647. വരദാഭയഹസ്തകാഃ – വരം, അഭയം എന്നീ മുദ്രകള്‍ പ്രദര്‍ശിപ്പിക്കുന്ന കൈകളുള്ളവള്‍. കൈപ്പത്തി നിവര്‍ത്തി വിരലുകള്‍ മടങ്ങാതെ ചേര്‍ത്തുപിടിച്ച് അഗ്രം മേലോട്ടാക്കുന്നത് അഭയമുദ്ര. ഭയം വേണ്ട, ഞാന്‍ രക്ഷിക്കാം എന്ന് അഭയമുദ്ര സൂചിപ്പിക്കുന്നു. കൈപ്പത്തി നിവര്‍ത്തി വിരലുകള്‍ മടങ്ങാതെ അഗ്രം കീഴോട്ടാക്കി പിടിക്കുന്നത് വരദമുദ്ര എന്നുംപറയും. ആഗ്രഹിക്കുന്ന വരം തരാം എന്നു സൂചിപ്പിക്കുന്ന ഹസ്തമുദ്രയാണിത്. സാവിത്രീദേവി വരദമുദ്രയും അഭയമുദ്രയും ഭക്തര്‍ക്കുവേണ്ടി ധരിക്കുന്നു.
648. അക്ഷമാലാധാരിണീഃ – ജപിക്കുമ്പോള്‍ എണ്ണം പിടിക്കാന്‍ ഉപയോഗിക്കുന്ന മാലയാണ് അക്ഷമാല. രുദ്രാക്ഷമണികളോ മറ്റു മണികളോ കോര്‍ത്തുണ്ടാക്കുന്നു.
‘അ’ മുതല്‍ ‘ക്ഷ’ വരെയുള്ള അക്ഷരങ്ങളെ പ്രതിനിധീകരിക്കുന്ന മണികള്‍ കോര്‍ത്തുണ്ടാക്കുന്ന അക്ഷരമാലയെയും അക്ഷമാല എന്നുപറയും. ഇങ്ങനെയുള്ള ജപമാലയില്‍ ഓരോ അക്ഷരത്തിനും ഓരോ മണി. ‘ക്ഷ’യെ കുറിക്കുന്ന മണി വലുതായിരിക്കും. ‘അ’ യില്‍ തുടങ്ങി ‘ക്ഷ’ വരെയും തിരിച്ച് ‘ക്ഷ’ മുതല്‍ ‘അ’ വരെയും ജപിക്കുന്ന സമ്പ്രദായങ്ങളുണ്ട്. അക്ഷരമണികള്‍ കോര്‍ത്ത അക്ഷമാല ശബ്ദബ്രഹ്മത്തിന്റെ പ്രതീകമായി കരുതപ്പെടുന്നു. സാവിത്രീദേവി അക്ഷമാല കൈയില്‍ ധരിക്കുന്നതായി സങ്കല്‍പം.
649. ത്രിശൂലവിലസത്കരാഃ – ത്രിശൂലം ധരിച്ച ശോഭായ മാനമായ കൈയുള്ളവള്‍. മൂന്നുമുനയുള്ള ശൂലമാണ് ത്രിശൂലം. ഭക്തരുടെ ആദ്ധ്യാത്മികവും ആധിദൈവികവും ആധിഭൗതികവുമായ ദുഃഖങ്ങളെ നശിപ്പിക്കാന്‍ ദേവി ത്രിശൂലം സദാ കൈയില്‍ ധരിക്കുന്നതായി കരുതപ്പെടുന്നു.
… തുടരും
















