തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാരമേഖലയില്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കേരള ടൂറിസം പ്രതിനിധികള്‍ ദല്‍ഹിയില്‍ നടന്ന ടൂറിസം നിക്ഷേപക സംഗമത്തില്‍ പങ്കെടുത്തു.
രാജ്യത്തെ വിനോദസഞ്ചാരമേഖലയിലെ നിക്ഷേപസാധ്യതകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് ടൂറിസം ഫിനാന്‍സ് കോര്‍പ്പറേഷനും ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും സംയുക്തമായാണ് ദ്വിദിന ടൂറിസം നിക്ഷേപകസംഗമം സംഘടിപ്പിച്ചത്.
വിനോദസഞ്ചാരമേഖലയിലെ പ്രമുഖനിക്ഷേപകരും നയകര്ത്താക്കളുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള വേദിയാണ് സംഗമമെന്ന് കേരളത്തിലെ ടൂറിസം സാധ്യതകള്‍ അവതരിപ്പിക്കവെ സംസ്ഥാന ടൂറിസം സെക്രട്ടറി ജി. കമല വര്‍ധന റാവു പറഞ്ഞു. പദ്ധതികള്‍ രൂപീകരിക്കുന്നതിന് ഇന്‍സെന്റീവ് നല്‍കുന്നതിനെക്കുറിച്ചും മേഖലയിലെ വിവിധ നിക്ഷേപ അവസരങ്ങളെക്കുറിച്ചും അദ്ദേഹം വിശദമാക്കി. സംഗമത്തെ തുടര്‍ന്ന് നിരവധി സ്വകാര്യനിക്ഷേപകരെ കണ്ടെത്താനാകുമെന്ന് സംസ്ഥാന വ്യവസായവികസന കോര്പ്പറേഷന് എംഡി ഡോ എം. ബീന പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ നിക്ഷേപസാധ്യതകളെക്കുറിച്ചുള്ള അവതരണങ്ങള്‍ക്കു പുറമെ ടൂറിസം അടിസ്ഥാനസൗകര്യ വികസനത്തെക്കുറിച്ചുള്ള സെഷനുകളും മുഖ്യനിക്ഷേപകരും സംസ്ഥാനസര്‍ക്കാരുകളും തമ്മിലുള്ള ചര്‍ച്ചകളും നടന്നു. ഫെഡറേഷന് ഹൗസില്‍ നടന്ന സംഗമത്തില്‍ രാജ്യത്തെ വിനോദസഞ്ചാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ നിക്ഷേപകരും നയകര്‍ത്താക്കളും പ്രതിനിധികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: