671. സര്‍വദേവസ്വരൂപാ – എല്ലാ ദേവന്മാരായും രൂപം സ്വീകരിച്ചവള്‍. പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനത്തിനായി ദേവി വിവിധ ദേവസ്വരൂപങ്ങള്‍ സ്വീകരിച്ചു. അഗ്നിയും വായുവും ജലവുംപോലെ പ്രപഞ്ചപ്രവര്‍ത്തനത്തിനു കാരണമായ അനേകമനേകം ശക്തികളുണ്ട്. അവയുടെ അധിഷ്ഠാനദേവതകളാണ് അഗ്നിദേവനും വരുണദേവനും വായുദേവനുമെല്ലാം. പരസ്പരമാശ്രിതങ്ങളായ ബഹുസഹസ്രകോടിക്കണക്കിനുള്ള പ്രപഞ്ചശക്തികളെ നിയന്ത്രിക്കുന്ന ദേവസമൂഹം ദേവിയുടെ രൂപഭേദങ്ങള്‍ മാത്രമാണ്. ഏകവും അഖണ്ഡവുമായ ദേവീചൈതന്യം എല്ലാ ദേവന്മാരുടെയും ദേവിമാരുടെയും സ്വരൂപം സ്വീകരിക്കുന്നു.
672. സര്‍വലോകഹിതൈഷിണീ – എല്ലാ ലോകങ്ങള്‍ക്കും ലോകര്‍ക്കും നന്മ വരണമെന്ന് ആഗ്രഹിക്കുന്നവള്‍. ദേവി അമ്മയാണ്. ”ലോകത്തിന് ഒരേ ഒരമ്മയേയുള്ളൂ. ആ അമ്മ വേറെ വേറെ സ്ത്രീകളുടെ രൂപത്തില്‍ വേറെ വേറെ ശിശുക്കളെ പ്രസവിക്കുന്നു” എന്നതു പ്രഥിതമായ ഒരു ചൊല്ലാണ്. തന്റെ സന്താനങ്ങളോട് മാത്യവാത്സല്യമാണ് അമ്മയ്‌ക്കുള്ളത്. സന്താനങ്ങളുടെ നന്മയ്‌ക്കായി ചിലപ്പോഴൊക്കെ ക്രോധം അഭിനയിക്കുമെങ്കിലും ആ ക്രോധം നന്മ പകരാനുള്ള ഉപാധിമാത്രമായിരിക്കും.
(തുടരും)
















