തനിക്കും സീതാദേവിക്കും ലക്ഷ്മണനും വസിക്കാന്‍ യോഗ്യസ്ഥലം ചോദിച്ച രാമനോട് വാല്മീകിമഹര്ഷി.
സിദ്ധഭക്തന്മാരുടെ ലക്ഷണങ്ങളെല്ലാം വിവരിക്കുന്നു. സര്‍വ്വവ്യാപിയാണെങ്കിലും പരമാത്മാവ് വസിക്കുന്ന സ്ഥലങ്ങലാണ്.സന്തുഷ്ടരും സമദൃഷ്ടികളും വൈരമില്ലാത്തവരും, ശാന്തരും, സദാ ഭജനയില്‍ മുഴുകിയവരും, സമബുദ്ധികളും, നിസ്പൃഹരും ലൗകിക, സ്വാര്ത്ഥമൊന്നുമില്ലാതെ ജപിക്കുന്നവരുമായ സിദ്ധന്മാരുടെ ചിത്തത്തിലാണ് ഭഗവാന് വസിക്കുന്നത്. ശാന്തരും അഹങ്കാരമില്ലാത്തവരും,കല്ല്,മണ്ണ്,സ്വര്‍ണ്ണം എന്നിവ തുല്യമായി കണക്കാക്കുന്നവരും,ശരണാഗതരും, ഇഷ്ടാനിഷ്ടങ്ങള്‍ എല്ലാം ഭഗവാന്റെ മായയാണെന്നറിയുന്നവരും സിദ്ധഭക്തരും ഈശ്വരപ്രാപ്തിക്കര്ഹരുമാണ്. ആത്മതത്വമറിഞ്ഞ് പരിണമിച്ചുകൊണ്ടേയിരിക്കുന്ന ശരീരത്തിനും ലോകത്തിനും അതീതരായവര്‍ ജ്ഞാനികളായ സിദ്ധന്മാരാണ്. ഹഠയോഗാഭ്യാസികളും ബ്രഹ്മജഞാനികളും കരുണാമയന്മാരായിട്ടുള്ളവര്ക്കും ഈശ്വരപ്രാപ്തിയുണ്ടാവുന്നു.
ഇവിടെ നാം ശ്രദ്ധിക്കേണ്ടത് ഇതൊന്നും തന്നെ ബാഹ്യനേട്ടങ്ങളല്ല,ബാഹ്യലോക വിജയികളാരും ഈ പട്ടികയിലില്ല എന്നതാണ്. ബാഹ്യനേട്ടങ്ങള്ക്കതീതരാവണം സിദ്ധന്റെ മനസ്സെന്നുപറയുമ്പോള് ബാഹ്യനേട്ടങ്ങള്ക്കാവശ്യമായ കഴിവുകളെല്ലാമുണ്ടായിരിക്കണമെന്നു വേറെ പറയേണ്ടല്ലോ എന്നു നാം മനസ്സിലാക്കണം. തമോഗുണികള്‍ നാമം ജപിച്ചാല്‍ രജോഗുണനേട്ടങ്ങള് ഉണ്ടാകും. ഇത്തരത്തില്‍ ക്രമേണ സത്വത്തിലേക്കും സിദ്ധാവസ്ഥയിലേക്കും പ്രവേശിക്കുമെന്നുവേണം മനസ്സിലാക്കാന്‍ വാല്മീകി മഹര്‍ഷിയും നാമജപത്തിലൂടെ ആദ്യമഹാകാവ്യ രചയിതാവും പിന്നീട് മഹര്‍ഷിയും ആയ ആളാണല്ലോ? എത്ര തമോഗുണിയാണെങ്കിലും സത്സംഗത്താല്‍ നന്നാവാത്തവരില്ല. ഇവിടെ വാല്മീകി മഹര്ഷിസപ്തര്ഷികളെയല്ല,
സപ്തര്‍ഷികള്‍ രത്നാകരന്റെയടുത്താണ് എത്തിയത്. ഇതുനമ്മോടു പറയുന്നത്. സദ്ജനങ്ങള്‍ ഗുണം കുറഞ്ഞവരുടെ അടുത്തെത്തി അവരെ ഉയര്‍ത്തണമെന്നാണ്. അവരില്‍ നിന്ന് അകന്നു കഴിയണമെന്നല്ല. തന്റെ ഗുരുക്കന്മാര്ക്കു പോലും കഴിയാത്തത്ര ജനസേവനമാണ് രാമായണ കാവ്യരചനയിലൂടെ വാല്മീകി മഹര്‍ഷി ചെയ്തത്. ‘ശിഷ്യാദിച്ഛേത് പരാജയം’ എന്നതാണ് നല്ല ഗുരുവിന്റെ ലക്ഷണം.
രത്നാകരന് കര്‍മ്മഫലത്തെ നാമജപം,തപസ്സ് എന്നിവയാല്‍ പരിഹരിച്ച് മഹര്‍ഷിയായി. എന്നാല്‍ രാമനെ നിത്യം സ്മരിച്ചിട്ടും നേരില്‍കണ്ടിട്ടും പുത്രനായി പാലിച്ചിട്ടും ദശരഥ മഹാരാജാവിന്റെ പാപഫലം ഇല്ലാതായില്ല. ‘ഗഹനാ കര്മ്മണോഗതി’ എന്നുപറയുന്നതു വെറുതേയല്ല. രാജാവിനു ജനങ്ങള്ചെയ്യുന്ന പാപ പുണ്യങ്ങളുടെ ഒരംശം ലഭിക്കുമെന്നു ശാസ്ത്രങ്ങള്‍ പറയുന്നു. ഏതായാലും സദ്കര്‍മ്മങ്ങള്‍ ചെയ്താല്‍ നല്ലതും ദുഷ്കര്‍മ്മങ്ങള്‍ ചെയ്താല്‍ ചീത്തയുമായ ഫലം കിട്ടുമെന്ന ചിന്തയെല്ലാം മുന്‍ കരുതലോടെ ജീവിക്കാനും പശ്ചാത്താപത്തിന്ന് (പിന്നീടു ദുഃഖിക്കാന്‍) ഇടവരുത്താതിരിക്കാനും പ്രേരിപ്പിക്കണം.
ദശരഥന്റെ മരണശേഷം കേകയ രാജ്യത്തുചെല്ലുന്ന വസിഷ്ഠമഹര്‍ഷിയുടെ ദൂതന് അയോദ്ധ്യയിലെ ദുഃ ഖവാര്ത്തകളൊന്നും അവിടെ വിളമ്പുന്നില്ല. ഗുരു ഉടനെ വിളിക്കുന്നുവെന്നേ പറയുന്നുള്ളൂ. ഇന്നു ദൂതരായെത്തുന്ന മാദ്ധ്യമങ്ങള്‍ ഹത്യകളും, ബലാല്സംഗംങ്ങളും അഴിമതിക്കഥകളുമാണ് നിത്യേന വിളമ്പുന്നത്. പാപികളുടെ ചരിതം വിളമ്പി നല്ലവരേയും പാപത്തിലേക്കു പ്രേരിപ്പിക്കുന്ന ഇവര്‍ രാമായണത്തിലെ ദൂതന്മാരെ കണ്ടുപഠിക്കണം.നിത്യേന രാവിലെ പത്രം മാത്രമല്ല രാമായണം എന്നിവയും വായിക്കണം. സദ്ഗ്രന്ഥങ്ങള്‍ നല്ല മനസ്സുണ്ടാവാന്‍ സഹായകമാണ്. അവയിലെ ദുരന്തങ്ങള്‍ നമ്മെ വഴിതെറ്റിക്കാത്തതിന്നു കാരണം അവയെഴുതുന്നവര്ക്കു സംസ്കാരമുണ്ടായിരുന്നതിന്നാലും അവരുടെ ഉദ്ദേശ്യം നന്നായിരുന്നതിനാലുമാണ്. അയോദ്ധ്യാവാസികളും ഭരതനെ കുറ്റപ്പെടുത്താതെ രാമന്റെയും ദശരഥന്റെയും വിയോഗത്താല്‍ ദുഃഖിതരായി മാത്രം കാണപ്പെടുന്നു.
















