ചാത്തന്നൂര്‍: മരണദൂതുമായി സ്കൂള്‍ വാഹനങ്ങള്‍ നിരത്തില്‍ ചീറിപ്പായുമ്പോള്‍ നെഞ്ചിടിപ്പോടെയാണ് രക്ഷിതാക്കള്‍ വീട്ടില്‍ കഴിയുന്നത്.
കുഞ്ഞുങ്ങളെ സ്കൂളുകളില്‍ പഠിക്കുന്നതിന് വേണ്ടി അയച്ചിട്ട് വൈകുന്നേരങ്ങളില്‍ അവരെയും കാത്ത് റോഡുകളില്‍ നില്ക്കുന്ന അമ്മാരുടെ മുന്നിലേയ്ക്ക് മക്കളുടെ മരണസന്ദേശം എത്തുന്നത് ഒഴിവാക്കാന്‍ സമയമായി. സ്കൂള്‍ അധികൃതരുടെ ചെറിയ അശ്രദ്ധമൂലം വിലപ്പെട്ട ജീവന് നഷ്ടപ്പെടുന്ന കാഴ്ചയാണ് കല്ലുവാതുക്കലില്‍ കഴിഞ്ഞദിവസം കണ്ടത്. സ്കൂള്‍ ബസുകള്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമല്ലാതായി മാറുന്നു.
സ്കൂള്‍ തുറക്കുന്നതിന് മുമ്പ് തനനെ കര്‍ശന നിര്‍ദ്ദേശങ്ങളും ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണ ക്ലാസ്സും നല്‍കിയതാണ്. ആര്‍ടിഒമാര്‍ അവരുടെ കടമ നിര്‍വഹിച്ച് കഴിഞ്ഞെങ്കില്‍ സ്കൂള്‍ തുറന്നതിന് ശേഷം ബസുകളില്‍ പരിശോധന നടത്താന്‍ നാളിരുവരെ കഴിഞ്ഞിട്ടില്ല. പരിശോധനകള്‍ ഇല്ലാത്തതുകൊണ്ട് തന്നെ സ്വകാര്യ സ്കൂള്‍ മാനേജുമെന്റുകള്‍ പുറത്തുനിന്നുള്ള വാഹനങ്ങളുമായി കരാര്‍ ഉണ്ടാക്കി യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കാതെയാണ് കുട്ടികളെ കൊണ്ടുപോകുന്നതും വരുന്നതും. അതിന്റെ ഉദാഹരണമാണ്
കല്ലുവാതുക്കലില്‍ ഉണ്ടായ അപകടത്തിന് കാരണമായ വാഹനം. സ്കൂള്‍ അധികൃതര്‍ കരാര്‍ അടിസ്ഥാനത്തില്‍ എടുത്ത വാഹനമാണ് ഇന്നലെ അപകടത്തിന് കാരണമായത്.
പാരലല്‍ സര്‍വ്വീസില്‍ ഓടിക്കൊണ്ടിരുന്ന നിരവധി വാഹനങ്ങളാണ് ഇത്തരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓടുകയാണ്. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും തന്നെ ഈ വാഹനങ്ങളില്‍ ഇല്ല. എന്നുമാത്രമല്ല ഈ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ബോധവത്ക്കരണ ക്ലാസുകളില്‍ പോയിട്ടുമില്ല. ഇവര്‍ക്ക് കുട്ടികളുടെ കാര്യത്തില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നതാണ് വാസ്തവം.
കഴിഞ്ഞദിവസം അപകടം നടന്ന ഉടന്‍തന്നെ ബസിലെ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയും ബസിലെ ആയ മറ്റുകുട്ടികളുമായി ഓട്ടോറിക്ഷയില്‍ കയറി സ്ഥലം വിടുകയുമായിരുന്നു. രക്തത്തില്‍ കുതിര്‍ന്ന് മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി കെവിന്‍പ്രകാശ് റോഡില്‍ കിടന്നു. അതുവഴി വന്ന കാര്‍ യാത്രക്കാരനാണ് ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചത്. ഇതുതന്നെ കരാര്‍ അടിസ്ഥാനത്തില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാരുടെ ഉത്തരവാദിത്വമില്ലായ്മ ചൂണ്ടിക്കാണിക്കുന്നു. സംഭവ സ്ഥത്തുനിന്നും ഒരു കിലോമീറ്റര്‍ അകലമുള്ള സ്കൂളായിട്ടും സ്കൂള്‍ അധികൃതര്‍ സംഭവസ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയില്ല. മാത്രമല്ല അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍തന്നെ വാഹനം അവിടെ നിന്നുമാറ്റി പോലീസ് സ്റ്റേഷനില്‍ കൊണ്ടിടുന്നതിന് പകരം സ്കൂളില്‍ കൊണ്ടിടുകയും ചെയ്തു.
സ്കൂളില്‍ നിന്നാണ് പോലീസ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. സ്കൂള്‍ ബസിലെ നിയമം അനുസരിച്ച് ഇറക്കേണ്ട സ്റ്റോപ്പില്‍ വണ്ടി നിര്‍ത്തിയ ശേഷം മാത്രമേ സീറ്റില്‍ നിന്നും കുട്ടികളെ എണീപ്പിക്കാവു. വാഹനത്തില്‍ ഉണ്ടായിരുന്ന ആയ ഇത് ചെയ്തിട്ടില്ല. കുട്ടി ചവിട്ടുപടിയില്‍ നില്‍ക്കുകയായിരുന്നു. അതുകൊണ്ടാണ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് ഡോര്‍ തുറന്ന ഉടന്‍ കുട്ടി റോഡിലേക്ക് വീണതും അപകടം ഉണ്ടായതും. ഇത് തന്നെ വാഹനത്തില്‍ ഉണ്ടായിരുന്ന സ്കൂള്‍ സ്റ്റാഫിന് ആവശ്യമായ ബോധവത്ക്കരണം കൊടുക്കാത്തതിന് ഉദാഹരണമാണ്. വര്‍ഷംതോറും ബസ് ഫീസും മറ്റ് ഫീസും വര്‍ദ്ധിക്കുന്നു.
സ്വകാര്വ ബസധികൃതര്‍ കുട്ടികളുടെ സുരക്ഷാ കാര്യങ്ങളില്‍ ശ്രദ്ധവേണമെന്നും രക്ഷകര്‍ത്താക്കള്‍ ആവശ്യപ്പെടുന്നു. എല്ലാ സ്കൂള്‍ വാഹനങ്ങള്‍ക്കും വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന സ്വകാര്യബസുകള്‍ക്കും സുരക്ഷാപരിശോധന നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ കൊടുക്കേണ്ടത് അത്യാവശ്യമാണ്. അപകടങ്ങള്‍ വരുമ്പോള്‍ മാത്രം പരിശോധനകള്‍ നടത്താതെ എല്ലാത്തിനും സ്ഥിരം സംവിധാനം ഉണ്ടാക്കണം.
എന്നാല്‍ മാത്രമേ കുട്ടികളെ സ്കൂളില്‍ വിട്ടതോര്‍ത്ത് വീട്ടിലിരിക്കുന്ന അമ്മമാരുടെ നെഞ്ചിടിപ്പ് മാറ്റാന്‍ പറ്റു. ഓരോ കുഞ്ഞുങ്ങളുടെ ജീവനും വിലപ്പെട്ടതാണെന്നും അവര്‍ക്ക് അപകടം പറ്റിയാല്‍ ആശുപത്രിയില്‍ എത്തിക്കേണ്ട ഉത്തരവാദിത്വം കൂടി തങ്ങള്‍ക്കുണ്ടെന്ന ചിന്തകൂടി ഓരോ ഡ്രൈവര്‍മാര്‍ക്കും ഉണ്ടാകണം. വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങള്‍ക്കും സുരക്ഷാപരിശോധന നടത്തുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: