കോഴിക്കോട്: അത്യാഹിതഘട്ടങ്ങളിലും അപകടസമയങ്ങളിലും അടിയന്തിര വൈദ്യ സഹായം എത്തിക്കുന്ന സന്നദ്ധ സംഘടനയായ എയ്ഞ്ചല്‍സിന്റെ പ്രവര്‍ത്തനം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നു.
2011ല്‍ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ച സംഘടന ഇപ്പോള്‍ കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലും പ്രവര്‍ത്തി ക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ എയ്ഞ്ചല്‍സിന്റെ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 26 ന് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും.
ആംബുലന്‍സുകളുടെ ശൃംഖല രൂപീകരിക്കുകയും അടിയന്തിര ആംബുലന്‍സ് സഹായം ആവശ്യമുള്ള സമയങ്ങളില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ സഹായത്തിനായി വാഹനം എത്തിക്കുകയുമാണ് എയ്ഞ്ചല്‍സ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രധാനം.
സര്‍വ്വീസ് നടത്തുന്ന ആംബുലന്‍സുകളെ ജിപിഎസ് സംവിധാനത്തിലൂടെ ബന്ധിപ്പിക്കുകയാണ് ആദ്യപടി. അപകടമോ അത്യാഹിതമോ ഉണ്ടായ സ്ഥലത്ത് നിന്ന് 102 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ആസ്ഥലത്തിന് തൊട്ടടുത്തു നില്ക്കുന്ന ആംബുലന്‍സ് ഏതെന്ന് ജിപിഎസ് സംവിധാനം വഴി അറിയുകയും സ്ഥലത്ത് എത്താനായി ആംബുലന്‍സ് ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയുമാണ് ചെയ്യുന്നത്.
ഇന്ത്യക്ക് തന്നെ മാതൃകയാവുന്നതാണ് എയ്ഞ്ചല്‍സിന്റെ പ്രവര്‍ത്തനങ്ങളെന്ന് എയ്ഞ്ചല്‍സ് സംസ്ഥാന ചെയര്‍മാനായി ചുമതലയേറ്റ റിട്ട. ഡിജിപി ജേക്കബ് പൂന്നൂസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എയ്ഞ്ചല്‍സ് സീനിയര്‍ വൈസ് ചെയര്മാന് ഡോ. ടി.പി. മെഹ്റൂഫ് രാജ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. പി.പി. വേണുഗോപാലന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. എയ്ഞ്ചല്‍സിന്റെ പ്രവര്‍ത്തനം ഗ്രാമപഞ്ചായത്ത് തലത്തിലേക്ക് വ്യാപിപ്പിക്കാനും, അടിയന്തിരഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കാനായി പഞ്ചായത്ത് തലങ്ങളില്‍ ഗ്രൂപ്പുകളെ സജ്ജമാക്കാനും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ പരിശീലനം നല്‍കാനും കോഴിക്കോട്ട് ചേര്‍ന്ന എയ്ഞ്ചല്‍സ് ഭാരവാഹികളുടെ വാര്‍ഷിക യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: