സമ്പത്തൗ ച വിപത്തൗ ച മഹതാമേകരൂപതാ’ സമ്പത്തിലും വിപത്തിലും മഹാന്മാര്‍ ഒരുപോലെ നിലകൊള്ളുന്നു. ഈ സുഭാഷിതം കര്‍മ്മയോഗികളുടെ അവസ്ഥയെകുറിക്കുന്നു. ഭഗവാന്‍ ശ്രീരാമന്‍ അവതാരകാലത്ത് ഒരു ഉത്തമ കര്‍മ്മയോഗിയായി പ്രവര്‍ത്തിക്കുന്നു. ഒന്നാമതായി കര്‍മ്മയയോഗി തനിക്കുവേണ്ടിയല്ല, ലോകക്ഷേമത്തിനായിട്ട് പ്രവര്‍ത്തിക്കുന്നു. ഇതാണു ലോകസംഗ്രഹം എന്ന വാക്കിനാല്‍ ശ്രീമദ് ഭഗവദ്ഗീത വിവക്ഷിക്കുന്നത്. അവതാരം ചെയ്യുന്ന കര്‍മ്മങ്ങള്‍ കര്‍മ്മയോഗികള്‍ക്ക് ആദര്‍ശമായിത്തീരുന്നു. അതില്‍നിന്ന് അവര്‍ പ്രേരണ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച് മഹാന്മാരായിത്തീരുന്നു.
ഭഗവാന്റെ അവതാരോദ്ദേശ്യങ്ങളില്‍ കര്‍മ്മയോഗത്തിന്റെ പുതിയ പരമ്പര തുടങ്ങലും പെടും. രാമായണ പാരായണം നമ്മുടെയെല്ലാം മനസ്സില്‍ കര്‍മ്മയോഗത്തിന്റെ ആദര്‍ശങ്ങള്‍ വേരുറപ്പിക്കാന്‍ സഹായകമാവട്ടെ. ആദ്യപടിയായി നിസ്വാര്‍ത്ഥ ബുദ്ധിയോടെ സാമൂഹ്യസേവനം ചെയ്യാന്‍ നമുക്കാരംഭിക്കാം. ഇതൊരു പുണ്യമായും ഒഴിവാക്കരുതാത്ത ആവശ്യമായും കരുതുന്നവര്‍ മാത്രമേ കര്‍മ്മയോഗസാധനയില്‍ പുരോഗമിക്കുകയും, ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ പാത പിന്തുടരുകയും ചെയ്യുകയുള്ളു.
ശ്രീരാമാഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുമ്പോള്‍ത്തന്നെ നാരദമഹര്‍ഷിക്കു വാക്കുകൊടുക്കുന്നത്, യുവരാജാവായി അഭിഷേകം നടത്താതെ നാളെ വനത്തില്‍ പോവുമെന്നാണ്. ലോകപരിപാലനം നടത്താന്‍ ഒട്ടും വൈമുഖ്യമില്ലാതെ തന്റെ സര്‍വ്വസ്വവും ത്യജിക്കുന്ന ശ്രീരാമന്‍ തന്നെയല്ലെ കര്‍മ്മയോഗത്തിന്റെ ആദര്‍ശം? തന്നെ പിരിഞ്ഞാല്‍, താന്‍ വനത്തില്‍ പോയാല്‍, വൃദ്ധനായ അച്ഛന്‍ മരിക്കുമെന്നും, കുടുംബ ബന്ധങ്ങള്‍ താറുമാറാവുമെന്നും അയോദ്ധ്യ വളരെക്കാലം നാഥനില്ലാത്ത അവസ്ഥയിലാവുമെന്നും ലക്ഷ്മണനും സീതയും തന്റെ കൂടെ വരുമെന്നുമെല്ലാം രാമനറിയാം. എന്നിട്ടും കൂസലും കുലുക്കവുമില്ലാത്ത ശ്രീരാമന്‍ തന്നെയാണ് ആദര്‍ശ കര്‍മ്മയോഗി?
എന്നാലിതെല്ലാം താതനോട് നേരിട്ടുപറയാത്തതെന്തെന്നു ചിന്തിച്ചാല്‍, ഉത്തരം ”നബുദ്ധിഭേദം ജനയേദ്’ (ആശയക്കുഴപ്പമുണ്ടാക്കരുത്) എന്ന ചൊല്ലുതന്നെ കാരണം. ഇതെല്ലാം ഈശ്വര കലിപ്തമാണെന്നുവന്നാല്‍ സാധാരണ തലത്തിലുള്ളവര്‍ നിഷ്‌ക്രിയരും കര്‍മ്മവിമുഖരും ആവും. അവിചാരിതമായതെന്നു തോന്നിയാലെ നിരന്തരം പരിശ്രമശാലികളാവുള്ളു.
ആവശ്യത്തിലധികമോ സമയത്തിനു മുമ്പോ കിട്ടുന്ന അറിവും ആദരവും സാധാരണക്കാരനെ ഉദാസീനനാക്കും. അഭിഷേക വിഘ്‌നമുണ്ടാവുമെന്നറിഞ്ഞ് ശ്രീരാമന്‍ അഭിഷേക കര്‍മ്മങ്ങള്‍ക്കും വ്രതങ്ങള്‍ക്കും നിന്നുകൊടുക്കുന്നത് ലോകശിക്ഷണാര്‍ത്ഥമാണ്. സാധാരണക്കാര്‍ക്ക് സുഗമമായ ഒരു സാധനാ മാര്‍ഗ്ഗമാണ് കര്‍മ്മയോഗം. പ്രസിദ്ധിയോ പ്രത്യുപകാരമോ സ്വീകരിക്കാതെ സേവന കര്‍മ്മങ്ങള്‍ ചെയ്യുന്നതാണ് കര്‍മ്മയോഗത്തിന്റെ ആദ്യപടി. പിന്നെപ്പിന്നെ ജീവിത ലക്ഷ്യം തന്നെ സേവനമാണ്. അപ്പോള്‍ ആദ്ധ്യാത്മികമായ തത്വജ്ഞാനം താനേ കൈവരുന്നതായി കര്‍മ്മയോഗിക്കനുഭവപ്പെടുന്നു. എന്നാലും ജ്ഞാനാര്‍ജ്ജനവും പരിശ്രമപൂര്‍വ്വം ചെയ്യണം.
പരമ്പരാഗത ജ്ഞാനയോഗ/കര്‍മ്മയോഗപദ്ധതിയില്‍ ഗുരു വേണമെന്നത് നിര്‍ബന്ധമാണ്. അതിന്ന് അതിന്റേതായ മഹത്വമുണ്ട്. രാമായണ പാരായണം നമ്മുടെ മനസ്സില്‍ കര്‍മ്മയോഗത്തിന്റെ വിവിധ വശങ്ങള്‍ നട്ടുമുളപ്പിക്കുന്നു. അവ പൂത്തുതളിര്‍ക്കാനാവശ്യമായ സാമൂഹ്യവും കുടുംബപരവുമായ സാഹചര്യങ്ങള്‍ നാം ബോധപൂര്‍വ്വം വളര്‍ത്തിയെടുക്കണം. മനസ്സിലെ വിവിധ അപകര്‍ഷ ബോധഗ്രന്ഥികളും അമര്‍ത്തപ്പെട്ട വൈരഗ്രന്ഥികളും കുടുംബകലഹത്തിന് കാരണമാവും.
കൈകേയിയുടെ സ്വതവേയുണ്ടായിരുന്ന ശ്രേഷ്ഠ മനോഗ്രന്ഥിയും മന്ഥരയുടെ ന്യൂനതാ ബോധഗ്രന്ഥിയും ചേര്‍ന്നാണ് രാജ്യാഭിഷേകം കലക്കുന്നത്. എന്നാലാ കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഭരതനോ മറ്റാരെങ്കിലുമോ തയ്യാറാകാതിരുന്നത് അവരുടെ ഔന്നത്യം. കൈകേയി രാജാവിന്റെ ദുര്‍ബ്ബലതയാണെന്ന് മന്ഥരക്കറിയാമായിരുന്നു. കൗസല്യ സുമിത്രന്മാര്‍ അയോദ്ധ്യക്കാരായ സാമന്തന്റെയും സേനാപതിയുടെയും ഭാര്യമാരായിരുന്നു. കൈകേയി കേകയ രാജകുമാരിയും ഈ അഹന്ത കൈകേയി പുറത്തുകാണിച്ചിരുന്നില്ല. പക്ഷെ ദശരഥന്റെ ഇടപഴകലുകളില്‍ അത് പ്രകമായിരുന്നു.
അധികാരകേന്ദ്രങ്ങളെ ചുറ്റിപ്പറ്റി നടക്കുന്ന അപകര്‍ഷബോധക്കാരായ മന്ഥരമാര്‍ ഇന്നും ഒപ്പിക്കുന്ന കുടുംബം കലക്കിപ്പണിയാണ് അന്നും നടന്നത്. എന്നാലതിന്നു സഹായകമാവുന്നത് അന്നത്തെപ്പോലെത്തന്നെ ഇന്നും പരസ്പരപെരുമാറ്റത്തില്‍ കടന്നുവരുന്ന ചെറിയ മനോഗ്രന്ഥികള്‍ സൃഷ്ടിക്കുന്ന പ്രത്യക്ഷവും അപ്രത്യക്ഷവുമായ വിടവുകളാണ്. (വിച്ഛിന്നാഭിഷേകം വരെ)
















