667. സര്‍വകാരണകാരിണീ – എല്ലാത്തിനും കാരണമായ മൂലപ്രകൃതിക്കു കാരണമായവള്‍. സര്‍വാധാരമായ ബ്രഹ്മചൈതന്യം സൃഷ്ട്യഭിവാഞ്ചയ്‌ക്കു വഴങ്ങുമ്പോള്‍ ആ ചൈതന്യത്തില്‍ നിന്നു പുരുഷനും പ്രകൃതിയും ഉണ്ടാകുന്നതു മുന്‍പു പറഞ്ഞിരുന്നു. നിഷ്‌ക്രിയമായ പുരുഷചൈതന്യത്തെ പ്രേരകനും സാക്ഷിയുമാക്കി പ്രകൃതി സൃഷ്ടിക്കുന്നു. സൃഷ്ടിയുടെ പ്രാഗ്രൂപത്തെ മൂലപ്രകൃതി എന്നുപറയും. മൂലപ്രകൃതിയില്‍ നിന്നു ത്രിഗുണങ്ങളും പഞ്ചഭൂതങ്ങളും ഉണ്ടാകുന്നു. ഇവയുടെ പരസ്പരാകര്‍ഷണവികര്‍ഷണങ്ങളും വിശ്ലേഷണവും കൊണ്ട് ലോകങ്ങളും ജീവികളും ജഡവസ്തുക്കളും ഉണ്ടാകുന്നു. പ്രപഞ്ചമായി വ്യാപിക്കുന്ന മൂലപ്രകൃതിക്കു കാരണമാകയാല്‍ സര്‍വകാരണകാരിണിയായി ദേവിയെ സ്തുതിക്കുന്നു.
സര്‍വാദ്യാ സര്‍വ ലോകാനാം സേവ്യാ സര്‍വാന്തരാത്മികാ
സര്‍വദേവ സ്വരൂപാ ച സര്‍വലോകഹിതൈഷിണീ
668. സര്‍വാദ്യാ – എല്ലാത്തിനും തുടക്കമായവള്‍. എല്ലാത്തിനും മുമ്പുള്ളവള്‍. അനാദിയായ പരാശക്തിയാണു ദേവി. ദേവിയില്‍ നിന്നുണ്ടായതാണ് മറ്റെല്ലാം.
669. സര്‍വലോകാനാം സേവ്യാ – എല്ലാ ലോകര്‍ക്കും സേവിക്കാവുന്നവള്‍, എല്ലാവരാലും സേവിക്കപ്പെടുന്നവള്‍. സര്‍വാദ്യയായ ജഗദംബികയില്‍ നിന്നുണ്ടായതാണു സമസ്തപ്രപഞ്ചവും. പ്രപഞ്ചത്തിലുള്ള എല്ലാവര്‍ക്കും മാതാവായ ദേവിയെ സേവിക്കാന്‍ എല്ലാവര്‍ക്കും അവകാശവും ബാദ്ധ്യതയുമുണ്ട്.
670. സര്‍വാന്തരാത്മികാ – എല്ലാവരുടെയും എല്ലാത്തിന്റെയും അന്തരാത്മാവായവള്‍. ഏകവും അപരിഛിന്നവുമായ പരാശക്തി തന്നെയാണ് പരമാത്മാവായി ലോകത്തെ പ്രവര്‍ത്തിപ്പിക്കുന്നത്. ആ പരമാത്മാവ് ഓരോ ജീവിയിലും ജീവാത്മായി വര്‍ത്തിക്കുന്നു. പരമാത്മാവിന്റെ സ്ഫുരണമാണു ജീവാത്മാവെന്നു പറയാം. ഓരോ ജീവിയുടെയും ഉള്ളില്‍ ജീവാത്മായി വര്‍ത്തിക്കുന്ന പരാശക്തിയെ എല്ലാത്തിന്റെയും അന്തരാത്മാവായി സ്തുതിക്കുന്നു.
(തുടരും)
















