ഏതന്‍സ്: യൂറോപ്യന്‍ യൂണിയന്‍ കടാശ്വാസ പാക്കേജ് വഴി സഹായം ലഭിക്കുന്നതിനു നടപ്പാക്കേണ്ട പരിഷ്‌കാരങ്ങള്‍ ഗ്രീക്ക് പാര്‍ലമെന്റ് അംഗീകരിച്ചു. രണ്ടാം തവണയാണ് പാക്കേജിന് പാര്‍ലമെന്റിന്റെ അനുമതി ലഭിക്കുന്നത്. 8,600 കോടി യൂറോയുടെ രക്ഷാ പദ്ധതി നടപ്പാക്കാന്‍ വരുത്തേണ്ട സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കാണ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. 298 അംഗ സഭയില്‍ 230 എംപിമാര്‍ പരിഷ്‌കാരങ്ങളെ അനുകൂലിച്ചപ്പോള്‍, 63 പേര്‍ എതിര്‍ത്തു.
ബാങ്ക് ഡെപ്പോസിറ്റ് ലഭിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവെച്ച പരിഷ്‌കാര നടപടികളാണ് പാര്‍ലമെന്റിന്റെ പരിഗണനയ്‌ക്കു വന്നത്. ഇതോടൊപ്പം സാമൂഹ്യ നീതി പരിഷ്‌കാരങ്ങളും നടപ്പാക്കും. നികുതി ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് പാര്‍ലമെന്റ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. രണ്ടാം വട്ടവും പാര്‍ലമെന്റിലെ കടമ്പ കടന്നതോടെ കടബാധ്യത കുറയ്‌ക്കുന്നതിനുള്ള നടപടികള്‍ക്കു വേഗമേറും.
പാര്‍ലമെന്റിന്റെ പിന്തുണ പ്രധാനമന്ത്രി അലക്‌സി സിപ്രസിന് പാര്‍ട്ടിക്കകത്തും പുറത്തുമുള്ള സ്വാധീനം വര്‍ധിപ്പിക്കും.
സഹായ ലഭ്യതക്ക് മന്ത്രിസഭ അംഗീകരിച്ച പരിഷ്‌കാരങ്ങള്‍ രാജ്യത്ത് വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. പാര്‍ലമെന്റിനകത്ത് ഭരണകക്ഷിയായ സിരിസ പാര്‍ട്ടിയുടെ സഖ്യ കക്ഷികളും വിശ്വസ്തരുമടക്കം പ്രധാനമന്ത്രി അലക്‌സി സിപ്രസിനെതിരെ നിലപാടെടുത്തു. ഇതിനു പിന്നാലെ മന്ത്രിസഭയില്‍ നിന്ന് ഒമ്പതു പേരെ മാറ്റി. ഈ സാഹചര്യത്തിലാണ് രണ്ടാം വട്ട വോട്ടെടുപ്പ് നടന്നത്.
















