കൊച്ചി: നിക്ഷേപക രംഗത്ത് കേരളത്തെ മാതൃകാ സംസ്ഥാനമാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് സൊസൈറ്റി ഫോര്‍ ദി ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷ(സൈന്‍)ന്റെ നേതൃത്വത്തില്‍ ആഗസ്ത് അവസാനവാരം മെയ്ക് ഇന്‍ ഇന്ത്യ മെയ്ക് ഇന്‍ കേരള സമ്മിറ്റ് സംഘടിപ്പിക്കുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, കിന്‍ഫ്ര, കെഎസ്ഐഡിസി, ഇ ആന്‍ഡ് വൈ, വിവിധ വാണിജ്യ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. നടന് മമ്മൂട്ടിയാണ് പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍.
നിക്ഷേപക സംഗമം, സെമിനാറുകള്‍, ബി ടു ബി, ബി ടു സി സെഷനുകള്‍ എന്നിവയിലൂടെ എല്ലാത്തരം വ്യവസായങ്ങളിലേക്കും നിക്ഷേപം ആകര്‍ഷിക്കാനുള്ള ബൃഹത്തായ പദ്ധതിയാണിത്. മുഖ്യമന്ത്രി, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വകുപ്പ് മേലധ്യക്ഷന്മാര്, വാണിജ്യ സംഘടനാ മേധാവികള്‍, ട്രേഡ് യൂണിയന് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സൈന്‍ പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണനും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യനും പറഞ്ഞു.
സംസ്ഥാനം മുന്‍ഗണന നല്‍കേണ്ട പ്രധാന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം ആവശ്യമായ നൈപുണ്യ വികസനവും വിഭവസമാഹരണവും വ്യവസായ സൗഹൃദ അന്തരീക്ഷവും സൃഷ്ടിക്കുന്നതിനുള്ള നിര്‍ണായക തീരുമാനങ്ങളും സമ്മിറ്റിലുണ്ടാകും. കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നും നിക്ഷേപം ആകര്‍ഷിക്കുന്നതിനൊപ്പം കേന്ദ്രസര്‍ക്കാരിന്റെ സഹകരണം ആകര്‍ഷിക്കാനുള്ള ശ്രമങ്ങളും മെയ്ക് ഇന്‍ കേരള സമ്മിറ്റിലുണ്ടാകും.
കേരളത്തിന്റെ വിവിധ മേഖലകളെ കുറിച്ച് 200 ഓളം പേപ്പറുകള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇതിന് മുന്‍പ് തന്നെ നവമാധ്യമങ്ങള്‍ വഴി പേപ്പറുകള്‍ പരസ്യപ്പെടുത്തുകയും യുവാക്കളുടെ അഭിപ്രായം തേടുകയും ചെയ്യും.
സാമ്പത്തിക ലഭ്യത, മാര്‍ക്കറ്റ് ലഭ്യത, ചട്ടങ്ങളിലെ ഇളവുകള്‍, വാണിജ്യ സ്ഥാപനങ്ങളുടെ ഏകോപനം, വ്യവസായ സൗഹൃദ അന്തരീക്ഷം എന്നിവ ഉറപ്പു വരുത്താനുള്ള നടപടി ക്രമങ്ങളും സമ്മിറ്റ് ചര്‍ച്ച ചെയ്യും. സമ്മിറ്റിലെ പ്രഖ്യാപനങ്ങളും നടപടികളും നിര്‍ദേശങ്ങളും കൃത്യമായി പാലിക്കപ്പെടുകയും വിലയിരുത്തുകയും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുകയും ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു. മേക് ഇന്‍ കേരള എക്സിക്യുട്ടീവ് ഡയറക്ടര്‍ എം.ആര്. അജയകുമാര്‍, സൈന്‍ സെക്രട്ടറി പി.ശിവശങ്കരന്, നിര്‍മല്‍ പണിക്കര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: