കളമശ്ശേരി: കളമശ്ശേരി എച്ച്എംടി ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നിസംഗത തുടരുന്നു. ഇന്നലെ എച്ച്എംടി ജംഗ്ഷന് സമീപത്താണ് മധ്യവയസ്കന് ലോറി കയറിയിറങ്ങി മരിച്ചത്. നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചിട്ടും മണിക്കൂറുകള്‍ക്ക് ശേഷമാണ് സംഭവസ്ഥലത്ത് എത്തിയത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ ഈഭാഗത്തെ റോഡില്‍ നടന്ന മൂന്ന് അപകടങ്ങളിലും മൂന്നുപേരുടെ ജീവന് നഷ്ടപ്പെട്ടിരുന്നു. ഓരോ അപകടത്തിന് ശേഷവും താല്ക്കാലികമായ സുരക്ഷാ സംവിധാനങ്ങള്‍ മാത്രമാണ് പോലീസ് ഒരുക്കുന്നത്. ഇതൊക്കെ ദിവസങ്ങള്‍ക്കുശേഷം അപ്രത്യക്ഷമാകുകയും ചെയ്യും.
കളമശ്ശേരിയിലെ പ്രധാന ജംഗ്ഷനിലൂടെ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. ഇതില്‍ തന്നെ ലോറികള്‍ അടക്കമുള്ള ഹെവി വാഹനങ്ങളാണ് അധികവും. ജീവന് പണയപ്പെടുത്തിയാണ് കാല്‍നടയാത്രക്കാരും ചെറുവാഹനങ്ങളും ഇതിലൂടെ കടന്ന് പോകുന്നത്. മിക്കപ്പോഴും അപകടത്തിന് ഇരയാകുന്നത് ഇരുചക്രവാഹനങ്ങളാണ്. റോഡിന്റെ ശോചനീയാവസ്ഥയും അപകടത്തിന് മറ്റൊരു കാരണമാണ്. മെട്രോയുടെ നിര്‍മ്മാണം ആരംഭിച്ച സമയം മുതല്‍ കളമശ്ശേരി ഭാഗത്ത് കടുത്ത ഗതാഗത കുരുക്കുംഅനുഭവപ്പെടുന്നുണ്ട്. മെട്രോയുടെ ബാരിക്കേഡുകള്‍ റോഡിലേക്ക് ഇറക്കി സ്ഥാപിച്ച് അപകടത്തിന് സാധ്യതയേറുന്നത്. ആദ്യകാലത്ത് കൊച്ചി മെട്രോ നിയോഗിച്ച സെക്യൂരിറ്റി ജീവനക്കാരും ഗതാഗതം നിയന്ത്രിക്കാന്‍ എത്തിയിരുന്നു. ഇവരും അപ്രത്യക്ഷരായതോടെ സര്‍ക്കാര്‍ നിയോഗിച്ച ഏതാനും ട്രാഫിക് വാര്ഡന്മാര് രംഗത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നത്. അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്എത്തുന്നവര് റോഡിന്‍രെ വശങ്ങളിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതും അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്.
അപകടത്തെ തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധിച്ചതോടെ ട്രാഫിക് ഈസ്റ്റ് എസിപി സാജന് കോയിക്കല്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി. റോഡുകള്‍ നന്നാക്കാമെന്നും, അതുവരെ ഈ പ്രദേശത്തെ മെട്രോ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുന്നതായും ഇനി മുതല്‍ ഈ മേഖലയില്‍ മൂന്ന് ട്രാഫിക് ജീവനക്കാരെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കാമെന്ന പോലീസിന്റെ ഉറപ്പിന്മേല് സമരം അവസാനിച്ചത്. പോലീസ് വാക്ക് പാലിച്ചില്ലെങ്കില്‍ വഴി തടയല്‍ തുടരുമെന്നും നാട്ടുകാര്‍ താക്കീത് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: