ആലുവ: അയ്യങ്കാളിയുടെ സമര നായിക 111 വയസിന്റെ നിറവില്‍. അയ്യങ്കാളിയുടെ ആഹ്വാനപ്രകാരം പതിനൊന്നാം വയസില്‍ സമരത്തിനിറങ്ങിയ കീഴ്മാട് അരിപ്പാത്തു പറമ്പില്‍ പരേതനായ കുഞ്ഞുകുറുമ്പന്റെ ഭാര്യ കാളുകുറമ്പയാണ് പോരാട്ട വീര്യത്തിന്റെ പ്രതീകമായി 111-ാം വയസിലെത്തിയിരിക്കുന്നത്. കീഴ്മാട് പഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ് കാളുകുറുമ്പ.
സാധുജന പരിപാലനത്തിന്റെ സമര വിളംബരത്തിന്റെ ഭാഗമായി തിരുവതാംകൂര്‍, കൊച്ചി എന്നീ നാട്ടു രാജ്യങ്ങളിലൂടെ അയ്യങ്കാളി നടത്തിയ യാത്രയില്‍ ആലുവയില്‍ കാളുകുറുമ്പയുടെ വീട്ടിലാണ് തങ്ങിയത്. കാളുകുറുമ്പയുടേയും കൊച്ചുകാളിയുടേയും മാറിലണിഞ്ഞിരുന്ന വെള്ളാരംകല്ലിലുള്ള മാല ശ്രദ്ധയില്‍പ്പെട്ട അയ്യങ്കാളി അവ പൊട്ടിച്ചെറിയുകയായിരുന്നു. മുണ്ടും റൗക്കയും ധരിക്കണമെന്ന് പറഞ്ഞ് അവര്‍ക്ക് മാറ് മറയ്ക്കാനുള്ള വസ്ത്രവും അയ്യങ്കാളി നല്കി. അയ്യങ്കാളിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് കൊച്ചുകാളിയും കാളുകുറുമ്പയും കീഴ്മാട് മലയംകാട് തുലാപ്പാടത്ത് പാടശേഖരത്തില്‍ സമരം ചെയ്യാനിറങ്ങി.
മൂന്ന് മക്കളും കൊച്ചുമക്കളും ചെറുമക്കളുമായി നാല് തലമുറയെ കണ്ടു കാളുകുറുമ്പ. ഓര്‍മ്മ ശക്തി ഇപ്പോള്‍ കുറവ് സംഭവിച്ചിട്ടുണ്ട്. ഏതാനും വര്‍ഷം മുന്‍പ് വരെ അയ്യങ്കാളിയെ കണ്ടതിന്റെ അനുഭവങ്ങള്‍ കാളുകുറുമ്പ പങ്കുവെയ്ക്കുമായിരുന്നു. സമരത്തില്‍ പങ്കെടുത്ത കാളുകുറുമ്പയുടെ ചേച്ചി കൊച്ചുകാളി 115ാം വയസില്‍ മൂന്ന് വര്‍ഷം മുന്‍പ് മരിച്ചു.
പ്രായാധിക്യം മൂലം നടക്കാന്‍ കഴിയുന്നില്ലെന്നതൊഴികെ മറ്റ് അസുഖങ്ങള്‍ ഇല്ല. കാളുകുറുമ്പയെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ് പൊന്നാട അണിയിച്ചു. പ്രവര്‍ത്തകരായ ടി.സി. മധു, ശാന്തകുമാരന്‍, പ്രശാന്ത്, പ്രബിത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: