664. കാന്തികലാപിനീ – തേജസ്സുകളുടെ സമൂഹമായവള്‍. പലതരത്തിലുള്ള പ്രകാശങ്ങളുടെ സമൂഹമാണ് ദേവീരൂപം. പ്രപഞ്ചംതന്നെ കാന്തികലാപമാണ്. നമ്മുടെ കണ്ണുകള്‍ക്കു വളരെ പരിമിതമായ പ്രകാശതരംഗങ്ങള്‍ സ്വീകരിക്കാനേ കഴിവുള്ളൂ. എല്ലാ പ്രകാശവും ഒത്തുചേര്‍ന്ന ദേവിയുടെ കാന്തികലാപം കണ്ടറിയണമെങ്കില്‍ അതിനു കഴിവുള്ള കണ്ണുതന്ന് ദേവി നമ്മെ അനുഗ്രഹിക്കണം. ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് തന്റെ വിശ്വരൂപം കാണാന്‍ വേണ്ടി ദിവ്യമായ ചക്ഷുസുകൊടുത്തതായി ഭഗവദ്ഗീത പതിനൊന്നാം അദ്ധ്യായത്തില്‍ പറയുന്നുണ്ട്. അതുപോലുള്ള ഭാഗ്യം ലഭിച്ചവര്‍ക്കേ ദേവിയുടെ കാന്തികലാപം കാണാനാകൂ.
665. സര്‍വേശ്വരേശ്വരീ – എല്ലാ ഈശ്വരന്‍മാര്‍ക്കും ഈശ്വരിയായവള്‍. ഈശ്വരശബ്ദത്തെ ഭരിക്കുന്നവന്‍, ഐശ്വര്യം ദാനം ചെയ്യുന്നവന്‍, മറ്റുള്ളവരെ വശപ്പെടുത്തുന്നവന്‍, ആര്‍ക്കും കീഴടങ്ങാത്തവന്‍ എന്നിങ്ങനെ വ്യാഖ്യാനിക്കാം. ഈശ്വരത്വമുള്ള ശക്തികള്‍ പലതുണ്ട്. അങ്ങനെയുള്ള ഈശ്വരന്മാര്‍ക്കെല്ലാം ഈശ്വരിയാണു പരാശക്തിയായ ദേവി.
ശ്രീപരമേശ്വരന്‍ സര്‍വേശ്വരനാണ്. ശ്രീപരമേശ്വരന്റെ ഈശ്വരിയായ ദേവി സര്‍വേശ്വരേശ്വരി എന്നു വ്യാഖ്യാനിക്കാം.
666. കൃഷ്ണാ – കൃഷ്ണനായി അവതരിച്ചവള്‍. ദേവിയുടെ അംശഭൂതനായ മഹാവിഷ്ണുവിന് ഓരോ യുഗത്തിലും ഒാരോ നിറമായിരുന്നു. വെളുപ്പ്, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങള്‍ ആദ്യത്തെ മൂന്നുയുഗങ്ങളില്‍. കലികാലം ആസന്നമായപ്പോള്‍ കറുപ്പുനിറം. കറുത്തനിറമായതുകൊണ്ടു കൃഷ്ണന്‍ എന്നുപേര്. ആ കൃഷ്ണരൂപം സ്വീകരിച്ച ദേവി ‘കൃഷ്ണാ’
ഭക്തരുടെ ചിത്തങ്ങളെ തന്നിലേക്ക് ആകര്‍ഷിക്കുന്നതുകൊണ്ടു ദേവിക്ക് ‘കൃഷ്ണാ’ എന്നുപേരുണ്ടായി എന്നും വ്യാഖ്യാനം.
ലോകത്തിന്റെ ശത്രുക്കളായിത്തീരുന്ന ദുഷ്ടരെ കര്‍ഷണം ചെയ്യുന്നതുകൊണ്ടു വലിച്ചുനീക്കിക്കളയുന്നതുകൊണ്ട് ‘കൃഷ്ണാ’ എന്നുപേരുണ്ടായി എന്നും അഭിപ്രായം.
‘കൃഷ്’ എന്ന ധാതുഭക്തിയെയും നകാരം ദാസ്യത്തെയും കുറിക്കുന്നു. തനിക്കു പ്രിയപ്പെട്ടവര്‍ക്കു ഭക്തി നല്‍കി അവരുടെ ദാസ്യം സ്വീകരിച്ച് ഭക്തദാസയായി അനുഗ്രഹിക്കുന്നതിനാല്‍ ‘കൃഷ്ണാ’ എന്നുപേരുണ്ടായി എന്ന് ആചാര്യമതം.
ശ്രീകൃഷ്ണനില്‍നിന്ന് ഭിന്നയാകയാല്‍ ‘കൃഷ്ണാ’എന്നുപേര് എന്നു സംഗ്രഹിക്കാം.
(തുടരും)
















