കോതമംഗലം: കോതമംഗലം താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ ‘സുനാമിഇറച്ചി’ വ്യാപകമായി വില്പ്പനനടത്തുന്നതായി അറിയുന്നു. രോഗം ബാധിച്ച്ചത്തതും, ചാകാറായതും, തമിഴ്നാട്ടില്‍ നിന്ന് കുത്തിനിറച്ച് കൊണ്ടുവരുന്നതിനിടയില്‍ ചത്തതുമായ ഉരുക്കളുടെ ഇറച്ചിയാണ് രാത്രികാലങ്ങളില്‍ താലൂക്കിലെ വിവിധ ഭാഗങ്ങളിലെ അറവ്ശാലകളിലെത്തിച്ച് വില്‍പ്പന നടത്തിവരുന്നതെന്ന് പറയപ്പെടുന്നു.
ഇത്തരത്തില്‍ കൊണ്ടുവരുന്ന ‘സുനാമിഇറച്ചി’ ചില ഹോട്ടലുകളിലും കള്ളുഷാപ്പുകളിലും വിലകുറച്ച് കൊടുക്കുന്നതും പതിവായിട്ടുണ്ട്. നഗരത്തിലെ ചില തട്ടുകടക്കാരും ഹോട്ടലുകാരും ഈ സുനാമിഇറച്ചി സ്വാദിഷ്ടമായ വിഭവമായി തീന്മേശകളിലെത്തിക്കുന്നു.
കോതമംഗലം താലൂക്കില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നാല്പതോളം അറവ്ശാലകളിലേക്ക് അന്യസംസ്ഥാനത്ത് നിന്നും വാഹനത്തില്‍ കുത്തിനിറച്ച് വെള്ളവും ആഹാരവും കിട്ടാതെ പലവിധരോഗങ്ങളാലും യാത്രക്കിടയില്‍ ചത്തുപോകുന്ന ഉരുക്കളെ എത്തിച്ച് അറുത്തശേഷം ‘ഫ്രഷ് ഇറച്ചി’യായി വില്‍പ്പന നടത്തിവരികയാണ്.
ഈ ഉരുക്കളെ വിവിധ അറവ്ശാലകളിലെത്തിക്കുന്നതിന് വന്‍ സംഘംതന്നെ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. മാനദണ്ഡങ്ങള്‍ പാലിക്കാതെ താലൂക്കില്‍ പെരുകുന്ന അറവ്ശാലകള്‍ക്ക് പ്രാദേശികഭരണകൂടങ്ങളോ, ആരോഗ്യവകുപ്പ് അധികൃതരോ യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നില്ലെന്ന് മാത്രമല്ല, ചില പ്രത്യേക രാഷ്ട്രീയ നേതാക്കളുടെ ഒത്താശയും ഇവര്‍ക്കുണ്ട്. ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ഈ അറവ്ശാലകളിലേക്ക് തിരിഞ്ഞുനോക്കാന്‍പോലും സമയമില്ല.
അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ഉരുക്കളെ തൂക്കംകൂട്ടുന്നതിന് ചില പ്രത്യേകമരുന്നുകള്‍ കുത്തിവയ്ക്കുന്നുണ്ട്. ഇതിന്റെഫലമായി ഉരുക്കള്‍ മല-മൂത്രവിസര്‍ജ്ജനം നടത്താതെ ശരീരം വീര്‍ത്ത് തുക്കം വര്‍ദ്ധിക്കുകയും ചെയ്യുമത്രേ.
റംസാന് വ്രതം ആരംഭിച്ചതോടെ ഇറച്ചികച്ചവടം പൊടിപൊടിക്കുന്നതിനിടയില്‍ ഇത്തരത്തിലുള്ള സുനാമി ഇറച്ചി എളുപ്പത്തില്‍ വിറ്റഴിക്കാമെന്ന ലക്ഷ്യത്തിലാണ് ഏജന്റുമാര്‍. ഇത്തരക്കാര്‍ക്കെതിരെ അധികൃതര്‍ കര്‍ശനനടപടി എടുക്കുന്നില്ലെന്ന് വ്യാപകമായ ആക്ഷേപവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: