പത്ത്’, രണ്ടു സിനിമകളിലും നായികാവേഷം. ഗ്രാമീണ പെണ്‍കുട്ടിയുടെ റോള്‍. സിനിമകള്‍ റിലീസായില്ല. പഠനവും നൃത്തവും തുടര്‍ന്നു.
”ഭാഗ്യദേവതയില്‍ സത്യന് അന്തിക്കാടിന്റെ അസോസിയേറ്റായിരുന്ന ബാലേച്ചിയുമായി ഫേസ്ബുക്ക് സൗഹൃദമുണ്ടായിരുന്നു. വല്ലപ്പോഴും വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്തിരുന്നു. ഒരുവര്‍ഷം മുമ്പാണ് ബാലേച്ചി എന്നെ വിളിച്ച് സ്വതന്ത്രയായി ഒരു സിനിമ ചെയ്യുന്നുണ്ടെന്നും നീയാവും അതില്‍ നായികയെന്നും പറയുന്നത്. കഥയുടെ വണ്‍ലൈനും പറഞ്ഞു. കലയെ അംഗീകരിക്കുന്ന കുടുംബമായതിനാലും ബാലേച്ചിയുടെ കൂടെയായതിനാലും എല്ലാവര്ക്കും സമ്മതം. അന്ന് സിനിമയുടെ മറ്റ് കഥാപാത്രങ്ങളെ നിശ്ചയിച്ചിരുന്നില്ല. മൂന്നുമാസം കഴിഞ്ഞ് ചേച്ചിയുടെ വിളി വീണ്ടും വന്നു. നിന്റെ നായകനെ അറിയണ്ടെ എന്ന് ചോദ്യം. ദിലീപാണ് നായകന് എന്നു പറഞ്ഞപ്പോള്‍ ഞെട്ടി. ആദ്യമായി ടെന്‍ഷനടിച്ചത് അപ്പോഴാണ്.
സെറ്റിലെത്തിയപ്പോഴും ആ ടെന്‍ഷനുണ്ടായിരുന്നു. ദിലീപേട്ടന് പക്ഷേ നല്ല സപ്പോര്‍ട്ടായിരുന്നു. വഴക്ക് ഒന്നും പറയില്ല. നല്ല ഫ്രണ്ടായി. ബാലേച്ചിയുടെ ഒപ്പമായതിനാല്‍ മറ്റ് ടെന്‍ഷനുമില്ലായിരുന്നു. വെള്ളം കുടിച്ചത് കണ്ണൂര്‍ക്കാരിയായ ഞാന്‍ തിരുവനന്തപുരം സ്ലാംഗ് പഠിക്കേണ്ടിവന്നപ്പോഴാണ്.”
അഭിനയപ്രാധാന്യമുള്ള കഥാപാത്രം കിട്ടിയത് ഭാഗ്യമായി നിഖില കരുതുന്നു. ബോണക്കാട് നിന്നും ചാനലില്‍ തുടക്കക്കാരിയായി എത്തിയ തനി തിരുവനന്തപുരത്തുകാരി കബനി കാര്‍ത്തിക മികച്ച അവതാരകയായി മാറുന്ന മേക്ക് ഓവര്‍ ഗംഭീരമാക്കാന്‍ നിഖിലയ്ക്കു കഴിഞ്ഞു. പക്ഷേ കബനി കാര്‍ത്തികയുമായി തനിക്കൊരു സാമ്യവുമില്ലെന്നാണ് നിഖിലയുടെ പക്ഷം. ഞാന്‍ പൊതുവേ നാണം കുണുങ്ങിയായ പെണ്‍കുട്ടിയാണ്. നേരേ വാ നേരേ പോ എന്നതാണ് രീതി. ഗ്രാമീണതയും മോഡേണും ഇഷ്ടപ്പെടുന്ന, എന്നാല്‍ മോഡേണല്ലാത്ത പെണ്‍കുട്ടിയാണ്. നൃത്തം മറന്നൊരു ജീവിതമില്ല. നൃത്തത്തെ കൈവിട്ടുള്ള ഒരു പരിപാടിക്കുമില്ല.”
മലയാളത്തിലെ പുതിയ നായികാപദവിയെന്ന വിശേഷണമൊന്നും നിഖിലയ്ക്കു മുന്നില്‍ വിലപ്പോവില്ല. ”സിനിമയില്‍ ഡ്രീം റോള്‍ എന്നൊക്കെ പറയാന്‍ മാത്രമൊന്നും ആയിട്ടില്ല. മലയാളത്തില്‍ അഭിനയസാധ്യതയുള്ള ഒരു കഥാപാത്രം ലഭിച്ചു. നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ ചെയ്യും. അത് തമിഴിലായാലും മലയാളത്തിലായാലും. തമിഴ് ഇപ്പോള്‍ നന്നായി അറിയാം. നല്ല സിനിമകളുടെ ഭാഗമാകുക എന്നതുമാത്രമേ ആഗ്രഹമുള്ളൂ. അമിത ആഗ്രഹങ്ങളൊന്നുമില്ല. തമിഴില്‍നിന്നും മലയാളത്തില്‍നിന്നും ഓഫറുകള്‍ വന്നിട്ടുണ്ട്. ചിന്തിച്ചുമാത്രമേ തീരുമാനമെടുക്കൂ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: