കൊച്ചി: പെലാജിക് പെയര്‍ ട്രോളിംഗ് നിരോധിക്കണം എന്നാവശ്യപ്പെട്ട് കേരള പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, സോണല്‍ ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
പെലാജിക് പെയര്‍ ട്രോളിംഗ് കടലിലെ മത്സ്യ സമ്പത്തിന്റെ പൂര്‍ണ്ണ നാശത്തിന് ഇടയാക്കുമെന്ന ശാസ്ത്രീയമായ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പെലാജിക് ട്രോളിംഗ് നിരോധിക്കണമെന്നും 90 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിംഗ് നിരോധനം നടപ്പിലാക്കണമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ഉതകുന്ന തരത്തില്‍ കേന്ദ്ര ഫിഷറീസ് നയം രൂപീകരിക്കണമെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ.സി.എം.ജോയ് അഭിപ്രായപ്പെട്ടു.
വനാവകാശം പോലെ ഇന്ത്യയിലെ മത്സ്യ ബന്ധനം ഉപജീവനമായി സ്വീകരിച്ചിട്ടുള്ള ഈ സമൂഹത്തിന് കടലവകാശ നിയമം ഉണ്ടാകേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമായി വന്നിരിക്കുന്നു. പെലാജിക് പെയര്‍ ട്രോളിംഗ് കടലില്‍ ഉപയോഗിക്കുന്നത് മത്സ്യ സമ്പത്തിന്റെ നാശവും കടലില്‍ തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ കാരണവുമാകും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രദ്ധിക്കണമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയന് സംസ്ഥാന സെക്രട്ടറി വി.ഡി.മജീന്ദ്രന് അഭിപ്രായപ്പെട്ടു. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് ജില്ലാ പ്രസിഡന്റ് പി.വി.വിത്സന്, പരിസ്ഥിതി പ്രവര്‍ത്തകനായ എം.എന്‍.ഗിരി, പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയന് ജില്ലാ പ്രസിഡന്റ് ടി.ബി.ഉണ്ണികൃഷ്ണന്, ജില്ലാ സെക്രട്ടറി പി.ബി.ദയാനന്ദന് എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ച്ചിനും ധര്‍ണ്ണയ്ക്കും കേരള പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയന് ജില്ലാ നേതാക്കളായ എ.എം.വര്‍ഗീസ്, മുരളി ടി.കെ, സന്തോഷ്.ഒ.ബി. ശിവന് പി.എസ്, ബെര്‍ലി വച്ചാക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: