ശ്രീരാമന് ഭരതന്റെ അഭിഷേക സമയത്ത് അയോധ്യയില്‍ ഉണ്ടാകരുതെന്ന് കൈകേയിക്ക് നിര്‍ബന്ധമായിരുന്നു. രാമന് അയോധ്യയില്‍ ഉണ്ടെങ്കില്‍ ഭരതന് രാജ്യാഭിഷേകത്തിന് വഴങ്ങുകയില്ലെന്ന് അവര്‍ക്ക് നല്ലപോലെ അറിയാം.
രാജ്യശുല്കപ്രതിജ്ഞ കൈകേയി അറിഞ്ഞിരുന്നില്ലെങ്കിലും കേകേയന് എന്തുകൊണ്ടായിരിക്കാം ഈ പ്രതിജ്ഞ നടപ്പിലാക്കണമെന്ന് പറയാതിരുന്നത്. ഒരു പക്ഷെ അനേകകാലം മക്കളില്ലാതെ വാര്‍ദ്ധക്യത്തില്‍ പുത്രലബ്ധി ഉണ്ടായതിനാലും. ജ്യേഷ്ഠപുത്രനായ രാമന്റെ നിസ്തുല മഹിമ കൈകേയിയില്‍ നിന്നും, യുധാജിത്തില്‍ നിന്നും, ഭരതനില്‍ നിന്നും കേകേയന് മനസ്സിലാക്കിയിട്ടുണ്ടാകാം. ഭരതന്റെ ജ്യേഷ്ഠനോടുള്ള ഭക്തി മനസ്സിലാക്കിയപ്പോള്‍ പഴയകാര്യങ്ങളെക്കുറിച്ച് പറയാതിരിക്കുകയാണ് നല്ലതെന്ന് കേകേയന് ബോധ്യപ്പെട്ടിരിക്കാം.
ഭരതനെപ്പറ്റി തനിക്കുണ്ടായിരുന്ന തെറ്റിദ്ധാരണ എങ്ങനെയാണ് സംഭവിച്ചതെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. സത്യത്തില്‍ രാമനോട് തന്നേക്കാള്‍ ഭക്തി ഭരതനാണെന്ന സത്യം താന്‍ മനസ്സിലാക്കി.
ഇവിടെ ജ്യേഷ്ഠനെ സമ്മതിപ്പിച്ച് നാട്ടിലേക്ക് കൂട്ടികൊണ്ടുപോകുന്നതിന് അനുജനും, അനുജനെ പറഞ്ഞ് അനുനയിപ്പിക്കുന്നതിന് ജ്യേഷ്ഠനും, പരസ്പരം ന്യായങ്ങള്‍ ഉദ്ധരിച്ചുകൊണ്ടിരിക്കുകയാണ്. അധികാരത്തിന്റെ അവകാശങ്ങള്‍ രണ്ടു സഹോദരന്മാര് പരസ്പരം പന്തുതട്ടുന്നത്പോലെ തട്ടിക്കളിക്കുകയാണ്.
ഉച്ചവും, ഉദാത്തവും, അപൂര്‍വവുമായ മാനസികാവസ്ഥ ധര്‍മ്മാനുഷ്ഠാനത്തിന്റെ വ്യഗ്രതയില്‍ അധികാരത്തിനുള്ള ആഗ്രഹം സ്വയം രണ്ടു പേരും ത്യജിക്കുന്നു. രണ്ടുപേരിലും പ്രകടമാകുന്നത് വിരക്തി ഒന്നു മാത്രം.
ജ്യേഷ്ഠനെ അനുനയിപ്പിക്കാന്‍ അനുജന് നടത്തിയ ശ്രമം അമ്പേ പരാജയമാണെന്ന് കണ്ട് ജാബാല- വസിഷ്ഠന്മാര് ഭരതന്റെ തുണക്കെത്തി. പക്ഷെ അവരുടെ വാദമുഖങ്ങളേയും ശ്രീരാമന് എളുപ്പത്തില്‍ നിഷ്പ്രഭമാക്കിയെന്നു മാത്രമല്ല. താന്‍ തിരിച്ച് അയോധ്യയിലേക്ക് പോകുന്നത് സത്യത്തിനും, ധര്‍മ്മത്തിനും, നീതിയ്ക്കും നിരക്കാത്ത തികഞ്ഞ അനൗചിത്യമാണെന്ന് രാമന് സമര്‍ത്ഥിച്ചു. അച്ഛന്റെ ആജ്ഞ ഒരു വിധത്തിലും ലംഘിക്കുകയില്ലെന്നതില് അദ്ദേഹം ഉറച്ചുനിന്നു.
ഇതുകേട്ട് വിവശനായ ഭരതന് ജ്യേഷ്ഠന്റെ മുന്നില്‍ പ്രായോപവേശം ചെയ്യാനുറച്ചുകൊണ്ട് നിലത്ത് ദര്ഭവിരിക്കാന് സുമന്ത്രരോടാജ്ഞാപിച്ചു. ഭരതന്റെ നിര്‍ദ്ദേശം കേട്ട് എന്തു ചെയ്യണമെന്നറിയാതെ സുമന്ത്രര്‍ രാമന്റെ മുഖത്തേക്ക് നോക്കി. ഇതുകണ്ട് ഭരതന് സ്വയം ദര്‍ഭയെടുത്ത് കൊണ്ടുവന്ന് നിലത്ത് വിരിച്ച് അതിലിരിപ്പായി. ഇതുകണ്ട് ധര്‍മ്മാത്മാവായ രാജര്ഷിസത്തമന് രാമന് ഭരതനോട് ചോദിച്ചു. കുമാരാ…! എന്റെ പക്ഷത്ത് എന്തു തെറ്റു കണ്ടിട്ടാണ് നീയിങ്ങനെ ശാഠ്യം പിടിക്കുന്നത്. ഇങ്ങനെ പാടുകിടന്ന് മറ്റുള്ളവരെ സമ്മര്‍ദ്ദം മൂലം പാട്ടിലാക്കി കാര്യം സാധിച്ചെടുക്കുന്നതിന് ബ്രാഹ്മണര്‍ക്ക് മാത്രമേ അര്‍ഹതയുള്ളൂ. ക്ഷത്രിയര്‍ക്ക് പ്രായോപവേശത്തിന് വിധിയില്ല. അതുകൊണ്ട് ഉണ്ണീ… ഭരതാ നീ ഈ കഠിനവ്രതം അവസാനിപ്പിച്ച് എഴുന്നേറ്റ് എത്രയുംവേഗം അയോധ്യയ്ക്ക് തിരിച്ചു പോകുക.
ഭരതന് ആ ഇരുപ്പില്‍ തന്നെ ഇരുന്നുകൊണ്ട് പൗരമുഖ്യന്മാരോട് രാമനെ നിര്‍ബന്ധിക്കാന്‍ അഭ്യര്‍ത്ഥിച്ചു. പക്ഷെ അവരുടെ മറുപടി രാമന് ധര്‍മ്മവും, നീതിയുമാണ് പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു. ജ്യേഷ്ഠനെ അനുനയിപ്പിക്കുക ശ്രമകരമാണെന്ന് മനസ്സിലാക്കിയ ഭരതന് ഇരിപ്പിടത്തില്‍ നിന്ന് വേഗം എഴുന്നേറ്റു ഇപ്രകാരം പറഞ്ഞു. ദയവുചെയ്ത് ഞാന്‍ പറയുന്നത് എല്ലാവരും ശ്രദ്ധിച്ചുകേള്‍ക്കണം. രാജ്യം എനിക്കു തരുവാന്‍ ഞാന്‍ അച്ഛനോടാവശ്യപ്പെടുകയുണ്ടായിട്ടില്ല. അമ്മയെ അതിനായി ഞാന്‍ പ്രേരിപ്പിച്ചിട്ടുമില്ല.
അതുകൊണ്ട് ജ്യേഷ്ഠനെ വനവാസത്തിന് ഞാന്‍ അനുവദിക്കുകയില്ല. അച്ഛന്റെ വാക്കനുസരിച്ച് പതിനാലുകൊല്ലം വനവാസം നിര്‍ബന്ധമാണെങ്കില്‍ ഞാന്‍ വനത്തില്‍ താമസിക്കാന്‍ പോവുകയാണ്. ഇതുകേട്ട രാമന് വിസ്മയസ്തബ്ധനായ് പറഞ്ഞു. ഉണ്ണീ…! അതു പാടില്ല. അച്ഛന്റെ വാക്കിനെ മാറ്റിമറിക്കാന്‍ പാടുള്ളതല്ല. വനവാസം കഴിഞ്ഞ് മടങ്ങി വന്ന് ഞാന്‍ രാജ്യഭരണം ഏറ്റുകൊള്ളാം. അച്ഛനെ ധര്മ്മിഷ്ഠനാക്കിയാലും.
(തുടരും)
















