ചാത്തന്നൂര്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ രാത്രികാലങ്ങളിലെത്തി വാളും മറ്റ് മാരകായുധങ്ങളുമുപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പണവും മൊബൈല്‍ഫോണുകളും മറ്റും കവരുന്ന സംഘത്തിലെ മൂന്നു പേരെ സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശിന്റെ നേതൃത്വത്തിലുള്ള ആന്റി തെഫ്റ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. കൊല്ലം ചാത്തന്നൂര്‍ ഉളിയനാട് ഷൈജു ഭവനില്‍ ബാബുവിന്റെ മകന് സുജിത്(24), പാരിപ്പള്ളി കുളത്തൂര്‍കോണം ബാബുവിന്റെ മകന് നന്ദു(20), കൊല്ലം വേളമാനൂര്‍ കുളക്കുടി സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് പോലീസ് പിടിയിലായത്.
കുപ്രസിദ്ധ മോഷ്ടാക്കക്കളായ തീവെട്ടി ബാബു, കന്നഡ ബാബു എന്നിവരുടെ മക്കളാണ് മോഷണത്തിന് നേതൃത്വം നല്‍കുന്നത്. പകല്‍ സമയങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ജനവാസം കുറഞ്ഞ സ്ഥലങ്ങള്‍ കണ്ടെത്തിയ ശേഷം രാത്രികാലങ്ങളില്‍ “ഓപ്പറേഷന് എത്തുന്നതാണ് ഇവരുടെ രീതി. അക്രമത്തിനിരയാകുന്നത് ഇതരസംസ്ഥാന തൊഴിലാളികളായതിനാല്‍ പ്രതികളെ തിരിച്ചറിയുകയോ പരാതിപ്പെടുകയോ ചെയ്യാറില്ല എന്നതാണ് കവര്‍ച്ചാ സംഘത്തെ തുണയ്ക്കുന്നത്.
രാത്രികാലങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ താമാസസ്ഥലങ്ങളിലെത്തുന്ന ഇവര്‍ വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷം വാതില്‍ ചവിട്ടി പൊളിച്ച് അകത്തുകയറി ഉറങ്ങിക്കിടക്കുന്നവരുടെ കഴുത്തില്‍ മാരകായുധങ്ങള്‍ വച്ച് പണവും മൊബൈലും ആവശ്യപ്പെടുകയാണ് ഇവരുടെ രീതി. എതിര്‍ക്കുന്നവരെ ആക്രമിക്കുകയും ചെയ്യും. ആക്രമണം നടത്തുമ്പോള്‍ ലഭിക്കുന്ന പണവും മൊബൈല്‍ ഫോണും പങ്കിട്ടെടുക്കുകയും ചില്ലറ നാണയങ്ങള്‍ വഞ്ചികളില്‍ നിക്ഷേപിക്കുകയും ചെയ്യും.
കൊല്ലം, തിരുവന്തപുരം ജില്ലകളില്‍ ഇത്തരം മോഷണങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. ഷാഡോ പോലീസ് സംഘത്തിന് പ്രതികളെ കുറിച്ച് വ്യക്തത ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്. ചാത്തന്നൂര്‍, പരവൂര്‍ പ്രദേശങ്ങളില്‍ കവര്‍ച്ചകളില്‍ ഉപയോഗിച്ച കാറിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
പ്രതികള്‍ വര്‍ക്കലയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം വര്‍ക്കലയില്‍ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കവര്‍ച്ചയ്ക്കുപയോഗിച്ച ബൈക്കുകളും കാറും കസ്റ്റഡിയില്‍ എടുത്തിടുണ്ട്. മോഷ്ടിച്ചുകിട്ടുന്ന പണം ആഢംബര ജീവിതത്തിനും ലഹരിക്കും വേണ്ടിയാണ് ചെലവാക്കിയിരുന്നത്. കൂട്ടുപ്രതികളായ രണ്ടുപേര്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.
ചാത്തന്നൂര്‍ എസിപി എസ്. ശിവപ്രസാദ്, സ്പെഷ്യല്‍ ബ്രാഞ്ച് എസിപി റെക്സ് ബോബി അന്വിന്, പരവൂര്‍ സിഐ വി.എസ്. ബിജു, കൊട്ടിയം സിഐ ജോഷി, പാരിപ്പള്ളി എസ്ഐ എസ്. ജയകൃഷ്ണന്, ജൂനിയര്എസ്ഐമാരായ ഷാജഹാന്, അശോക് കുമാര്‍, സീനിയര്‍ സിപിഒമാരായ ഹരിലാല്‍, ബാബുരാജ്, സിപിഒമാരായ സുബാഷ്, പ്രമോദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: